ഇസ്ലാമാബാദ്: താലിബാന് ഭീഷണിയുള്ള പ്രശസ്ത പാക്കിസ്ഥാന് ഗായിക ഗസാല ജാവേദും പിതാവും വടക്ക് കിഴക്കന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ച രാത്രി തിരക്കേറിയ ദബ്ഗരി ബസാറിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍നിന്നും വരുമ്പോഴാണ് ജാവേദിനും പിതാവ് മുഹമ്മദ് ജാവേദിനും നേര്‍ക്ക് അക്രമികള്‍ തുരുതുരാ വെടിവെച്ചതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഗസാലയുടെ ഇളയ സഹോദരി ഫര്ഹദ്ബീബി പരിക്കേല്‍ക്കാതെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടു.ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരേയും ആരുടെയെങ്കിലും പേരില്‍ കേസെടുക്കാന്‍ ഗായികയുടെ ബന്ധുക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. സംഗീതം ഇസ്ലാം മതത്തിന് എതിരാണെന്ന് പ്രഖ്യാപിച്ച താലിബാന് കഴിഞ്ഞ ചില വര്‍ഷങ്ങളായി കൈബര്‍-പഖ്തുങ്ക് തുടങ്ങിയ മേഖലകളിലെ ഗായകരേയും സംഗീതജ്ഞരേയും വെടിവെച്ചു കോന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: