ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം വ്യക്തമാക്കി. വിജയം ഉറപ്പെങ്കില്‍ മാത്രമേ മത്സരത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് കലാമിന്റെ നിലപാട്.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും വിഷയത്തിന്റെ സമഗ്രതയും പരിഗണിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് കലാം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മമതാ ബാനര്‍ജിയും മറ്റുചില രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരുവട്ടംകൂടി രാഷ്ട്രപതിയാകുവാന്‍ ആഗ്രഹിക്കുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
“അവരുടെ ആഗ്രഹത്തെ മാനിക്കുന്നു. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു. ഒട്ടേറെ പൗരന്മാരും ഇതേ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹവും തന്നോടുള്ള സ്നേഹവുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രശ്നത്തിന്റെ സമഗ്രതയും കണക്കിലെടുത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു”, പ്രസ്താവനയില്‍ കലാം പറഞ്ഞു.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയും കലാമിനെ വിളിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. മത്സരിക്കാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം പ്രതിപക്ഷ നേതാക്കള്‍ക്ക് നല്കിയതത്രെ.
ഇതേസമയം, എന്‍ഡിഎയുടെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജനതാദള്‍ (യു), ശിരോമണി അകാലിദള്‍ തുടങ്ങിയ കക്ഷികള്‍ അറിയിച്ചു. എന്‍ഡിഎ സഖ്യകക്ഷിയെന്ന നിലയില്‍ അതിന്റെ തീരുമാനങ്ങളോട് യോജിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുതിര്‍ന്ന എസ്എഡി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ്സിംഗ് ബാദല്‍, ജനതാദള്‍ (യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ എന്നിവര്‍ വ്യക്തമാക്കി.
എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷിയെന്ന നിലയ്ക്ക് അതിന്റെ നിലപാടുകളെ പിന്തുണക്കാന്‍ ശിരോമണി അകാലിദള്‍ പ്രതിബദ്ധരാണെന്ന് ബാദല്‍ ചണ്ഡിഗഢില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മറ്റ് ഘടകകക്ഷികളെപ്പോലെ ഐക്യജനതാദളും എന്‍ഡിഎയുടെ അന്തിമ തീരുമാനത്തെ മാനിക്കുമെന്ന് നിതീഷ് കുമാര്‍ പാറ്റ്നയില്‍ പറഞ്ഞു. രാഷ്ട്രപതിയെ അഭിപ്രായ സമന്വയത്തിലൂടെ തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം. ഇതിനുള്ള ശ്രമങ്ങളും കൂടിയാലോചനകളും എന്‍ഡിഎയില്‍ തുടരുകയാണ്. സ്വന്തം സ്ഥാനാര്‍ത്ഥിയോ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയോ ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എന്‍ഡിഎക്ക് ആവശ്യത്തിന് സമയമുണ്ട്. ഔദ്യോഗിക തീരുമാനം വന്നശേഷം സഖ്യകക്ഷികള്‍ സ്വന്തം അഭിപ്രായങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജൂലൈ 19ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സഹവരണാധികാരിമാരായി മിസോറാം നിയമസഭാ സെക്രട്ടറി, നുര്ത്താന്സ്വാല, അഡീഷണല്‍ സെക്രട്ടറി വാന്‍ലാല്‍ ഹെങ്ക എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും രണ്ട് ഉദ്യോഗസ്ഥരെ സഹവരണാധികാരിമാരായി തെര. കമ്മീഷന് നിയമിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: