മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി 2006 ഡിസംബര്‍ 25ന് ഉപ്പുതറ ചപ്പാത്തില്‍ സമരം തുടങ്ങിയിട്ട് 2000 ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളം ഒന്നും നേടാതെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും തമിഴരുടെയും പരിഹാസപാത്രമായി തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ രാഷ്ട്രീയ ജാതിമതഭേദമില്ലാതെ എല്ലാ സംഘടനകളും ഈ സമരപ്പന്തലിലേക്ക് ഇരച്ചുകയറുകയും സമരപ്പന്തലുകളും നിരാഹാരസമരങ്ങളും പ്രഖ്യാപിച്ചിട്ടും തമിഴ്നാട് അനങ്ങാപ്പാറനയം തുടര്‍ന്നപ്പോള്‍ അണക്കെട്ട് ഇപ്പോള്‍ പൊട്ടുമെന്ന ഭീതി സൃഷ്ടിച്ച് സര്‍ക്കാര്‍ ഇടുക്കി ഡാമിലെ ജലം ഇല്ലാതാക്കി. ഈ കോലാഹലത്തിന്റെ ഏകഫലം ഇടുക്കി അണക്കെട്ടിലെ ജലം അപ്രത്യക്ഷമാക്കി കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചുവെന്നത് മാത്രമാണ്.
മുല്ലപ്പെരിയാര്‍ ഡാം കാലവര്‍ഷം തുടങ്ങിയപ്പോള്‍ നിറഞ്ഞുതുടങ്ങിയെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനിയും സജീവമായിട്ടില്ല. 1895ല്‍ സുര്‍ക്കിയും ചുണ്ണാമ്പുംകൊണ്ട് നിര്‍മ്മിച്ച ഡാം സുരക്ഷിതമല്ലെന്ന് റൂര്‍ക്കി സര്‍വ്വകലാശാലാ വിദഗ്ധസംഘം മുതല്‍ പല സംഘങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടും മുല്ലപ്പെരിയാര്‍ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകള്‍ ഭൂകമ്പസാധ്യതയുള്ളതാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭൂകമ്പത്തെ അതിജീവിക്കാനാകില്ലെന്നും മാധവ് ഗാഡ്ഗില്‍ സമിതിയടക്കം പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടും സുപ്രീംകോടതി നിയോഗിച്ച, കേരളത്തിലെ നിയമവിദഗ്ധനായ ജസ്റ്റിസ് കെ.ടി.തോമസ് ഉള്‍പ്പെട്ട ഉന്നതാധികാരസമിതി വിധിയെഴുതിയത് തമിഴ്നാടിന് അനുകൂലമായി. അണക്കെട്ട് സുരക്ഷിതമാണെന്നായിരുന്നു ഇത്.
പുതിയ അണക്കെട്ട് വേണമെങ്കില്‍ ആകാമെന്നൊരു വാചകമൊഴിച്ചാല്‍ റിപ്പോര്‍ട്ട് കേരളത്തിനെതിരാണ്. ഇതിനെതിരെ കേരളം, ജലസേചനവകുപ്പ് മന്ത്രിയടക്കം പ്രക്ഷുബ്ധമായെങ്കിലും തമിഴ്നാട് അചഞ്ചലമാണ്. അണക്കെട്ടിലെ വെള്ളം 136 അടിയായി നിലനിര്‍ത്തണമെന്ന ആവശ്യത്തിനുപോലും സമിതി പരിഗണന നല്‍കിയില്ല. ഇപ്പോള്‍ തമിഴ്നാട് അടുത്ത അങ്കത്തിന് കളമൊരുക്കുകയാണ്. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനക്കായി ബോര്‍ഹോള്‍ അടയ്ക്കാനെന്ന വ്യാജേന നൂറുകണക്കിന് സിമന്റ് ചാക്കുകള്‍ അണക്കെട്ടിനടുത്തെത്തിച്ച് അണക്കെട്ട് ബലപ്പെടുത്താനുള്ള ഗൂഢനീക്കത്തിലാണ് തമിഴ്നാട്. ഇങ്ങനെ കൊണ്ടുവന്ന അനേക ചാക്ക് സിമന്റ് കേരളാ പോലീസ് തിരിച്ചയയ്ക്കുകയുണ്ടായി. കോണ്‍ക്രീറ്റിന് പകരം ശക്തമായ മര്‍ദ്ദത്തില്‍ ഗ്രൗട്ട് ബോര്‍ഹോളിലേക്ക് കടത്തിവിടാനുള്ള തന്ത്രമാണ് തമിഴ്നാട് ആവിഷ്ക്കരിച്ചത്. 100 ചാക്ക് സിമന്റുകൊണ്ട് എല്ലാ ബോര്ഹോളുകളും അടക്കാമെന്നിരിക്കെയാണ് ആയിരത്തിലധികം സിമന്റ് ചാക്കുകളാണ് മുല്ലപ്പെരിയാറിലേക്ക് നീങ്ങിയത്. ഡാം ബലപ്പെടുത്തല്‍ ഇപ്പോഴും തുടരുന്നു. മുല്ലപ്പെരിയാര്‍ ഇപ്പോഴും തമിഴ്നാട്ടിലും കത്തിനില്‍ക്കുന്ന വിഷയമാണ്. പുതിയ അണക്കെട്ട് വന്നാല്‍ തമിഴ്നാട് വിഘടിക്കുമെന്നാണ് എഡിഎംകെ നേതാവ് വൈക്കോയുടെ പ്രഖ്യാപനം.
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി അംഗമായിരുന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെ വാദം ഡാം സുരക്ഷിതമാണെന്നിരിക്കെ അല്ല എന്നെങ്ങനെ പറയുമെന്നായിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് കേരളത്തിലെ പല പ്രമുഖരുടെ രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്ന നിലപാടിന്റെ ലക്ഷ്യം ദുരൂഹമാണ്. സമരം കത്തിനില്‍ക്കെ ജയലളിത ഭീഷണിപ്പെടുത്തിയത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലസേചന പ്രദേശത്ത് കേരളത്തിലെ പല പ്രമുഖരും സ്ഥലം വാങ്ങിക്കൂട്ടി കൃഷി നടത്തുന്നുണ്ടെന്നും താന്‍ അവരുടെ വിശദവിവരം പുറത്തുവിടുമെന്നുമായിരുന്നു. കേരളത്തിലെ പല പാര്‍ട്ടി നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കും മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കുന്ന അഞ്ച് ജില്ലകളില്‍ കൃഷിഭൂമിയുണ്ട് എന്നത് വസ്തുത തന്നെയാണ്. തമിഴ്നാട്ടിലെ ഭൂമി വാങ്ങലില്‍ ഇടത്-വലത് ഭേദമില്ല എന്നും ഇത് കേരളത്തിന്റെ സ്വിസ്ബാങ്ക് അക്കൗണ്ടാണെന്നുമുള്ള തിരിച്ചറിവ് ഇന്ന് ജനങ്ങള്‍ക്കുണ്ട്. ഇതുതന്നെയായിരിക്കാം വീറോടെയും വാശിയോടെയും വന്ന മുല്ലപ്പെരിയാര്‍ സമരം ചീറ്റിപ്പോകാന്‍ കാരണം. അന്ന് പിരിവെടുത്ത് ഡാം പണിയുമെന്ന് പ്രഖ്യാപിച്ച് കേരളം അങ്ങോളമിങ്ങോളം ജാഥ നടത്തിയ ഇടതുപക്ഷമോ മുല്ലപ്പെരിയാര്‍ കേരളാ കോണ്‍ഗ്രസിന്റെ സ്വത്താണെന്ന് പ്രഖ്യാപിച്ച കേരളാ കോണ്‍ഗ്രസോ ഇപ്പോള്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുമ്പോള്‍ അവിടെനിന്നുയരുന്ന ഏകസ്വരം ജലസേചനവകുപ്പ് മന്ത്രിയുടെ മാത്രമാണ്. നട്ടെല്ലില്ലാത്ത, സ്വന്തം ജനങ്ങളോടോ അവരുടെ പ്രശ്നങ്ങളോടോ പ്രതിബദ്ധതയില്ലാത്ത കേരള ഇടത്-വലതുപക്ഷ രാഷ്ട്രീയക്കാര്‍ തമിഴ്നാടിന്റെ അഭ്യുദയം കാംക്ഷിക്കുന്ന തമിഴ് നേതാക്കള്‍ക്ക് മുമ്പില്‍ മുട്ടുമടക്കുന്നത്. ഇടവപ്പാതി കനക്കെ, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരവേ, ഹൈറേഞ്ച് വീണ്ടും ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: