തെഹ്റാന്: ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്കു മുന്പില് നയതന്ത്രജ്ഞരുടെ വാഹനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഇറാന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന്റെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ഇറാനിയന്‍ ചാരന്മാരാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാനിയന്‍ ചാരന്മാരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യന്‍ അധികൃതര്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നില്ല. ഇറാനുമായുള്ള എണ്ണ വ്യാപാരമാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഒഴിവാക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
ഇന്ത്യയില്‍ ആക്രമണം നടന്ന അന്നുതന്നെ തായ്ലന്റിലും ജോര്‍ജിയയിലും സമാന ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇരു രാഷ്ട്രങ്ങളും ഇറാനാണ് ആക്രമണം നടത്തിയതെന്ന് ഔദ്യോഗികമായി ഒരു ആരോപണം നടത്താനും തയ്യാറായിട്ടില്ല. ഇറാന്റെ ഇത്തരത്തിലുള്ള ഒരു ആക്രമണം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് യൂറോപ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ എങ്ങനെയാണ് ഇവര്‍ ഇത് ആസൂത്രണം ചെയ്തതെന്നും എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘ദ ഗാര്ഡിയന്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരിയിലെ ആക്രമണത്തിന് പിന്നിലുള്ള പ്രധാന കാരണമെന്താണെന്നത് ഇപ്പോള്‍ മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികാരമോ മേറ്റ്ന്തെങ്കിലും ഉണ്ടോ എന്നതും മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെളിവുകളും സാക്ഷി മൊഴികളും കോടതി രേഖകളും നിരീക്ഷിക്കുമ്പോള്‍ ഫെബ്രുവരി പതിമൂന്ന്, പതിനാല് തീയതികളില്‍ നടന്ന സ്ഫോടന പരമ്പരകള്‍ വലിയ രീതിയിലുള്ള ആസൂത്രണത്തിലൂടെയാണ് നടത്തിയിരിക്കുന്നത്. പത്ത് മാസത്തോളം നീണ്ട ആസൂത്രണ പരിപാടിയിലൂടെയാണ് ആക്രമണം നടത്തിയതെന്നും 12 ഓളം ഇറാനിയന്‍ ചാരന്മാരാണ് ഇതില്‍ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവുകള്‍ പരിശോധിച്ചതില്‍നിന്നും ഏതാണ്ട് 10 ഇറാനിയന്‍ ചാരന്മാരാണ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ആക്രമണത്തിനുള്ള പണവും മറ്റുള്ള സജ്ജീകരണങ്ങളും ഒരുക്കിക്കൊടുത്തത് ഇറാനിയന്‍ ചാരന്മാര് തന്നെയാണ്. ഫോണിലൂടെയാണ് ഇവര്‍ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനിയന്‍ ചാരന്മാരാണെന്ന ആരോപണം അവര്‍ നേരത്തെ തന്നെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: