വടകര: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ സി.പി.എം തലശേരി ഏരിയാ കമ്മറ്റിയംഗം പി.പി. രാമകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണിക്കുന്ന വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രാമകൃഷ്ണന് ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
ഹൃദ്രോഗിയായിരുന്ന രാമകൃഷ്ണനെ കസ്റ്റഡിയിലായശേഷം മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇപ്പോള്‍ ഇദ്ദേഹം മെഡിക്കല്‍ കോളേജില്‍ വിശ്രമത്തിലാണ്. ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്നും മാനഹാനി വരുത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് രാമകൃഷ്ണന് നേരത്തെ നല്‍കിയിരുന്ന ഹര്‍ജിയും കോടതി തള്ളിയിരുന്നു.
രാമകൃഷ്ണനെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി അധികൃതര്‍ ജയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍, വളരെയധികം ശുചിത്വമുള്ള സ്ഥലത്തുവേണം രോഗിയെ താമസിപ്പിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, കോഴിക്കോട് ജില്ലാ ജയിലിലേക്ക് തിരിച്ചുകൊണ്ടുവരാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് രാമകൃഷ്ണനെ മാറ്റാനും ആലോചനയുണ്ട്.
കണ്ണൂരിലെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്നാണ് ജയില്‍ അധികൃതരുടെ കണക്കുകൂട്ടല്‍. തീരുമാനം ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബായിരിക്കും കൈക്കൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: