മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. സുപ്രധാന നിരക്കുകളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിച്ചതെങ്കില്‍ നിരക്കുകളില്‍ വ്യതിയാനം വരുത്താന്‍ ആര്.ബി.ഐ തയാറായിട്ടില്ല. വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് റിപ്പോ നിരക്ക് എട്ട് ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശ റിവേഴ്സ് റിപ്പോ ഏഴു ശതമാനമായും തുടരും.
കരുതല്‍ ധനാനുപാത നിരക്ക് (സി.ആര്.ആര്) 4.75 ശതമാനമായും തുടരും. മൊത്തം നിക്ഷേപത്തിനു ആനുപാതികമായി വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണമാണ് കരുതല്‍ ധനാനുപാതം. നാണയപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറാകാതിരുന്നത്.
റിസര്‍വ് ബാങ്കിന്റെ തീരുമാനം ബിസിനസ് ലോകത്തിന് തിരിച്ചടിയാണ്. സാമ്പത്തിക വളര്‍ച്ച താഴ്ന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ ഒരു ശതമാനം വരെ കുറവ് വരുത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ വളര്‍ച്ചാ നിരക്ക് ഉത്തേജിപ്പിക്കുന്നതിനെക്കാള് പണപ്പെരുപ്പ നിരക്കിലെ വര്‍ദ്ധനയ്ക്ക് തടയിടുകയാണ് തല്ക്കാലം ലക്ഷ്യമിടുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു.
പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിരക്കുകളില്‍ കുറവ് വരുത്തുന്നത് പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനുള്ള സമ്മര്ദ്ദമേറ്റുകയേ ഉള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് നടന്ന വായ്പാവലോകന നയത്തിലാണ് മൂന്ന് വര്‍ഷത്തിനിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: