തിരുവനന്തപുരം: ഇടുക്കിയില്‍ എസ്.എഫ്.ഐ നേതാവ് അനീഷ് രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വി.ജെ.ടി ഹാളിന് മുന്നില്‍ റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.
ഇ.പി ജയരാജനാണ് ഇതുസംബന്ധിച്ച അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുത്തു മുഖ്യമന്ത്രി മടങ്ങിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്കു നേരേ പോലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നു ജയരാജന് പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ പോലും ചെയ്യാത്ത ഭീകര കൃത്യങ്ങളാണു പോലീസ് ചെയ്തത്. അധികാരത്തിന്റെ അഹന്തയാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്. പോലീസിനെ വഴിവിട്ട് ഉപയോഗിക്കുകയാണെന്നും ജയരാജന് കുറ്റപ്പെടുത്തി.
അവതരണാനുമതി തേടിയുള്ള പ്രസംഗത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് പ്രയോഗിച്ച ഗ്രനേഡ് ജയരാജന് ഉയര്‍ത്തി കാട്ടുകയും ചെയ്തു. ഇത് അല്പസമയം സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്കിടയാക്കി. ഗ്രനേഡ് ഇവിടെയിരുന്ന് പൊട്ടിയാല്‍ എന്തുചെയ്യുമെന്ന് സ്പീക്കര്‍ ചോദിച്ചു. ഇത്തരം ഗ്രനേഡുകളോ ആയുധങ്ങളോ സഭയില്‍ കൊണ്ടുവരരുതെന്ന് നിയമം ഉണ്ടെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. ഇത് പിടിച്ചെടുക്കണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരെ വിളിച്ച് ഗ്രനേഡ് വാങ്ങി സഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി.
പോലീസിനു നേരേ കല്ലേറുണ്ടായ സാഹചര്യത്തിലാണ് പോലീസ് നടപടിയുണ്ടായതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നിരവധി പോലീസുകാര്‍ക്കു പരുക്കേല്‍ക്കുകയും അഞ്ചു പോലീസ് വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 21 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അവരെല്ലാം ആശുപത്രി വിട്ടതായും മന്ത്രി വിശദീകരിച്ചു.
സമരം ചെയ്ത പെണ്‍കുട്ടികളോട് പിതൃതുല്യമായ വാത്സല്യത്തോടെയാണ് ഇടപെട്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പിതാവ് കുട്ടികളോട് ഇങ്ങനെ ഇടപെട്ടാല്‍ കുട്ടികളുടെ ഗതി എന്താകുമെന്നായിരുന്നു വി.എസിന്റെ ചോദ്യം. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമയേത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: