കണ്ണൂര്‍: സിപിഎം നേതാക്കളുടേതടക്കമുള്ള ചിത്രങ്ങളും പോസ്റ്ററുകളും സായുധ പോലീസിന്റെ സഹായത്തോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നീക്കം ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരംജയില് എഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതടക്കമുള്ള ചിത്രങ്ങളും പോസ്റ്ററുകളും ജയില്‍ ഉദ്യോഗസ്ഥര്‍ വന്‍ പോലീസ് സന്നാഹത്തോടെ നീക്കം ചെയ്തത്. സംസ്ഥാനത്തെ മറ്റ് ജയിലുകളില്‍നിന്നും ഇത്തരം ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.
സിപിഎം തടവുകാരെ താമസിപ്പിക്കുന്ന സെന്‍ട്രല്‍ ജയിലിലെ എട്ടാംബ്ലോക്കിന്റെ ചുവരുകള്‍ നിറയെ സിപിഎം രക്തസാക്ഷികളുടെയും മണ്മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ നേതാക്കളുടെയും ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഒട്ടിച്ചതും സ്ഥാപിച്ചതുമായ ഈ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ മുന്‍ സര്‍ക്കാരുകളുടെ കാലതൊന്നും ജയില്‍ അധികൃതര്‍ ഒരു നീക്കവും നടത്തിയില്ല. എകെജി മുതലുള്ള സിപിഎം നേതാക്കളുടെ നിരവധി ചിത്രങ്ങള്‍ക്കൊപ്പം ചെഗുവേരയുടെ വര്ണചിത്രങ്ങളും ചുവരില്‍ തൂക്കിയിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ കൂത്തുപറമ്പ്, പാനൂര്‍ മേഖലകളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ ചിത്രങ്ങളുമെല്ലാം ഇന്നലെ നീക്കംചെയ്തവയില്പ്പെടും. പതിച്ച പോസ്റ്ററുകള്‍ മുഴുവനും പറിച്ചു നീക്കി. ചിത്രങ്ങള്‍ നീക്കംചെയ്യുന്നതില്‍ തടവുപുള്ളികളുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകളൊന്നുമുണ്ടായില്ല. നേതാക്കളുടെ ചിത്രം മാറ്റിയയിടങ്ങളില് വെള്ളപൂശുകയും ചെ്തു.
252 ചിത്രങ്ങളാണ് കാലത്ത് 11 മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തിയ പരിശോധനയില്‍ നീക്കം ചെയ്തത്. ഇതില്‍ 65, രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങളും നിരവധി ദൈവങ്ങളുടെ ചിത്രങ്ങളും പെടും. എട്ടാം ബ്ലോക്കില്‍ നിന്നുമാത്രം 53 ചിത്രങ്ങള്‍ മാറ്റി. എട്ടാം ബ്ലോക്കിലേക്കുള്ള പ്രവേശനവഴിയില്‍ ചുവന്ന സിമന്റ് ബെഞ്ചില്‍ കോമ്രേഡ് വി.ജി.ബാബുവിന്റെ സ്മരണക്ക് എന്നെഴുതിയത് മായ്ച്ചു കളഞ്ഞു. എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ, സിനിമാനടി റീമാ കല്ലിങ്കല്‍ എന്നിവരുടെ ചിത്രങ്ങളും നീക്കം ചെയ്തവയില് ഉള്‍പ്പെടുന്നു. പരിശോധനക്കിടെ അഞ്ചാം ബ്ലോക്കില്‍ നിന്നു മൊബെയില്‍ ഫോണും ഒന്നും മൂന്നും ബ്ലോക്കില്‍ നിന്നു രണ്ട് ചാര്‍ജറുകളും കണ്ടെടുത്തു.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞ മാസം 21ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ജയിലിനുള്ളില്‍ രാഷ്ര്ടീയ നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ചിട്ടുള്ള വിവരം പുറം ലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന് ചിത്രങ്ങള്‍ നീക്കം ചെയാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ രാഷ്ര്ടീയ നേതാക്കളുടേയും സിനിമാ നടീ-നടന്മാരുടേയും അടക്കം 500ഓളം ചിത്രങ്ങളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ 350 എണ്ണവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ഹൈന്ദവദൈവങ്ങളുടേയും ക്രിസ്തുവിന്റേയും ശ്രീനാരായണ ഗുരുവിന്റേയും ചിത്രങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ജയില്‍ മതിലുകളില്‍ പതിച്ചിട്ടുണ്ടെന്നും വ്യക്തമായിരുന്നു. ജയിലിലെ ചിത്രങ്ങള്‍ തടവുകാരുടെ കലാസൃഷ്ടികളാണെന്നു പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു.
ഉത്തരമേഖല ജയില്‍ ഡിഐജി രാധാകൃഷ്ണന്, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ശിവദാസ് കെ.തൈപറമ്പില്‍, ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് ദേവദാസ്, കോഴിക്കോട് ജില്ലാ സ്പെഷ്യല്‍ ജയില്‍ സൂപ്രണ്ട് അശോകന് കരിപ്പ, തലശേരി സബ്ജയില്‍ സൂപ്രണ്ട് അജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രങ്ങളും പോസ്റ്ററുകളും നീക്കം ചെയ്തത്. കെ.എ.പിയിലെ പോലീസുകാരാണ് പരിശോധനയില്‍ പങ്കെടുത്തത്. ജയിലുകളില്‍ പരിശോധന തുടരുമെന്ന് ജയില്‍ ഡിഐജി രാധാകൃഷ്ണന് പറഞ്ഞു. തടവു പുള്ളികള്‍ വരയ്ക്കുന്ന ചിത്രം ജയിലിനുള്ളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഇവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ എക്സിബിഷന് മുറി സജ്ജമാക്കാന്‍ ആലോചിക്കുന്നുണ്ട്. ദൈവങ്ങളുടെ ചിത്രം ജയിലിനുള്ളിലെ ആരാധനാലയങ്ങളില്‍ വെക്കാന്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ജയില്‍ ഉപദേശക സമിതിയുമായി ചേര്ന്നുഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുമെന്നും ഡിഐജി രാധാകൃഷ്ണന് അറിയിച്ചു.
പടങ്ങളും മറ്റും നീക്കം ചെയ്യുമ്പോള്‍ സിപിഎം തടവുകാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളുണ്ടാകുമെന്ന് സൂചനയുണ്ടിയാരുന്നുവെങ്കിലും മാറിയ സാഹചര്യത്തില്‍ അങ്ങിനെയൊന്നുമുണ്ടായില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: