കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഒഞ്ചിയം സ്വദേശികളായ രണ്ട് പേരെയാണ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യംചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഷാജിയില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഷാജിയില്‍ നിന്ന് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. റിമാന്റില്‍ കഴിയുന്ന മുഖ്യപ്രതി കൊടിസുനി, സിജിത്ത് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്. കൊടിസുനിയെ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞ ദിവസം തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയിരുന്നു.
നേരത്തെ റിമാന്റിലായിരുന്ന കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.സി. അനൂപ് എന്നിവരെ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.പി.രാമകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം രാമകൃഷ്ണനെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയായ സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിയ്ക്കും. അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട് കേസ് ഡയറി ഹൈക്കോടതിയില്‍ ആയതിനാല്‍ ശനിയാഴ്ച ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനാലാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
ടി.കെ. രജീഷുമായി മുംബൈയിലെത്തിയ അന്വേഷണ സംഘം ഇന്നലെയും വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: