തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പ്രകമ്പനം യുഡിഎഫില്‍ തുടങ്ങി. മന്ത്രിസഭ അഴിച്ചു പണിയണമെന്ന ആവശ്യം അണിയറയില്‍ രൂപപ്പെടുന്നു. മന്ത്രിസ്ഥാനം വേണ്ടെന്ന് നേരത്തെ പ്രസ്താവിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ‘ഇനി ഒരു കൈ നേക്കാം’ എന്ന മട്ടിലായി. രമേശ് കെപിസിസി പ്രസിഡന്റായി തുടരണമെന്ന ഉറച്ച അഭിപ്രായം കെ.മുരളീധരനുണ്ട്. അതിന്റെ ലക്ഷ്യം മറ്റൊന്നാണ്. മന്ത്രിസ്ഥാനത്തേക്ക് നോട്ടമിട്ടു കൊണ്ടാണത്. ഏതായാലും രാഷ്ട്രപതി തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ ചര്‍ച്ച മന്ത്രിസഭാ പുനസ്സംഘടന തന്നെയാകും.
രമേശ് ചെന്നിത്തല മുഖ്യമന്ത്രി മോഹം നടക്കില്ലെന്ന് ഉറപ്പിച്ചതോടെ ആഭ്യന്തര മന്ത്രിയാകാന്‍ തയ്യാറെടുക്കുകയാണ്. നെയ്യാറ്റിന്‍കരയിലെ വിജയത്തോടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അംഗബലം വര്‍ധിച്ചതോടെയാണ് ഇനി മന്ത്രിസഭാപ്രവേശമാകാമെന്ന് ചെന്നിത്തല കണക്കുകൂട്ടുന്നത്. ഇത് കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കും. ഇങ്ങനെ സംഭവിച്ചാല്‍ മന്ത്രിസഭയെ ആകെ ഉടച്ചുവാര്‍ക്കേണ്ടി വരുമെന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തെയും മൂര്ച്ഛിപ്പിച്ചേക്കും. ഐ ഗ്രൂപ്പുകാരനായ വി.എസ്.ശിവകുമാര്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് രമേശിന് കളമൊരുക്കുമെന്നാണ് സൂചനകള്‍.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്തുമ്പോള്‍ ആര് മന്ത്രിസ്ഥാനമൊഴിയും എന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. മന്ത്രിയെന്ന നിലയില്‍ ഒട്ടും ശോഭിക്കാന്‍ ശിവകുമാറിനായിട്ടില്ലെന്ന ആക്ഷേപത്തിന് ഇത് പരിഹാരവുമാകും. ആഭ്യന്തര മന്ത്രിയായി ചെന്നിത്തലയെത്തുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വകുപ്പുമാറേണ്ടി വരും. കോണ്‍ഗ്രസ് മന്ത്രിമാരില്‍ രണ്ടാമനായി കല്‍പ്പിക്കപ്പെടുന്ന തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചാല്‍ അത് പ്രശ്നങ്ങളെ വഷളാക്കുകയേ ഉള്ളൂ. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ തിരുവഞ്ചൂരിനോട് വകുപ്പ് മാറാന്‍ പറയാന്‍ മുഖ്യമന്ത്രിക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്.
എന്നാല്‍ തിരുവഞ്ചൂര്‍ ആഭ്യന്തരമൊഴിഞ്ഞ് ആരോഗ്യവകുപ്പ് ഏറ്റെടുക്കുകയാകും ചെയ്യുക. ഇതോടൊപ്പം മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരുത്തേണ്ടി വരും. നേരത്തെ അഞ്ചാം മന്ത്രിവിഷയം പാരമ്യത്തില്‍ നില്ക്കുമ്പോള് സമുദായ സന്തുലനം ഉറപ്പാക്കാനായി രമേശിനെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അന്ന് ഇതിന് കൂട്ടാക്കാതിരുന്ന ചെന്നിത്തലക്ക് നെയ്യാറ്റിന്‍കരയിലെ വിജയമാണ് മന്ത്രിസഭയില്‍ അംഗമാകാന്‍ പ്രേരണയാകുന്നത്. ഇതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കാര്യമായ എതിര്‍പ്പൊന്നുമില്ല. രമേശിനെ മന്ത്രിസഭയില്‍ കൊണ്ടുവരുന്നതില്‍ ഹൈക്കമാന്‍ഡിനും എതിര്‍പ്പുണ്ടാകില്ല.
അതേസമയം ശെല്‍വരാജിന്റെ വിജയത്തോടെ നാടാര്‍ സമുദായത്തില്‍പ്പെട്ട ഒരാളെ മന്ത്രിയാക്കണമെന്ന സമ്മര്‍ദ്ദം കൂടി കോണ്‍ഗ്രസിന് മേല്‍ ഉണ്ടാകും. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു സമയത്ത് ഇക്കാര്യം ഉന്നയിച്ച് വിഎസ്ഡിപി പരസ്യപ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്‍.ശക്തനെ മന്ത്രിയാക്കണമെന്ന ആവശ്യമാണ് ശക്തം. വോട്ടെടുപ്പു ദിവസം പോളിംഗ് ശതമാനം കൂട്ടാന്‍ യുഡിഎഫ് നേതൃത്വം നെയ്യാറ്റിന്‍കരയിലെ സഭകള്‍ക്കു നല്‍കിയിട്ടുള്ള ഒടുവിലത്തെ വാഗ്ദാനം നാടാര്‍ക്കൊരു മന്ത്രി എന്നായിരുന്നു. അതുകൊണ്ടു തന്നെ മന്ത്രിസഭാ പുനസ്സംഘടന കോണ്‍ഗ്രസിന് വലിയൊരു കീറാമുട്ടിയായി തീരുക തന്നെ ചെയ്യും.
കെപിസിസി പുനസ്സംഘടന അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രമേശ് ആഭ്യന്തര മന്ത്രിയായാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം മറ്റൊരാള്‍ക്ക് കൊടുക്കേണ്ടി വരും. ജി.കാര്‍ത്തികേയന്റെയോ വി.എം.സുധീരന്റെയോ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ജി.കാര്ത്തികേയന് ഗ്രൂപ്പുകള്‍ക്ക് അതീതനായി എല്ലാവര്ക്കും സമ്മതനാണെന്നതിനാല് ഇക്കാര്യത്തില്‍ അദ്ദേഹത്തിനായിരുക്കും പ്രഥമ പരിഗണന. എന്നാല്‍ ഇങ്ങനെയുള്ള ആലോചനയില്‍ അവസാന തീരുമാനം കാര്‍ത്തികേയന്റേത് തന്നെയാകും. അദ്ദേഹത്തിന് സ്പീക്കര്‍സ്ഥാനത്ത് തുടരാനാണ് താത്പര്യമെങ്കില്‍ ഈ നീക്കം പാളുകയും ചെയ്യും. ശിവകുമാര്‍ ഒഴിയുമ്പോള്‍ മന്ത്രിപദവി തിരുവനന്തപുരത്തുള്ള എംഎല്‍എക്ക് ലഭിക്കണമെന്ന ആവശ്യമാകും മുരളീധരനു വേണ്ടി ഉയരുക. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നാണ് മുരളി സഭയിലെത്തിയത്. വരും നാളുകളില്‍ മന്ത്രിസഭാ വികസന ചര്‍ച്ചയാകും കോണ്‍ഗ്രസില്‍ സജീവമാകുക.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: