മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മരതൂര്‍ യു പി സ്കൂള്‍ അടച്ചുപൂട്ടുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ പ്രചരണത്തിനെതിരെ സ്കൂള്‍ പേരന്റസ് ടീച്ചേഴ്സ് അസോസിയേഷന് രംഗത്ത്. പ്രസിഡന്റ് സത്യവിരുദ്ധവും അവാസ്തവവും സ്കൂളിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ് പ്രചരണമെന്ന് പിടിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്കൂളിലെ കുട്ടികള്‍ പെരുവഴിയിലല്ലെന്നും അവര്‍ക്ക് അര്‍ഹതപ്പെട്ട വിദ്യാഭ്യാസവും സംരക്ഷണവും പിടിഎ നല്‍കുമെന്നും അവര്‍ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്കൂളില്‍ അദ്ധ്യാപകരെല്ലാം പി എസ് സി നിയമനം വഴി വന്നവരാണെന്നും ദൂരെ നിന്നും യാത്ര ചെയ്ത് എത്തുന്ന ഇവര്‍ക്ക് വീടിനടുത്തുള്ള സ്കൂളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടുകയും കഴിഞ്ഞ മെയ് 31ന് സ്ഥലംമാറ്റ ഉത്തരവ് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍ കൂട്ടത്തോടെ സ്ഥലം മാറിപോകുന്നത് ഒഴിവാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരോട് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് പിടിഎ നേരിട്ട് എ ഇ ഒ, ഡി ഡി ഇ എന്നിവരെ അറിയിക്കുകയും തുടര്‍ന്ന് ഒന്നര ആഴ്ചകൂടി അദ്ധ്യാപകര്‍ ഇവിടെ പഠിപ്പിക്കുകയും ചെയ്തു.
പോകുന്ന അദ്ധ്യാപകര്‍ക്ക് പകരമായി എം എല്‍ എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഇടപെടലിനെ തുടര്‍ന്ന് ദിവസക്കൂലിക്ക് അദ്ധ്യാപകരെ നിയമിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി പരിചയമുള്ള അദ്ധ്യാപകരെ ഇവിടെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ഇവര്‍ ക്ലാസുകള്‍ സുഗമമായി കൊണ്ടുപോകവെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്കൂള്‍ പൂട്ടുന്നുവെന്ന രീതിയില്‍ പ്രഖ്യാപനം നടത്തുകയും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ ആശങ്ക പടര്‍ത്തുകയും ചെയ്തിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവനയെത്തുടര്‍ന്ന് രക്ഷിതാക്കളില്‍ ഉണ്ടായിട്ടുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് 18ന് വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥരുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തില്‍ പൊതുയോഗം വിളിക്കുവാന്‍ തീരുമാനിച്ചതായി പിടിഎ പ്രസിഡന്റ് ബെന്നി വെട്ടിയാങ്കല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: