ഫാസിസത്തിന് അടിസ്ഥാനമായ നാലു തത്വശാസ്ത്രംപോലെ അതിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒമ്പതു ലക്ഷണങ്ങളുമുണ്ട്. അതിലൊന്നാമത്തേത് ഏക കക്ഷി രാഷ്ട്രീയം. ഒരു രാജ്യത്ത് ഒരു പാര്‍ട്ടിയെ പാടുളളൂ എന്നതാണ് അത്. ജനാധിപത്യം ബുദ്ധിശൂന്യവും അപ്രായോഗികവും എന്നാണ് ഫാസിസത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന മുസ്സോളിനിയുടെ പ്രഖ്യാപനം. ഇതുതന്നെ കമ്മ്യൂണിസത്തിന്റെ അടയാളവും.
കമ്മ്യൂണിസം ശക്തിപ്രാപിച്ചിടത്തൊക്കെ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടു. എതിരഭിപ്രായക്കാരെ പ്രതി വിപ്ലവകാരികള്‍, വര്‍ഗ്ഗശത്രു തുടങ്ങിയ പേര് ചൊല്ലി ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയില്‍പ്പെടുത്തി നിഷ്ക്കരുണം കൊന്നൊടുക്കി. കേരളത്തില്‍ കമ്മ്യൂണിസം ശക്തിപ്രാപിച്ച സ്ഥലങ്ങളിലൊന്നും ജനാധിപത്യ പ്രക്രിയ നടക്കാറില്ല. മാര്‍ക്സിസ്റ്റുപാര്‍ട്ടി വിട്ടുപോകുന്നവരേയോ, താത്വികമോ സംഘടനാപരമോ ആയി എതിര്‍ക്കുന്നവരേയോ ജീവിക്കാനനുവദിക്കാറില്ല. പാര്‍ട്ടി ഗ്രാമങ്ങള്‍ ജനാധിപത്യത്തിന്റെ കശാപ്പുശാലകളായി മാറി.
വിയോജിക്കുവാനുളള അവകാശം വിയോജിക്കപ്പെടുന്നവന് അനുവദിച്ചുകൊടുക്കുന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥിസംഘടനയായ എസ്.എഫ്.ഐ. ശക്തിപ്രാപിച്ച കാമ്പസ്സുകളില്‍ മറ്റു വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനം സ്വതന്ത്രമായി നടത്താന്‍പോലും അനുവദിക്കാറില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകന്റെ പുറത്ത് കത്തികൊണ്ട് എസ്.എഫ്.ഐ. എന്നെഴുതിയത് ഒരു ഉദാഹരണം മാത്രം.
തിരുവനന്തപുരത്ത് പിരിവു നല്‍കാത്ത ബാങ്ക് ഉദ്യോഗസ്ഥന്റെ കണ്ണ് അടിച്ചുപൊട്ടിച്ചതും മാവേലിക്കരയില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച അവരുടെ തന്നെ വനിതാ ജനപ്രതിനിധിയുടെ മേല്‍ കരിഓയില്‍ ഒഴിച്ചതും കണ്ണൂരിലെ വിനീതാ കോട്ടായിയെന്ന വിധവയേയും മക്കളേയും ജീവിക്കാനനുവദിക്കാത്തതും തളിപ്പറമ്പില്‍ എസ്.എന്‍.ഡി.പി. പ്രവര്‍ത്തകരെ ഊരു വിലക്കിയതും എല്ലാം ജനാധിപത്യത്തിന്റെ അംശം പോലും സഹിക്കാന്‍ പറ്റാത്തതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്.
തെരഞ്ഞെടുപ്പുകളില്‍ മാര്ക്സിസ്റ്റുപാര്ട്ടിഗ്രാമങ്ങളിലെ ബൂത്തുകളില്‍ എതിര്‍കക്ഷികളുടെ പ്രതിനിധികളെ ഇരിക്കാന്‍പോലും അനുവദിക്കാറില്ല. അതിന്റെ നല്ലൊരു ഉദാഹരണമാണ് കണ്ണൂരിലെ മലപട്ടം പഞ്ചായത്ത്. അവിടുത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിമെമ്പര്‍മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു എന്നായിരുന്നു പ്രഖ്യാപനം. എതിര്‍ക്കാന്‍ അനുവദിച്ചിട്ടില്ല എന്നതാണ് കൂടുതല്‍ ശരി.
പരിയാരം മെഡിക്കല്‍ കോളേജിന്റെ തെരഞ്ഞെടുപ്പില്‍ ഐഡന്റിറ്റി കാര്‍ഡുളള മിക്കപേരേയും വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അധികാരം പിടിച്ചെടുത്ത മൃഗക്കൊഴുപ്പിന്റെ വിളയാട്ടം മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലൂടെ നാം നേരില്‍ കണ്ടതാണ്.
കേരളത്തിലെ ആദ്യത്തെ നാലു രാഷ്ട്രീയ കൊലപാതകങ്ങളും മാര്‍ക്സിസ്റ്റുകാരുടെ സംഭാവനയാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെസ്വന്തം നാടാക്കിയതിന്റെ മുഴുവന്‍ അവകാശവും മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. തലശ്ശേരിയെ കൊലശ്ശേരിയാക്കിമാറ്റി. ആ നാലുപേരും ചെയ്ത തെറ്റ് ആര്.എസ്.എസില്‍ ചേര്‍ന്നു എന്നതു മാത്രമായിരുന്നു. ആദ്യത്തെ ഇര വാടിക്കല്‍ രാമകൃഷ്ണന്. 1969 ല്‍ രാമകൃഷ്ണനെ വെട്ടിക്കൊന്നു. പല തവണ വിലക്കു ലംഘിച്ച് ആര്.എസ്.എസ്. ശാഖയെടുത്തു എന്നതാണ് രാമകൃഷ്ണന് ചെയ്ത തെറ്റ്.
പിന്നീട് 1978 ല്‍ പാനുണ്ടയില്‍ ചന്ദ്രന്. 1975 ലെ അടിയന്തരാവസ്ഥയെന്ന കോണ്‍ഗ്രസ്സിന്റെ കിരാതഭരണത്തെ എതിര്‍ത്ത് ജനാധിപത്യം തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് യുവാക്കള്‍ തെറ്റിദ്ധരിച്ചു. പക്ഷേ, വിപ്ലവസിംഹങ്ങള്‍ അനങ്ങിയില്ല. ഭയപ്പെട്ടു മിണ്ടാതിരുന്നു.
അടിയന്തരാവസ്ഥയെ എതിര്‍ക്കുമെന്നു തെറ്റിദ്ധരിച്ച് അറസ്റ്റു ചെയ്യപ്പെട്ട പാര്‍ട്ടി നേതാക്കന്മാരെ ഏതാനും നാള് കഴിഞ്ഞപ്പോള്‍ പുറത്തുവിട്ടു. അവര്‍ പ്രതിവിപ്ലവ വഞ്ചന ചെയ്തില്ല. അടിയന്തരാവസ്ഥക്കാലം മുഴുവനും ജയിലില്‍ കിടന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആരുമില്ല.
ഈ സമയം വര്‍ഗ്ഗീയവാദികളെന്നും ബൂര്‍ഷ്വകളെന്നും മുദ്രയടിക്കപ്പെട്ടവര്‍ മറുവശത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ഏകാധിപത്യത്തെ ചെറുത്തതിനു മുന്നില്‍ ആര്.എസ്.എസ്. ആയിരുന്നു. ലോകസംഘര്‍ഷസമിതി രൂപീകരിച്ച് ഭാരതത്തിലും വിദേശത്തും വിപുലമായ പ്രവര്‍ത്തന ശൃംഖല ഉണ്ടാക്കി. അതിതീഷ്ണമായ അഹിംസാസമരത്തില്‍ ഏര്‍പ്പെട്ട് പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങളേറ്റുവാങ്ങി സ്വാതന്ത്ര്യപ്പോരാട്ടം നടത്തുന്ന സമരഭടന്മാരുടെ ത്രസിപ്പിക്കുന്ന പ്രകടനം കണ്ട് വിപ്ലവവീര്യമുളള യുവാക്കള്‍ ആവേശം കൊണ്ടു. അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ ഈ യുവാക്കളൊന്നാകെ വിപ്ലവപാര്‍ട്ടിയെ ഉപേക്ഷിച്ചു. കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പു തടയാന്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടി വഴിയന്വേഷിച്ചു. കൊലപാതകം മാര്‍ഗ്ഗമായും കൊടുവാള് ഉപകരണമായും സ്വീകരിച്ചു.
കണ്ണൂരിലെ രണ്ടാമത്തെ ഇരയേയും ഒലിച്ചുപോക്കിന്റെ ആദ്യ ഇരയേയും അടയാളപ്പെടുത്തി. പാനുണ്ട ചന്ദ്രന് എന്ന വിദ്യാര്‍ത്ഥി. രണ്ടാംവര്‍ഷ ബിരുദക്കാരന്. ആര്..എ്സ്.എസ്. ശാഖയെടുക്കുന്ന മുഖ്യശിക്ഷകന്‍. അതിലുപരി ബീഡിത്തൊഴിലാളിയും പാര്‍ട്ടിപ്രവര്‍ത്തകനുമായ ഒരു സഖാവിന്റെ മകന്.
ഈ തെരഞ്ഞടുപ്പിന് പ്രത്യേക കാരണമുണ്ടായിരുന്നു. ആര്‍എസ്എസ് ശാഖയെടുക്കുന്നവന്റെ അനുഭവത്തെ കാണിച്ചുകൊടുക്കുക. പാര്‍ട്ടി കുടുംബത്തില്് നിന്ന് പോയാല്‍ ഉണ്ടാകാവുന്ന അനുഭവം ബോദ്ധ്യപ്പെടുത്തുക. പാര്‍ട്ടിയെ എതിര്‍ത്താലുണ്ടാകാവുന്ന അവസ്ഥ എന്തെന്ന് മനസ്സിലാക്കിക്കുക മുതലായവ ലക്ഷ്യം. കണ്ണൂരിലെ ജനാധിപത്യത്തിന്റെ തത്വശാസ്ത്രം!
ചന്ദ്രനെ ശാഖയെടുത്തുകൊണ്ടിരിക്കുമ്പോള് കുട്ടികളുടെ ഇടയിലിട്ടു വെട്ടിക്കൊന്നു. തുടര്‍ന്ന് രണ്ടുപേരെകൂടി കൊലക്കത്തിക്കിരയാക്കി.
വിയോജിക്കുന്നവന് ജീവിക്കാന്‍ നിവൃത്തിയില്ലെന്നുവന്നു. പ്രതിഷേധം വെറും വിലാപം മാത്രം. സഹനം വെറും കീഴടങ്ങലായി. ഒഴിഞ്ഞുമാറല്‍ പലായനമായി കണക്കാക്കപ്പെട്ടു. അടിച്ചമര്‍ത്തല്‍ അസഹ്യമായപ്പോള്‍ പ്രതിരോധത്തിന് തിരിച്ചടിക്കേണ്ടിവന്നു. നാല് അരുംകൊലകള്‍ക്ക് ശേഷം മാത്രമാണ് പാര്‍ട്ടിയ്ക്കും പരിക്കുപറ്റിത്തുടങ്ങിയത്.
ഇങ്ങനെ മേറ്റ്ല്ലാവരേയും പാര്‍ട്ടി നേരിട്ടു. കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാരുടെ അക്രമത്തിനു വിധേയരാകാത്ത ഒറ്റ സംഘടയും ഇല്ല. കുറച്ചുനാള്‍ മുമ്പ് കെപിസിസി സെക്രട്ടറി പങ്കെടുത്ത ഒരു കോണ്‍ഗ്രസ് സമ്മേളനം കണ്ണൂരില്‍ നടന്നു, അടികൊണ്ടവരുടെ കണ്വന്ഷന്! മുസ്ലീം ലീഗിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. എന്തിന് സി.പി.ഐ. കണ്ണൂര്‍ കളക്ട്രേറ്റിന് മുമ്പിലും സെക്രട്ടറിയേറ്റിന് മുമ്പിലും സത്യഗ്രഹം ഇരുന്നിട്ടുണ്ട്. മാര്‍ക്സിസ്റ്റുകാരുടെ ഉപദ്രവം സഹിക്കവയ്യാതെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ചോദിച്ചുകൊണ്ടായിരുന്നു സത്യഗ്രഹം.
ഇതാണ് ഫാസിസത്തിന്റെ രണ്ടാമത്തെ ലക്ഷണം. അതിന്റെ ഏറ്റവും കൃത്യമായ വക്താക്കളാണ് മാര്ക്സിസ്റ്റകാര്. അണികളിലാരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അവര്‍ ശിക്ഷിക്കപ്പെട്ടിരിക്കും. നേതാക്കളാണെങ്കില്‍ പോലും ഇതിനു മാറ്റമില്ല. റഷ്യയില്‍ സ്റ്റാലിന് സംശയത്തിന്റെ പേരില്‍ കൂടെ നിന്നവരെപ്പോലും കൊന്നൊടുക്കി. ഇവിടെ കേരളത്തില്‍ കെ.ആര്.ഗൗരിയും എം.വി.രാഘവനുമൊക്കെ ഇരകളാണ്. രാഘവന് കാലങ്ങളോളം വേട്ടയാടപ്പെട്ടു. ആയുര്‍ബലം കൊണ്ടു മാത്രം രക്ഷപെട്ടതാണ്.
പാര്‍ട്ടിയുടെ താല്പര്യത്തിന് എതിരുനില്‍ക്കുന്നവരെ ബലം പ്രയോഗിച്ചു ഇല്ലാതാക്കുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യേണ്ടതാണ്. ഫാസിസത്തിന്റെ മൂന്നാമത്തെ ലക്ഷണമാണിത്. ബലപ്രയോഗത്തിലൂടെ ജനങ്ങളെ ഭയപ്പെടുത്തിയും വിരുദ്ധരെ അമര്‍ച്ച ചെയ്തും ഭരണം നടത്തലാണ് ഫാസിസം. മുസ്സോളിനിയും ഹിറ്റ്ലറും അതു പൂര്‍ണ്ണമായും നടപ്പാക്കി. സ്റ്റാലിനും ഡെങ്ങും അനുകരിച്ചു. പോള്‍പോട്ട് കംബോഡിയായില്‍ ഫലപ്രദമായി ചെയ്തു. ബംഗാളിലും കേരളത്തിലും മാര്‍ക്സിസ്റ്റുകള്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരുന്നു.
നന്ദിഗ്രാമില്‍ പാവപ്പെട്ട കര്‍ഷകരേയും തൊഴിലാളികളേയും പോലീസും പാര്‍ട്ടിപ്രവര്‍ത്തകരും ഒപ്പം നിന്ന് വെടിവച്ചുകൊന്നത് ഫാസിസത്തിന്റെ നടപ്പാക്കലിന് ഒട്ടും വീഴ്ച പറ്റാതിരിക്കാനാണ്. കേരളത്തില്‍ സാധാരണക്കാരന്റെ കാര്‍ഷികവിളകള്‍ വെട്ടിനിരത്തി അവന്റെ ജീവിതം തന്നെ വെട്ടിവീഴ്ത്തിയതിന്റെ നേതൃത്വം ഇന്നു മിശിഹായാകാന്‍ കൊതിക്കുന്ന അച്യുതാനന്ദന് അവര്‍കളായിരുന്നു. സ്വന്തം ഭൂമിക്കു മേലുള്ള അവകാശം പോലും നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്തത്. തൊഴിലാളികളെ കിട്ടാതെ വിളകൊയ്യാന്‍ വിഷമിച്ച കര്ഷകന് യന്ത്രമിറക്കാന് തയ്യാറായപ്പോള്‍ അതു തടഞ്ഞ് ജീവിതം വഴിമുട്ടിച്ചപ്പോഴും പാര്ട്ടിക്കുവേദനയില്ലാത്തത് ബലം പ്രയോഗിച്ച് അധികാരം നടപ്പാക്കാം എന്ന സിദ്ധാന്തം ഫാസിസത്തില്‍ ഉള്ളതുകൊണ്ടാണ്.
പാര്‍ട്ടി വിട്ടവരെ കൊല്ലുന്നതും ഗ്രൂപ്പമാറിയവരെ മര്‍ദ്ദിക്കുന്നതും പിരിവുകൊടുക്കാത്തവരെ ആക്രമിക്കുന്നതും വിമര്‍ശിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നതും മാര്‍ക്സിസ്റ്റ് വഴക്കമാണ്, ഫാസിസ്്റ്റ് ലക്ഷണവും.
ഇതാണ് ഫാസിസത്തിന്റെ നാലാമത്തെ ലക്ഷണം. രാജ്യതാല്പര്യത്തിനുവേണ്ടി ജനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. അതിന് ടി.വി., റേഡിയോ, സിനിമ ഒക്കെ ചൊല്പടിയില് നിര്‍ത്തണം. ഇവിടെ കമ്മ്യൂണിസ്റ്റുകള്‍ക്ക് രാജ്യതാല്പര്യമില്ലാത്തതുകൊണ്ട് പാര്‍ട്ടി താല്പര്യമെന്നു തിരുത്തി മനസ്സിലാക്കണം. ടി.വി.യും റേഡിയോയും നിയന്ത്രിക്കാനധികാരം കിട്ടാത്തതുകൊണ്ട് അതു സാധിച്ചില്ല. എന്നാല്‍ കേരളത്തില്‍ കലാസാഹിത്യരംഗം പരമാവധി കയ്യടക്കാന്‍ പറ്റിയിട്ടുണ്ട്. ചിന്തകളേയും വികാരങ്ങളേയും സ്വാധീനിക്കാന്‍ അതുവഴി കഴിയും. സ്ഥാനമാനങ്ങള്‍ നല്കി, അവാര്‍ഡും അടുത്തൂണും നല്കി ഒട്ടുവളരെപ്പേരെ കൂടെ നിര്‍ത്തി. അധികാരം കിട്ടുമ്പോഴൊക്കെ സാംസ്കാരിക സ്ഥാപനങ്ങളില്‍ തങ്ങളുടെ കാവല്ക്കാരെ തലപ്പത്തിരുത്തും.
തങ്ങളെ എതിര്‍ക്കുന്ന അഥവാ അനുകൂലിക്കാത്ത കലാ സാഹിത്യകാരന്മാരെ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ എന്നു വിളിക്കും. ബൂര്ഷ്വാസാഹിത്യകാരന് എന്നാക്ഷേപിക്കും. വര്‍ഗ്ഗീയവാദിയെന്നു മുദ്രകുത്തും. ഇതില്‍ ഭയമുള്ളവര്‍ സത്യം പറയാന്‍ ധൈര്യമില്ലാത്തവരായി നിശ്ശബ്ദരാകും. എന്തെങ്കിലും വിയോജിപ്പുള്ളവരെ വേട്ടയാടും. എതിര്‍പ്പിന്റെ ലാഞ്ചന കൂടെനില്ക്കുന്നവര് കാണിച്ചാല്‍ പോലും വെറുതെ വിടില്ലെന്നതിന്റെ നേര്‍സാക്ഷ്യങ്ങളായി സക്കറിയയും സി.വി.ബാലകൃഷ്ണനും നമ്മുടെ മുന്നില്‍ നില്ക്കുന്നു. ഇങ്ങനെ മാര്‍ക്സിസ്റ്റ് സാസ്കാരികമേഖലയെ തങ്ങളുടെ ചൊല്പ്പടിയില് നിര്‍ത്തുകയെന്നത് മാര്‍ക്സിസ്റ്റുകാരുടെ എന്നത്തെയും സ്വഭാവമാണ്.
സമരോത്സുകതയ്ക്ക് ഉദാഹരണങ്ങള്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. സമരമില്ലാതെ പാര്‍ട്ടിക്ക് ജീവിക്കാന്‍ സാധ്യമല്ല. അര്‍ത്ഥശൂന്യമായ എത്രയോ സമരങ്ങളില്‍ യുവാക്കളെ ബലിയാടാക്കി. കേരളത്തിലെ വിളനിലം സമരം, പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധസമരം, സ്വാശ്രയകോളേജ് വിരുദ്ധസമരം, കമ്പ്യൂട്ടര്വല്ക്കരണവിരുദ്ധസമരം, സ്മാര്‍ട്ട്സിറ്റി വിരുദ്ധം, വെട്ടിനിരത്തല്‍, എം.വി.രാഘവന് വേട്ട തുടങ്ങി എത്രയോ സമരങ്ങള്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തി. പല നേട്ടങ്ങള്‍ ഇതുകൊണ്ട് പാര്‍ട്ടി ഉണ്ടാക്കി. അണികളെ സജീവമാക്കി നിര്‍ത്താന്‍ പറ്റി. കേസില്‍ കുടുക്കിയും പിന്നീട് അവര്‍ക്ക് ജീവിതോപായം നല്കി എന്നു തെറ്റിദ്ധരിപ്പിച്ചും കൂടെ നിര്‍ത്തി.
സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകള്‍ തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ പിന്‍വലിച്ച രക്ഷാകര്‍ത്തൃത്വ ഭാവവും നേടി. എല്ലാത്തിലുമുപരി ധാരാളം രക്തസാക്ഷികളെ നേടാനും അതുവഴി കോടിക്കണക്കിനു സ്വത്തു സമ്പാദിക്കാനും കഴിഞ്ഞു. തുടര്‍ന്നും വര്‍ഷംതോറും പാര്‍ട്ടിക്ക് ഉപജീവനത്തിനുളള വഴി നേടാനും സാധിച്ചു. സമരോത്സുകത നിലനിര്‍ത്തിയില്ലെങ്കില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് നിലനില്‍പ്പില്ല തന്നെ. സാമ്പത്തികമായും സംഘടനാപരമായും തകരും. ഫാസിസത്തിന്റെ ശക്തിയും അതുതന്നെ.
കാ. ഭാ. സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: