കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതിന് പിന്തുണതേടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ഫേസ്ബുക്കില്‍.ഇതാദ്യമായാണ് മമത ഫേസ്ബുക്കില്‍ അക്കൗണ്ട് കുറക്കുന്നത്.കലാമിനെ രാഷ്ട്രപതിയായി കാണാന്‍ ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.അതിനാല്‍ അദ്ദേഹത്തെ താനും പിന്തുണക്കണക്കുന്നു എന്നായിരുന്നു മമതയുടെ ആദ്യത്തെ പോസ്റ്റ്.
പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി യുപിഎ പ്രഖ്യാപിച്ചിട്ടും മമത മുന്‍ നിലപാടില്‍ നിന്നും പിന്മാറിയിട്ടില്ല.തൃണമൂല്‍ കോണ്‍ഗ്രസ് ഒരു ചെറിയ പാര്‍ട്ടിയാണ്.സത്യവും വിശ്വാസവുമാണ് പാര്‍ട്ടിയുടെ മുഖമുദ്ര.ജീവിത്തിലും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നിട്ടുണ്ട്.കലാമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടില്‍ യാതൊരുമാറ്റവുമില്ലെന്നും മമത പറഞ്ഞു.ഇന്ത്യയുടെ മിസെയില്‍ മാന്‍ എന്ന് കലാമിനെ വിശേഷിപ്പിച്ച മമത,അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടു.
ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അപ്പുറത്ത് നില്ക്കുന്ന കലാമിനെപ്പോലെ ഒരാളാണ് രാഷ്ട്രപതിയാകേണ്ടതെന്നും മമത പറഞ്ഞു.
വെള്ളിയാഴ്ചയാണ് യുപിഎ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി മന്മോഹന് സിംഗ്,മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം,ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരില്‍ ആരെയെങ്കിലും പിന്തുണക്കുമെന്നാണ് തൃണമൂലും സമാജ്വാദി പാര്‍ട്ടിയും നേരത്തെ പറഞ്ഞിരുന്നത്.എന്നാല്‍ പ്രണബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പ്രണബിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്.മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാംഗ്മയുടെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി വിശദമായ കൂടിയാലോചനക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും സാംഗ്മതക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.യുപിഎ യുടെ പ്രമുഖ ഘടക കക്ഷികൂടിയായ എന്‍ സി പി എതിര്‍ത്താല്‍ പോലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് സാംഗ്മയുടെ നിലപാട്. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സാംഗ്മയ്ക്ക് ഒരു തരത്തിലുമുള്ള പാര്‍ട്ടി പിന്തുണയുണ്ടാകുകയില്ലെന്നും അദ്ദേഹം മത്സരിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും മുതിര്‍ന്ന നേതാവായതുകൊണ്ടുതന്നെ പാര്‍ട്ടി തീരുമാനം ലംഘിക്കില്ലെന്നുമാണ് വിശ്വസിക്കുന്നതെന്നും മുതിര്‍ന്ന എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. സാംഗ്മയ്ക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് നടപടിയെടുക്കാന്‍ താന്‍ ആരുമല്ലെന്നും പാര്‍ട്ടി തീരുമാനം താന്‍ ഉള്‍പ്പെടെ ആരുംതന്നെ ലംഘിക്കില്ലെന്നും പട്ടേല്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനം പ്രണബിന് നിരുപാധികമായി പിന്തുണയ്ക്കുവാന് തന്നെയാണെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു. അതേസമയം, എഐഎഡിഎംകെ നേതാവ് ജയലളിതയും ബിജെഡി മുഖ്യന് നവീന്‍ പട്നായിക്കും പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാംഗ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്. താന്‍ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായിട്ടല്ല മത്സരിക്കുന്നതെന്നും ഗോത്ര വര്‍ഗത്തിന്റെ പ്രതിനിധിയായിട്ടാണ് മത്സരിക്കുന്നതെന്നും മുന്‍ ലോക്സഭാ സ്പീക്കറായ സാംഗ്മ പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബിനെ പിന്തുണക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് ബിജെപി നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: