തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തില്‍ നഗരസഭാ കവാടം ഉപരോധിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാരും കൗണ്‍സിലര്‍മാരും തമ്മിലായിരുന്നു സംഘര്‍ഷം.
മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ മേയര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രാവിലെ നഗരസഭാ കവാടം ഉപരോധിച്ചത്. ഇതിനിടെ ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഇടത് സംഘടനയിലെ ജീവനക്കാരും പ്രതിഷേധവുമായി എത്തുകയായിരുന്നു.
രാവിലെ എട്ടു മണിയോടെ തുടങ്ങിയ ഉപരോധം അവസാനിപ്പിച്ച് കൗണ്‍സിലര്‍മാര്‍ മടങ്ങാന്‍ ഒരുങ്ങവേ പ്രതിഷേധം നടത്തിയ ജീവനക്കാര്‍ മുദ്രാവാക്യം വിളികളോടെ നഗരസഭയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതിനിടെ ജീവനക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തി. തുടര്‍ന്നായിരുന്നു വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായത്.
ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ നിലയുറപ്പിച്ച പോലീസ് ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. എന്നാല്‍ തങ്ങളെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധം തുടര്‍ന്നു. സംഘര്‍ഷമുണ്ടാക്കിയ മൂന്നു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: