തൃശൂര്‍: അരണാട്ടുകരയില്‍ സഹോദരികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഒരാളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം കാറും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര് പിടിയിലായി. വയനാട് പനമരം സ്വദേശികളായ ലിജോ, സിഞ്ജു എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപത്ത് വച്ചാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.
മോഷ്ടിച്ച സ്വര്‍ണവും പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച കാര്‍ പ്രതികള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതായും പോലീസ് പറഞ്ഞു. തൃത്തല്ലൂര്‍ പനയ്ക്കപ്പറമ്പില്‍ നിന്ന് അരണാട്ടുകര കാഞ്ഞാണി ചുങ്കം ജംഗ്ഷന് ഗോകുലത്തില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീല(50)യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. ഇവരുടെ സഹോദരി കണ്ടശ്ശാംകടവ് സ്വദേശിനി ഉഷ(60)യെ അടുക്കളയില്‍ കെട്ടിയിടുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന വേലക്കാരി കമലയെ സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഊമയായ ഉഷ സ്വയം കെട്ടഴിച്ച് വീടിന് പുറത്തു വന്ന് അയല്‍വീട്ടുകാരെ ആംഗ്യത്തിലൂടെ വിവരം അറിയിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ നിലത്തു കിടക്കുന്ന വിധത്തിലായിരുന്നു ഷീലയുടെ മൃതദേഹം. കഴുത്തിലെ മാലയും മറ്റ് ആഭരണങ്ങളും നഷ്ടമായിരുന്നു. ഉഷയുടെ ആഭരണങ്ങളും കവര്‍ന്നിട്ടുണ്ട്. അലമാരയും മറ്റും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.
വിവരമറിഞ്ഞ് ഷീലയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനും മക്കളും വിദേശത്തു നിന്നും വീട്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: