തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്. ശെല്‍വരാജ് വിജയിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്. ലോറന്‍സിനെ 6334 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശെല്‍വരാജ് തോല്‍പ്പിച്ചത്. ഇരു മുന്നണികള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 30,507 വോട്ട് നേടി നില മെച്ചപ്പെടുത്തി.
കഴിഞ്ഞ തവണ 6702 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ശെല്‍വരാജ് എല്‍.ഡി.എഫ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. ലോറന്‍സിന് 46,194 വോട്ട് ലഭിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ രാജഗോപാലും ലോറന്‍സും തമ്മിലായിരുന്നു മത്സരം. മുപ്പതോളം ബൂത്തുകള്‍ എണ്ണിക്കഴിയും വരെ ബി.ജെ.പി രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. പിന്നീടാണ് യു.ഡി.എഫ് രണ്ടാം സ്ഥാനത്ത് എത്തിയത്. അഞ്ചാം റൗണ്ട് പിന്നിട്ടതോടെയാണ് ശെല്‍വരാജ് മുന്നില്‍ എത്തിയത്. പിന്നീട് ശെല്‍വരാജിന്റെ ലീഡ് നില ഉയരുകയായിരുന്നു.
അമ്പതു ബൂത്തുകളിലെ ഫലം പുറത്തു വന്നപ്പോള്‍ ശെല്‍വരാജ് ലീഡ് ചെയ്യാന്‍ തുടങ്ങി. പിന്നീടു ഭൂരിപക്ഷം നിലനിര്‍ത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ എല്‍.ഡി.എഫ് മുന്നിലായിരുന്നെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും പ്രതീക്ഷിച്ചത്ര വോട്ട് കിട്ടിയില്ല. ബി.ജെ.പി പലയിടത്തും നേട്ടം ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നാലിരട്ടിയിലധികം വോട്ടാണ് രാജഗോപാല്‍ ഇത്തവണ നേടിയത്.
സാമുദായിക സമവാക്യങ്ങള്‍ സ്വാധീനിച്ച തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനമായിരുന്നു ബി.ജെ.പി മുഖ്യമായും ഉയര്‍ത്തിക്കാട്ടിയത്. ടി.പിയുടെ കൊലപാതകം മുഖ്യ പ്രചാരണ വിഷയമായി മാറിയപ്പോഴും ഹൈന്ദവ എകീകരണം ലക്ഷ്യമിട്ടുള്ള പ്രചരണമാണ് ബി.ജെ.പി നടത്തിയത്. നാടാര്‍, ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ 35 ശതമാനത്തിലധികം വരുന്ന നായര്‍, ഈഴവ വോട്ടുകളിലായിരുന്നു ബി.ജെ.പി പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. ശക്തമായ പ്രചാരണത്തിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞു.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത വിധം വിവാദങ്ങള്‍ കത്തിക്കയറിയ നെയ്യാറ്റിന്‍കരയില്‍ 80.1 ശതമാനമായിരുന്നു പോളിംഗ്. 143 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തിയത് 1,32,111 പേര് (മണ്ഡലത്തിലെ ആകെ വോട്ട് 1,64,933). അതിയന്നൂര്‍, തിരുപുറം പഞ്ചായത്തുകളിലായിരുന്നു ഏറ്റവും കനത്ത പോളിംഗ്- 80.8 ശതമാനം വീതം. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 80.3, ചെങ്കല്‍-80.5, കാരോട്-78.3, കുളത്തൂര്‍-78.3 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: