ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ രാഷ്ട്രപതിയാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രണബ് മുഖര്‍ജിയെയോ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയോ രാഷ്ട്രപതിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും അറിയിച്ചു. തൃണമൂലിന്റെ പിന്തുണയില്ലെങ്കിലും പ്രശ്നമില്ലെന്ന പൊതുവികാരവും കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ടതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് അതീവസങ്കീര്‍ണമായി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നീ പേരുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ്യാദവും മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. മന്‍മോഹന്‍സിംഗിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നും അദ്ദേഹം 2014 വരെ പ്രധാനമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ചാറ്റര്‍ജിയുടെയും കലാമിന്റെയും പേരുകളും സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി വാര്ത്താലേഖരെ അറിയിച്ചു. രാഷ്ട്രപതിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിര്‍ദ്ദേശിച്ച പേരുകള്‍ തള്ളിയ മമതയും മുലായവും പകരം മന്മോഹന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രണബ് മുഖര്‍ജിയോ ഹമീദ് അന്‍സാരിയോ സ്ഥാനാര്‍ത്ഥിയായാല്‍ എ.പി.ജെ. അബ്ദുള്‍ കലാമിനെ രംഗത്തിറക്കി നേരിടുമെന്നാണ് മമതയുടെ മുന്നറിയിപ്പ്. ഇവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയായാല്‍ തൃണമൂലോ സമാജ്വാദി പാര്‍ട്ടിയോ കലാമിനെ മത്സരിപ്പിക്കുമെന്ന് തൃണമൂല്‍ എംപി കുനാല്‍ ഘോഷ് പറഞ്ഞു.
യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖര്‍ജിയുടെയും അന്‍സാരിയുടെയും പേരുകള്‍ ഉയര്‍ന്നുവന്ന കാര്യം മമതാ ബാനര്‍ജി പരസ്യമാക്കിയെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനം പരാമര്‍ശിക്കവെ, സോണിയയുടെ അനുമതിയോടെയാണ് പേരുകള്‍ പുറത്തുവിട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇതിനിടെ, രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും സമാജ്വാദി പാര്‍ട്ടിയെയും തമ്മിലകറ്റാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ബദല്‍ പേരുകള്‍ കൊണ്ടുവന്നിരിക്കുന്നത് മമതാ ബാനര്‍ജിയാണെന്ന കാര്യം ശ്രദ്ധിക്കണമെന്ന് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. യുപിഎ നോമിനികളെ എതിര്‍ക്കാന്‍ എസ്പി അധ്യക്ഷന്‍ മുലായം യാദവിന് താല്പര്യം ഉണ്ടായിരുന്നില്ലെന്നും മമതയെ എതിര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടതാണെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പേരില്‍ സഖ്യം ഉലയില്ലെന്ന് മറ്റൊരു നേതാവ് അവകാശപ്പെട്ടു. ഇതേസമയം, മമതാ ബാനര്‍ജിയുടെ സഹായമില്ലെങ്കിലും പ്രശ്നമില്ലെന്ന പൊതുനിലപാടില്‍ കോണ്‍ഗ്രസ് എത്തിയതായും പറയപ്പെടുന്നു. യുപിഎയിലെ മറ്റ് ഘടകകക്ഷികളുടെയും പുറമെനിന്ന് പിന്തുണക്കുന്ന കക്ഷികളുടെയും സഹായത്തോടെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നോമിനിക്ക് ജയിക്കാന്‍ കഴിയുമെന്ന നിലപാടിലാണത്രേ കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: