തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പകയുടെ കൊലക്കത്തിക്ക് ഇരയായ മകനെയോര്‍ത്ത് മാതാവ് കൗസല്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു. കണ്ണൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട യുവമോര്‍ച്ചാ നേതാവ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ ടി.കെ.കൗസല്യയാണ് മുഖ്യമന്ത്രിക്കു മുന്നില്‍ മകനെയോര്‍ത്ത് പൊട്ടിക്കരഞ്ഞത്. മകന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുമ്പോള്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നീതി തേടിയെത്തിയതായിരുന്നു അവര്‍. മകന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ പടികൂടാന്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കണ്ണീരില്‍ കുതിര്‍ന്ന നിവേദനമാണ് ടി.കെ.കൗസല്യ നല്‍കിയത്.
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ കസ്റ്റഡിയിലായ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ.ടി.ജയകൃഷ്ണന് വധക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യമാണ് കൗസല്യ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിന്റെ അന്വേഷണം തികച്ചും അപര്യാപ്തവും പ്രതികളെ സഹായിക്കുന്ന രീതിയിലുമായിരുന്നെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലും പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യവും കണക്കിലെടുത്തും ജയകൃഷ്ണന് വധം സിബിഐ അന്വേഷിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേസിലെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പുനരന്വേഷണം ആവശ്യമാണ്.
കണ്ണീരില്‍ കുതിര്‍ന്ന നിവേദനം വാങ്ങിയ മുഖ്യമന്ത്രി നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കി. പാനൂരിലെ ഈസ്റ്റ് മൊകേരി സ്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടു നില്‍ക്കെ ഒരു സംഘം മാര്‍ക്സിസ്റ്റ് അക്രമികള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന്മാസ്റ്ററെ നിഷ്ഠൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. 1999ലായിരുന്നു രാജ്യത്തെ ആകെ നടുക്കിയ സംഭവം നടന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബലറാം, പ്രാന്തകാര്യവാഹക് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, പ്രാന്തീയ പ്രചാര്‍ പ്രമുഖ് വത്സന് തില്ലങ്കേരി, ബിജെപി ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ.പി.പത്മിനി ടീച്ചര്‍, സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, പി.രാഘവന്, ജില്ലാപ്രസിഡന്റ് കെ.രഞ്ജിത്ത്, വൈസ്പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവരും ജയകൃഷ്ണന്റെ അമ്മയോടൊപ്പം നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: