മലയാള സിനിമയ്ക്ക് അമൂല്യങ്ങളായ ചലച്ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പി.പത്മരാജന്. പത്മരാജന്റെ ഏറ്റവും നല്ല സിനിമ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കുഴഞ്ഞുപോകും. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. 1979 ല്‍ പുറത്തു വന്ന ‘പെരുവഴിയമ്പലം’ മുതല്‍ 1991ലെ ‘ഞാന്‍ ഗന്ധര്വ്വന്’ വരെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്ന് ഏറ്റവും നല്ലത് തെരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടും. ഓരോ സിനിമയും ആസ്വാദക മനസ്സില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദാനം ചെയ്യുന്നത്.
പത്മരാജന് സംവിധാനം ചെയ്ത സിനിമകളുടെയെല്ലാം തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയായിരുന്നു. പലതും മുമ്പ് നോവലുകളായി പ്രസിദ്ധീകരിച്ചവയും. ഇതു കൂടാതെ പത്മരാജന് തിരക്കഥയെഴുതി മറ്റു ചില പ്രശസ്ത സംവിധായകര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളുമുണ്ട്. ഇവയും മലയാള സിനിമയിലെ മുത്തുകളായി പ്രേക്ഷകര്‍ സ്വീകരിച്ചവയാണ്. 1975ല്‍ പ്രയാണം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് പത്മരാജന് മലയാള സിനിമാ മേഖലയിലേക്കു കടന്നു വരുന്നത്. അതിനുമുന്നേ തന്നെ നല്ല സാഹിത്യകാരനെന്ന നിലയില്‍ അദ്ദേഹം പേരെടുത്തു കഴിഞ്ഞിരുന്നു. ‘പ്രയാണം’ സംവിധാനം ചെയ്തത് ഭരതനായിരുന്നു. പിന്നീട് ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തു വന്ന ‘ഇതാ ഇവിടെവരെ’ എന്ന ചിത്രത്തിന് അദ്ദേഹം തിരക്കഥയൊരുക്കി.
അന്നുവരെയുണ്ടായിരുന്ന മലയാള സിനിമാ സ്വഭാവത്തെ മാറ്റിമറിച്ച ചലച്ചിത്രമായിരുന്നു അത്. സോമനും മധുവും ശാരദയും ജയഭാരതിയുമെല്ലാം തകര്‍ത്തഭിനയിച്ച ‘ഇതാ ഇവിടെവരെ’ പദ്മരാജന്റെ തന്നെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു. പതിനെട്ടോളം സിനിമകളാണ് ഇത്തരത്തില്‍ പത്മരാജന്റെ തിരക്കഥയില്‍ പുറത്തു വന്നത്. ഇവയില്‍ കൂടുതല്‍ ചിത്രങ്ങളും സംവിധാനം ചെയ്തത് ഭരതനായിരുന്നു. പ്രയാണത്തെക്കൂടാതെ ലോറി, രതിനിര്‍വ്വേദം, തകര, ഈണം, ഒഴിവുകാലം എന്നിവയാണ് ഭരതന് സംവിധാനം നിര്‍വ്വഹിച്ച പത്മരാജന് ചിത്രങ്ങള്‍.
പത്മരാജന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍ക്കും ഒരു പോലെ ആസ്വാദ്യതയും സ്വീകാര്യതയും ഉണ്ടായിരുന്നെങ്കിലും സ്വന്തം തിരക്കഥയില്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. കള്ളന് പവിത്രന്, കരിയിലക്കാറ്റുപോലെ, അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയ സിനിമകള്‍ അതുവരെ വെള്ളിത്തിരയിലെത്തിയിട്ടുള്ള സിനിമകളുടെ രൂപഭാവങ്ങളെ അട്ടിമറിച്ചു. ഇത്തരം സിനിമകള്‍ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് ചിലരെങ്കിലും ശങ്കിച്ചു നിന്നെങ്കിലും പത്മരാജന് ആശങ്കകളില്ലായിരുന്നു. മലയാളി പ്രേക്ഷകരുടെ മനസ് മനസ്സിലാക്കാനും അവരുടെ അഭിരുചിക്കൊത്ത് സഞ്ചരിക്കാനുമുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രേക്ഷകന്റെ രുചിയറിഞ്ഞ് സിനിമ നിര്‍മ്മിച്ചുവെന്നതു തന്നെയാണ് പത്മരാജന്റെ വിജയം.
പത്മരാജന്റെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ചു പറയുമ്പോഴെല്ലാം സിനിമാ പ്രേമികള്‍ വിട്ടുകളയാത്ത ചിത്രമാണ് ‘തൂവാനത്തുമ്പികള്‍’. ജയകൃഷ്ണന്റെയും ക്ലാരയുടെയും കഥപറഞ്ഞ ‘തൂവാനത്തുമ്പികള്‍’ കാലാതിവര്‍ത്തിയായി ആസ്വാദ്യത നിലനിര്‍ത്തുന്ന ചലചിത്രമാണ്. എപ്പോള്‍ കണ്ടാലും മനസ്സിലേക്ക് മഴയുടെ തണുപ്പ് അരിച്ചിറങ്ങുന്നു.
1987ലെ ജൂലായ് മാസത്തില്‍ ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന ഒരു വെള്ളിയാഴ്ചയാണ് ‘തൂവാനത്തുമ്പികള്‍’ വെള്ളിത്തിരയിലെത്തിയത്. തിയറ്ററില്‍ സിനിമ കാണാന്‍ പോകുമ്പോള്‍ നല്ല മഴയുണ്ടായിരുന്നു. രാവിലെ മുതല്‍ പെയ്തിരുന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന് തിയറ്ററിനുള്ളിലെത്തിയപ്പോള് വെള്ളിത്തിരയിലും മഴപെയ്യുന്നു. ഇടവപ്പാതി മഴയുടെ ഭംഗി ചലച്ചിത്രകാരന് വെള്ളിത്തിരയിലേക്ക് ആവാഹിച്ചതുപോലെ. ക്ലാരയുടെ ആകര്‍ഷക രൂപം എത്തുന്നതിനൊപ്പം മഴയും കടന്നു വരുന്നു. ‘തൂവാനത്തുമ്പി’കളില്‍ മഴ കഥാപാത്രമാകുകയാണ്. മഴ പ്രണയവും ജീവിതവുമാകുന്നു.
അന്ന് മഴയ്ക്കൊപ്പം വന്ന ‘തൂവാനത്തുമ്പി’കള്‍ക്ക് ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസ്സാകുന്നു. പുറത്ത് ശക്തമായല്ലങ്കിലും ഇടവപ്പാതിയുടെ തൂവാനത്തുമ്പികള്‍ നിശബ്ദമായി പറന്നു നടക്കുമ്പോഴാണ് ഇതുകുറിക്കുന്നത്. മഴയ്ക്കൊപ്പം ക്ലാരയും പത്മരാജനും മനസ്സിലേക്കു കയറിവരുന്നു. ആ ചലച്ചിത്രം ഒരു തലമുറയെ അത്രകണ്ട് സ്വാധീനിക്കുകയും ഇപ്പോഴും സ്വാധീനിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പി.പത്മരാജന് എഴുതിയ ഉദകപ്പോള എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ‘തൂവാനത്തുമ്പികള്‍’. മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന് എന്ന ചെറുപ്പക്കാരന്റെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ക്ലാര, രാധ എന്നീ രണ്ടു പെണ്‍കുട്ടികളുടെയും കഥ പറയുന്നു ഈ ചിത്രം.
ജയകൃഷ്ണന് രണ്ടു വ്യത്യസ്ത മുഖങ്ങളാണുള്ളത്. സ്വന്തം ഗ്രാമത്തില്‍ അയാള്‍ വലിയ തറവാടിയും പിശുക്കനായ കൃഷിക്കാരനും ഒരു അറു പഴഞ്ചനുമാണ്. എന്നാല്‍ പട്ടണത്തില്‍, സുഹൃത്തുക്കളോടൊപ്പം അയാള്‍ കുസൃതിത്തരങ്ങളും തരികിടകളും നിറഞ്ഞ ഒരു പരിഷ്കൃത ജീവിതം നയിക്കുന്നു. പട്ടണത്തിലെ വന്‍കിട വ്യവസായികളും പണച്ചാക്കുകളും എല്ലാം തന്നെ അയാള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരാണ്. പട്ടണത്തിലെ ജയകൃഷ്ണന്റെ ജീവിതത്തെക്കുറിച്ച് അയാളുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയൂ. പത്മരാജന്റെ ഭാഷയില്‍ പറഞ്ഞാല്‍? നഗരത്തില്‍ അയാള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു അണ്ടര്‍ വേള്‍ഡ് തന്നെയുണ്ട്. പക്ഷെ സാധാരണ സിനിമകളിലെ പോലെ ആ സാഹസങ്ങളുടെ കിടിലന്‍ ദ്യശ്യാവിഷ്ക്കാരങ്ങളൊന്നും കാണിക്കുന്നേയില്ല. ജയക്യഷ്ണന് എന്ന ദ്വന്ദവ്യക്തിത്തത്തിന്റെ ഉടമയുടെ പരിപൂര്‍ണ്ണ നിയന്ത്രണം സംവിധായകന്റെ കയ്യില്‍ തന്നെയാണ്. അതിശക്തമായ സ്ക്രിപ്റ്റ്. നിലയും വിലയുമില്ലാത്ത ഒരു കഥാപാത്രം പോലുമില്ല ഇതില്‍. എന്തിന് സിനിമയില്‍ ഇല്ലാത്തതും പരാമര്‍ശിച്ചു പോകുന്നതുമായ, ജയക്യഷ്ണന്റെ അച്ചന് തമ്പുരാന് പോലും നമ്മുടെ മനസ്സില്‍ തങ്ങി നില്ക്കുന്നു.
സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യമനസ്സുകളുടെ ചലനങ്ങളും ചാപല്യങ്ങളും വളരെ ലളിതമായ രീതിയില്‍ പ്രേക്ഷകരുടെ മുന്നില്‍ പത്മരാജന് ഈ ചിത്രത്തിലൂടെ എത്തിക്കുന്നു. ഇതിലെ നായകന് എല്ലാ നന്മകളും തികഞ്ഞ സല്‍ഗുണസമ്പന്നനോ അമാനുഷിക ശക്തികള്‍ ആവാഹിച്ചെടുത്ത അവതാരമോ ഒന്നുമല്ല. പ്രായത്തിന്റേതായ എല്ലാ ദൗര്‍ബല്യങ്ങളുമായി അല്പം വഴിവിട്ടു പോലും ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന് മാത്രമാണ് മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന്.
ജയകൃഷ്ണനും ക്ലാരയും ഇന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുന്നു. അതിന്റെ ക്രെഡിറ്റ് സംവിധായകനോടൊപ്പം തന്നെ ആ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച മോഹന്‍ലാലിനും സുമലതയ്ക്കും കൂടിയുള്ളതാണ്. ക്ലാരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ സുമലതയ്ക്കു കഴിഞ്ഞു.
അശോകന്, പാര്‍വതി, ജഗതി ശ്രീകുമാര്‍, ബാബു നമ്പൂതിരി എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ശ്രീകുമാരന്‍ തമ്പി രചിച്ച് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളില്‍ ഈ സിനിമയുടെ ആത്മാവുണ്ട്. യേശുദാസ് പാടിയ ‘മേഘം പൂത്തു തുടങ്ങി…’, ജി.വേണുഗോപാലും ചിത്രയും പാടിയ ‘ഒന്നാം രാഗം പാടി….’ എന്നീ പാട്ടുകള്‍ സിനിമപോലെ തന്നെ മലയാളിയുടെ മനസ്സില്‍ ഇടം നേടി. അവയെ മാറ്റി നിറുത്തി ഈ സിനിമയേക്കുറിച്ച് നമുക്ക് ആലോചിക്കാനേ കഴിയില്ല. ജോണ്‍സന്റെ പശ്ചാത്തലസംഗീതവും എടുത്തു പറയണം.
മഴപോലെ കടന്നു വരുന്നതൊക്കെ വലിയ സാന്ത്വനങ്ങള്‍ സമ്മാനിക്കുന്നതാണ്. കടുത്ത വേനലില്‍ മലയാളികളുടെ മനസ്സിലേക്ക് പെയ്തിറങ്ങിയ മഴയായിരുന്നു ‘തൂവാനത്തുമ്പികള്‍’. എണ്‍പതുകള്‍ മലയാള സിനിമയുടെ വസന്തകാലമായിരുന്നു. എങ്കിലും ഒരേ പാറ്റേണിലുള്ള ധാരാളം സിനിമകള്‍ അക്കാലത്ത് ആസ്വാദന വിരസത സൃഷ്ടിച്ചിരുന്നു. അപ്പോഴാണ് മഴയുമായി ‘തൂവാനത്തുമ്പി’കളെത്തുന്നത്. ഒരു ചെറുകഥ വായിക്കുന്നതുപോലെയാണ് പത്മരാജന്റെ ഓരോ ചിത്രങ്ങളും കണ്ടവസാനിപ്പിക്കുന്നത്. ‘തൂവാനത്തുമ്പി’കളും അങ്ങനെ തന്നെയാണ്. ഓരോ മലയാളിയുടെയും ഓര്‍മ്മക്കുള്ളില്‍ ‘തൂവാനത്തുമ്പി’കളെന്ന ചലച്ചിത്രത്തിന് ഒരിടം ഒരുക്കിവച്ചു.
‘തൂവാനത്തുമ്പികള്‍’ ജനിച്ചിട്ട് 25 വര്‍ഷങ്ങളാകുന്നു എന്നത് പെട്ടന്ന് വിശ്വസിക്കാനായില്ല. ഒരു പുതിയ ചലച്ചിത്രം കാണുന്നതു പോലെ കഴിഞ്ഞ ദിവസവും ആ ചിത്രം കണ്ടിരുന്നു. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന ചുരുക്കം ചലച്ചിത്രങ്ങളെ ഉണ്ടായിട്ടുള്ളു. ‘തൂവാനത്തുമ്പികള്‍’ക്ക് അതിലൊന്നാം സ്ഥാനമാണ്. ഓരോ തലമുറയും ഈ ചിത്രം കണ്ടുകൊണ്ടേയിരിക്കുന്നു. പുറത്ത് മഴ തിമിര്‍ത്തു പെയ്യുന്ന രാത്രികളില്‍ ക്ലാര വരുന്നത് സ്വപ്നം കാണുന്നവരുമുണ്ടാകും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: