മുഖ്യമന്ത്രിപദത്തില്‍ ഉമ്മന്‍ചാണ്ടി ഒരു വര്‍ഷം പിന്നിട്ടു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. മാതൃകാപരമാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണശൈലിയെന്ന് പ്രഗത്ഭനായൊരു പംക്തികാരന് വാര്‍ഷികാഘോഷവേളയില്‍ വിശേഷിപ്പിച്ചിരുന്നു. മാതൃകാപരമെന്നോ മഹനീയമെന്നോ അഭിപ്രായമില്ലെങ്കിലും ജനകീയമാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണശൈലിയെന്നതില് വിയോജിക്കാനാവില്ല. ഇത്രയേറെ ജനകീയനായൊരു മുഖ്യമന്ത്രി ഇതിന് മുമ്പ് കേരളം കണ്ടിട്ടില്ലെന്ന് തീര്‍ത്തു പറയാനാവും. എല്ലായ്പ്പോഴും അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്ക്കിടയിലാണെന്നതു തന്നെ അതിന് കാരണം. ഒരു മുഖ്യമന്ത്രി ഇങ്ങനെ ജനകീയനാവുന്നതിന് ഗുണങ്ങളോടൊപ്പം ദോഷങ്ങളും ഉണ്ട്. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ലെന്നതാണ് ഈ ജനകീയശൈലിയുടെ ദോഷങ്ങളില്‍ പ്രധാനം. ആള്‍ത്തിരക്കും ആരവവുമൊഴിഞ്ഞ അവസ്ഥ അത്യപൂര്‍വമാണ് ഉമ്മന്‍ചാണ്ടിയുടെ ആഫീസിലും വസതിയിലും. പക്ഷേ അദ്ദേഹത്തിന് അതൊരു ലഹരിയാണ്. പഴയ മാവോസൂക്തത്തിലെന്നപോലെ വെള്ളത്തില്‍ കിടക്കുന്ന മത്സ്യത്തെ കരയ്ക്ക് പിടിച്ചിട്ടാലുള്ള അവസ്ഥയാണ് ചുറ്റും ജനക്കൂട്ടമില്ലെങ്കില് ഉമ്മന്‍ചാണ്ടിക്ക്. ഒരു ജനനേതാവിന് അത് ഭൂഷണം തന്നെ. പക്ഷെ ജനാധിപത്യത്തിലെങ്കില് കൂടി ഒരു ഭരണാധികാരി ഇങ്ങനെ ജനകീയനാവുന്നത് ജനത്തിനും ഭരണത്തിനും എത്രത്തോളം ഗുണകരമാവുമെന്നതാണ് സംശയം. ഓരോരുത്തര്‍ക്ക് ഓരോ ശൈലിയുണ്ട്. ഉമ്മന്‍ചാണ്ടിയുടേതായ ഈ ശൈലി മാറണമെന്നതും മാറ്റണമെന്നതും ഒരു വ്യാമോഹമായി അവശേഷിക്കും. അല്ലെങ്കില്‍ അദ്ദേഹം തന്നെ തീരുമാനിക്കണം ശൈലി മാറ്റാന്‍.
ഭരണത്തില്‍ ഒരു വര്‍ഷം പിന്നിടുകയെന്നത് ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമല്ല. പക്ഷെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയത് ഒരു സംഭവമാണ്. അധികാരമേറ്റപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ചരമക്കുറിപ്പ് തയ്യാറാക്കപ്പെട്ടിരുന്നതുകൊണ്ടാണത്. അന്നത്തെ രാഷ്ട്രീയ സാഹചര്യവും നിതാന്ത അനിശ്ചിതത്വം സൃഷ്ടിക്കുന്ന നേരിയ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിയ്ക്ക് മുഖ്യമന്ത്രി കസേരയില്‍ ഉറപ്പോ ഉറക്കമോ നല്കുന്നതായിരുന്നില്ല. ആകെ ആശ്വാസമായിരുന്നത് മന്ത്രിസഭ മറിച്ചിടാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ ഉണ്ടാവില്ലെന്ന പ്രതിപക്ഷത്തെ പ്രധാന കക്ഷിയുടെ പ്രഖ്യാപനം മാത്രമായിരുന്നു. ഭരണത്തിനെതിരെ പ്രതിപക്ഷത്തുനിന്ന് പറയത്തക്ക പ്രക്ഷോഭ പരിപാടികളും കഴിഞ്ഞ ഒരുവര്‍ഷം ഉണ്ടായതുമില്ല. എങ്കിലും മുഖ്യമന്ത്രി മുള്ളിന്മേല് തന്നെയായിരുന്നു. അതിനേറെയും കാരണം ഭരണമുന്നണിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ തന്നെ.
സ്വസ്ഥമായും സ്വച്ഛതയോടെയും മുഖ്യമന്ത്രിക്ക് മുന്നോട്ട് പോവാമെന്ന പ്രതീതിയാണ് ഒന്നാം പിറന്നാള്‍ വേളയില്‍ പൊതുവെ. പക്ഷെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം കൂടി പുറത്തുവന്നാല്‍ മാത്രമേ ആ പ്രതീതി പ്രായോഗികതലത്തിലാവൂ. നിഷ്ഠൂരവും നിര്ഭാഗ്യകരവുമെങ്കിലും, ഉമ്മന്‍ചാണ്ടിക്ക് ഉപതെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ ഉര്‍വശീശാപംപോലെ ഉപകാരമായത് ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകമാണ്. അതറിഞ്ഞുകൊണ്ടാണ് ദല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി അന്നവിടെ അടിയന്തരമായി പറന്നെത്തിയത്. അതിവിദഗ്ദ്ധമായി ആ കൊലപാതകത്തെ ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും രാഷ്ട്രീയാഘോഷമാക്കി കൊണ്ടാടിയപ്പോള്‍ അന്തംവിട്ടു നില്‍ക്കാനേ പിണറായി വിജയനും പ്രതികള്‍ക്കും കഴിഞ്ഞുള്ളൂ. അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളും ഉമ്മന്‍ചാണ്ടിയുടെ ആഘോഷത്തില്‍ നെയ്യാറ്റിന്‍കരയിലെ പോളിംഗ് കഴിയുന്നതുവരെ പങ്കാളിയായി. കൊല്ലപ്പെട്ട വിമത മാര്‍ക്സിസ്റ്റ് നേതാവ് അങ്ങനെ സിപിഎമ്മിന് തീരാശാപവും ഭരണമുന്നണിക്ക് അനുഗ്രഹവുമായി. അഞ്ചാം മന്ത്രി ഉയര്‍ത്തിയ പ്രശ്നവും ന്യൂനപക്ഷ പ്രീണനരാഷ്ട്രീയത്തിനെതിരെ ഉയര്‍ന്ന പൊതുജനവികാരവുമൊക്കെ ഒഞ്ചിയം സംഭവം ഉയര്‍ത്തിയ സുനാമി തിരകള്‍ താല്‍ക്കാലികമായെങ്കിലും തകര്‍ത്തു കളഞ്ഞു. ചന്ദ്രശേഖരന്റെ മുഖത്തെ അമ്പത്തൊന്ന് വെട്ടുകളുടെ ആഘാതത്തില്‍നിന്ന് അടുത്തകാലത്തൊന്നും സിപിഎമ്മിന് മോചനമുണ്ടാവില്ല. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സിപിഎം നേതൃത്വത്തിന്റെ പ്രതിരോധ തന്ത്രങ്ങളാകെ ഒന്നിനുപിറകെ ഒന്നായി പാളിപ്പോവുകയാണ്. ഒഞ്ചിയം സംഭവത്തെക്കുറിച്ചും അനന്തര നടപടികളെക്കുറിച്ചും നേതൃതലത്തിലുള്ള പ്രകടമായ അഭിപ്രായ സംഘട്ടനം പാര്‍ട്ടി അണികള്‍ക്കിടയില്‍ അഭൂതപൂര്‍വമായ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്. സഖ്യകക്ഷികളാരും സഹായിക്കാനില്ല. സംസ്ഥാനത്ത് സിപിഎമ്മിനെ ഇത്രയേറെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി കുറ്റവിചാരണ ചെയ്യുന്ന മറ്റൊരവസ്ഥ നാളിതുവരെ ഉണ്ടായിട്ടില്ല. അതൊക്കെതന്നെയാണ് ഭരണത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നത്.
അഭൂതപൂര്‍വവും അതിതീവ്രവുമായ പ്രതിഷേധമാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഉയര്‍ത്തിയത്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലിതെന്ന സിപിഎമ്മിന്റെ അപഹാസ്യമായ ജാമ്യാപേക്ഷ അതര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമ്പോഴും, ചന്ദ്രശേഖരന്റേത് കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാവണമെന്ന ആഗ്രഹമോ ആ വഴിയ്ക്കുള്ള ശ്രമമോ കോണ്‍ഗ്രസിന്റേയോ സഖ്യകക്ഷികളുടെയോ ഭാഗത്തുനിന്നുണ്ടായില്ലെന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. മുതലെടുപ്പിനുവേണ്ടിയുള്ള മുന്നണി നേതൃത്വങ്ങളുടെ പരസ്പ്പര മത്സരത്തിനിടയില്‍, അത് അതേപടി തത്സമയം അറിയിച്ചുകൊണ്ടിരുന്ന മാധ്യമകോലാഹലത്തിനിടയില് നഷ്ടപ്പെടുത്തിയത് കൊലപാതക രാഷ്ട്രീയം കേരളത്തില്‍ എന്നെന്നേയ്ക്കും അവസാനിപ്പിക്കുന്നതിനുള്ള അസുലഭമായൊരു അവസരമാണ്. അത്തരം ക്രിയാത്മകമായ ശ്രമങ്ങള്‍ കേരളത്തില്‍ പതിറ്റാണ്ടുകള്‍ മുമ്പ് നടന്നിരുന്നു. പക്ഷെ അന്ന് അഭിനന്ദനാര്‍ഹമായ ആ നീക്കങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിനു പുറത്തുള്ള ജനനേതാക്കളായിരുന്നുവെന്ന് മാത്രം. അവരുടെ യത്നം കുറെയൊക്കെ കുറെക്കാലത്തേക്ക് ഫലപ്രദമാവുകയും ചെയ്തു. പക്ഷെ അന്നത്തെക്കാള്‍ അന്തരീക്ഷം അനുകൂലമായ ഇന്ന്, അക്രമരാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് അതീതമായ നീക്കങ്ങള്‍ക്ക് കേരളത്തിനകത്തും പുറത്തും ആളില്ലാതെയായി.
ഇവിടെയാണ് ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലാവുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിലുപരി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹം ഒഞ്ചിയം സംഭവത്തോട് പ്രതികരിച്ചതും പിന്നീട് പ്രവര്‍ത്തിച്ചതും. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ മാറ്റുരച്ച് മികവ് കാട്ടാന്‍ കിട്ടിയ ഒരവസരമായിരുന്നു ഉമ്മന്‍ചാണ്ടി അതുവഴി നഷ്ടപ്പെടുത്തിയത്. മാതൃകാപരമെന്ന് ചിലര്‍ വാഴ്ത്തുന്ന അദ്ദേഹത്തിന്റെ ഭരണശൈലി ഇവിടെ ഒരു ശരാശരി രാഷ്ട്രീയ നേതാവിന്റേതായിപ്പോയി. മികവ് തെളിയിക്കുന്നതിനെക്കാള്‍ മന്ത്രിസഭയുടെ നിലനില്‍പ്പിനായി മുഖ്യമന്ത്രിയുടെ മുന്‍ഗണന. നെയ്യാറ്റിന്‍കരയില്‍ തന്റെ പാര്‍ട്ടിയുടേയും മുന്നണിയുടേയും സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ച്, രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പദത്തിന് ഒരു താങ്ങ് നല്‍കുന്നതിലായി ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യം. അതിനായി അദ്ദേഹം ചന്ദ്രശേഖര വധത്തെ സമര്‍ത്ഥമായി, വിദഗ്ദ്ധമായി വിനിയോഗിച്ചു.
അധികാരമേറ്റെടുത്തപ്പോള്‍, മതന്യൂനപക്ഷ സമ്മര്ദഗ്രൂപ്പുകാര്ക്ക് ആധിപത്യമുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയെക്കുറിച്ച് ആശങ്കകള്‍ ഏറെയായിരുന്നു ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍. അക്കാര്യത്തെക്കുറിച്ച് മറ്റാരെയുംകാള്‍ ബോധവാനായിരുന്നു ഉമ്മന്‍ചാണ്ടി. അതുകൊണ്ടുതന്നെ ആ ആശങ്കകള്‍ അകറ്റാന്‍ അധികാരത്തിലെ ആദ്യനാളുകളില്‍ അതീവശ്രദ്ധാലുവായിരുന്നു മുഖ്യമന്ത്രി. അക്കാര്യത്തില്‍ ഒരുപരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. പക്ഷെ പിന്നീട് ആ ശ്രദ്ധയും ജാഗ്രതയുമൊക്കെ അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്ക്കരിക്കുന്ന ഉമ്മന്‍ചാണ്ടിയെയാണ് കേരളം കണ്ടത്. പിറവത്തും നെയ്യാറ്റിന്‍കരയിലും നഗ്നമായി വര്‍ഗീയകാര്‍ഡിറക്കി അദ്ദേഹം കളിച്ചു. ഏറ്റവുമൊടുവില്‍ മലപ്പുറത്തെ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുസ്ലീംലീഗ് എംഎല്‍എയെ സംരക്ഷിക്കുകൂടി ചെയ്തതോടെ ഉമ്മന്‍ചാണ്ടി തന്റെ മുഖ്യമന്ത്രി പദത്തിന് എത്ര കനത്ത വിലയാണ് നല്‍കുന്നതെന്ന് പകല്‍പോലെ വ്യക്തമായി. ഭരണത്തിന്റെ ആ സ്ഥാനം തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലാണെങ്കിലും അതിന്റെ നിയന്ത്രണം അങ്ങ് പാണക്കാട്ടാണെന്ന മന്ത്രിമാരുടെ എണ്ണം ലീഗ് പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ചപ്പോഴെ മലയാളിക്ക് മനസ്സിലായി. ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയ്ക്ക് തീരെ യോജിക്കുന്നതല്ല ഒരു സമുദായത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ മേല്‍വിലാസത്തില്‍ മാത്രം മുഖ്യമന്ത്രിപദം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോവുകയെന്നത്. അദ്ദേഹത്തിന്റെ തൂവെള്ള ഖദര്‍ കുപ്പായത്തില്‍ കളങ്കം ചാര്‍ത്തുകയാണ് നിലനില്‍പ്പിനായുള്ള ഇത്തരം അടവുനയങ്ങള്‍.
‘വികസന വിരോധികള്‍ക്കെതിരെയുള്ള വിധിയെഴുത്താ’യാണ് തെരഞ്ഞെടുപ്പ് വിജയത്തെ ഐക്യജനാധിപത്യമുന്നണി നേതൃത്വം വിശേഷിപ്പിച്ചത്. ഭരണത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ വികസനരംഗത്ത് വലിയ നേട്ടങ്ങളൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കൊയ്യാനായില്ല. അതിന് സമയമായില്ല എന്ന് പറയുന്നതാവും ശരി. സര്‍ക്കാരിനെ നയിക്കുന്നവരുടെ മസ്തിഷ്ക്കത്തില്‍ ആദ്യവര്‍ഷം ഉയര്‍ന്ന വികസനാശയങ്ങളില് പ്രധാനമാണ് ‘എമേര്‍ജിംഗ് കേരള’. നരേന്ദ്രമോഡിയുടെ ‘വൈബ്രന്റ് ഗുജറാത്തി’ല്‍ നിന്നാണ് ‘എമേര്‍ജിംഗ് കേരള’ ആശയവും ആവേശവും ഉള്‍ക്കൊള്ളുന്നതെന്ന് വ്യക്തം. പക്ഷെ ഗുജറാത്തല്ല കേരളമെന്ന വസ്തുതയും അവിടത്തെ നിക്ഷേപകാലാവസ്ഥയല്ല ഇവിടുത്തേതെന്നും ഗുജറാത്തിലെ ഭരണത്തിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും കേരളത്തിനില്ലെന്ന സത്യവും അംഗീകരിക്കാതെയുള്ള ശ്രമങ്ങള്‍ യാഥാര്ത്ഥ്യബോധമില്ലാത്തവയെന്ന കാരണത്താല്‍ വിഫലമാവുകയേ ഉള്ളൂ. സംസ്ഥാനത്ത് വികസനത്തിനും നിക്ഷേപത്തിനും അനുകൂലമായ കാലാവസ്ഥയും ഭരണത്തില്‍ കാര്യക്ഷമതയും ഉറപ്പ് വരുത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടെങ്കിലേ വികസനനയങ്ങള്‍ വിജയിക്കൂ. അല്ലാതെ വികസിത കേരളമെന്ന വ്യാമോഹത്തില്‍ എത്ര വലിയ മേളകള്‍ സംഘടിപ്പിച്ചാലും അനുഭവം പണ്ട് കാവതി കാക്ക ഏകാദശി നോറ്റ കഥയിലെ പോലെയാവും. സംസ്ഥാനത്തിന്റെ സര്‍ക്കാരിന്റെ പുതിയ ഉപദേഷ്ടാവ് സാംപിട്രോഡയും ഓര്‍മിപ്പിച്ചത് അതാണ്.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: