കൊച്ചി: ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച തദ്ദേശ സ്ഥാപന മേധാവികളുടെ നേതൃത്വത്തിലുള്ള സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. സ്ക്വാഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നിന് കുട്ടമ്പുഴ ആദിവാസി കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ നതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നു മുതല്‍ ഈ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഒരു ദിവസം 50 വീടുകളില്‍ സംഘം പരിശോധന നടത്തും. ആവശ്യമായ നിര്‍ദ്ദേശങ്ങളും ബോധവത്കരണങ്ങളും നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും മെമ്പര്‍മാരുടേയും മേല്‍നോട്ടത്തില്‍ രൂപീകരിക്കുന്ന പ്രത്യേക സംഘത്തില്‍ ആരോഗ്യ വകുപ്പ്, ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജോലിക്കാര്‍, നെഹ്റു യുവകേന്ദ്രയുടെ പ്രതിനിധികള്‍ തുടങ്ങിയവരുമുണ്ടാകും.
നഗരപ്രദേശങ്ങളില്‍ നടക്കുന്ന അതേപ്രാധാന്യത്തോടെ ഗ്രാമപ്രദേശങ്ങളിലും ബോധവത്കരണങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. കുട്ടമ്പുഴ ആദിവാസി മേഖലയില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജേക്കബ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ.എല്‍ദോസ് മറ്റു മെംബര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.
പകര്‍ച്ചവ്യാധി മുന്നില്‍ കണ്ട് ജില്ലയിലെ മൊത്തം ജലസ്രോതസുകളിലും നാളെ മുതല്‍ ക്ലേറിനേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് ഇന്നലെ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന അടിയന്തര യോഗവും തീരുമാനിച്ചിട്ടുണ്ട്. ഇതു പ്രകാരം ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും പരിപാടി നടക്കുക. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നാളെ രാവിലെ 11-ന് കാക്കനാട് മാര്‍ അത്തനേഷ്യസ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: