മരട്: ലോറി ഇടിച്ച് ചരിഞ്ഞ സിഗ്നല്‍ പോസ്റ്റ് അപകടഭീഷണി ഉയര്‍ത്തുന്നു. തിരക്കേറിയ അരൂര്‍-വൈറ്റില ബൈപാസിലെ മാടവന ജംഗ്ഷനിലാണ് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച കൂറ്റന്‍ ഇരുമ്പു പോസ്റ്റ് ചരിഞ്ഞുനില്‍ക്കുന്നത്. കോണ്‍ക്രീറ്റുചെയ്ത മീഡിയത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് ചെയ്തഭാഗം ഉള്‍പ്പടെ പോസ്റ്റ് ഒരു ഭാഗത്തേക്ക് ചരിഞ്ഞ നിലയിലാണിപ്പോഴുള്ളത്.
ഫിഷറീസ് കോളേജിനു സമീപത്തെ ഈ പ്രധാന ജംഗ്ഷനില്‍ രാത്രികാലങ്ങളിലും മറ്റും അപകടങ്ങള്‍ പതിവായിരുന്നു. റോഡ് നാലുവരിയാക്കിയതിനുശേഷം ഉണ്ടായ അപകടങ്ങളില്‍ ഒട്ടേറെ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മാധ്യമവാര്‍ത്തകളും നാട്ടുകാരുടെ സമ്മര്‍ദ്ദവും കണക്കിലെടുത്ത് ഒരു വര്‍ഷം മുമ്പ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ അതിരാവിലെയും രാത്രിവൈകിയും മറ്റും ലൈറ്റുകള്‍ പ്രവര്ത്തിപ്പിക്കാതിരുന്നപ്പോള് അപകടങ്ങളും പതിവായിരുന്നു. ഇതും ആക്ഷേപമായി ചൂണ്ടിക്കാണിച്ചതിനെതുടര്ന്നാണ് ലൈറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും, ഹൈവേഅതോറിറ്റിയും ചേര്‍ന്ന് തീരുമാനിച്ചത്. ഇതോടെ മാടവന ജംഗ്ഷനില്‍ അപകടങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞിരുന്നു.
സിഗ്നല്‍ പോസ്റ്റ് വീഴാറായെങ്കിലും നിയന്ത്രണ സംവിധാനങ്ങള്‍ക്ക് കേടുപറ്റിയിട്ടില്ലാത്തതിനാല് ലൈറ്റുകള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വാഹനചാലകര്ക്ക് ആശ്വാസമാണ്. എന്നാല്‍ ഏതുനിമിഷവും നിലംപൊത്താവുന്ന നിലയില്‍ ചരിഞ്ഞുനില്‍ക്കുന്ന പോസ്റ്റ് അപകട ഭീഷണി ഉയര്‍ത്തുകയാണ്. മഴയില്‍ മണ്ണ് നിറഞ്ഞുകുതിര്ന്നാല് ഇത് ഏതുനിമിഷവും നിലംപൊത്താം. തിരക്കേറിയ സമയങ്ങളില്‍ റോഡിലേക്കു മറിഞ്ഞു വീണാല്‍ അപകടം ഉറപ്പാണ്. മറിഞ്ഞു വീഴാറായ സിഗ്നല്‍ പോസ്റ്റ് മാറ്റി പുതിയത്സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് വാഹനയാത്രികരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: