ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 19ന് നടക്കും. 22നാണ് വോട്ടെണ്ണല്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ജൂലൈ നാലാണ്. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. പാര്‍ലമെന്റംഗങ്ങള്‍ക്കും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്ക്കുമാണ് വോട്ടവകാശമുള്ളത്.
ഇതിനിടെ, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സമവായമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മമതയെ വിളിപ്പിച്ചത്. ഇന്നലെ തലസ്ഥാനത്തെത്തിയ മമതയുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്്ച നടത്തും. കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിസ്ഥാനാര്ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനാണ് തന്റെ ആദ്യപരിഗണനയെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി എന്ന തന്ത്രമുപയോഗിച്ച് മമതയെ അനുനയിപ്പിക്കാമെന്നാണ് സോണിയയുടെ വിശ്വാസം. അതേസമയം, കടക്കെണിയിലായ ബംഗാളിന് കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് മമത ധനമന്ത്രി അമിത് മിത്രയെ പ്രണബ് മുഖര്‍ജിയുടെ അടുത്തേക്കയച്ചിരുന്നു. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും ഇതേക്കുറിച്ച് പ്രതികരണമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ സാമ്പത്തിക പാക്കേജ് അനുവദിക്കുക വഴി കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് മമത നല്കിയ ആദ്യസൂചനയായി ഇതിനെ വിലയിരുത്തുന്നുണ്ട്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ ഡിഎംകെ നേതാവ് കരുണാനിധി, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍എല്‍ഡി നേതാവ് അജിത് സിംഗ് എന്നിവരുമായും സോണിയാഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയക്കാരനായ സ്ഥാനാര്‍ത്ഥിയെയാകും തങ്ങള്‍ പിന്തുണയ്ക്കുന്നതെന്ന് സമാജ്വാദിപാര്ട്ടി നേതാവ് മുലായം സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് പ്രണബ് മുഖര്‍ജിക്ക് അനുകൂലമായ പ്രസ്താവനയായി കരുതപ്പെടുന്നു. യുപിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിക്കുമെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്.
അടുത്ത രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജി നടന്നടുക്കുന്നതിന്റെ സൂചനയും ഇന്നലെയുണ്ടായി. വ്യാഴാഴ്ച നടത്താനിരുന്ന കാബൂള്‍ സന്ദര്‍ശനം പ്രണബ് മുഖര്‍ജി റദ്ദാക്കി. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കേന്ദ്രധനമന്ത്രി ഒഴിവാക്കിയത്.
ഇതിനിടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ ബിജെപി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ച് ജസ്വന്ത് സിംഗ് പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ജസ്വന്ത് സിംഗിനെ കൂടാതെ എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദള്‍ നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലിന്റെ പേരും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: