കൊച്ചി: കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ബി.ബാലകൃഷ്ണപിള്ള ഉപജാപസംഘങ്ങളുടെ പിടിയിലാണെന്ന് കെ.ബി. ഗണേഷ്കുമാര് ജനകീയ വേദി ഭാരവാഹികള്‍. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആളുകളാണ് ഇദ്ദേഹത്തിന് ചുറ്റുമുള്ളത്. മന്ത്രി ഗണേഷ്കുമാറിനെ അനുകൂലിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ് പാര്‍ട്ടി ചെയര്‍മാനും കൂട്ടരും. കാലും കൈയും വെട്ടുമെന്നുള്ള ഫോണ്‍ ഭീഷണികളാണ് ജനകീയവേദി സംസ്ഥാന ഭാരവാഹികള്‍ക്ക് ലഭിക്കുന്നത്. രാഷ്ട്രീയത്തില്‍ ചില സദാചാരങ്ങളുണ്ട്. എന്നാല്‍ അതുപോലും ബാലകൃഷ്ണപിള്ള മാനിക്കുന്നില്ലെന്നും കെ.ബി. ഗണേഷ് കുമാര്‍ ജനകീയവേദി സംസ്ഥാന പ്രസിഡന്റ് പേരൂര്‍ സജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി ഗണേഷ്കുമാര് പാര്‍ട്ടിക്ക് വിധേയനാകുന്നില്ലെന്ന് പാര്‍ട്ടി ചെയര്മാന് പറയുന്നത് ശരിയല്ല. പാര്‍ട്ടിയുടെ എന്ത് തീരുമാനമാണ് മന്ത്രി അനുസരിക്കാതിരുന്നതെന്ന് വ്യക്തമാക്കണം. കേരളം കണ്ട ഏറ്റവും നല്ല മന്ത്രിയായ കെ.ബി. ഗണേഷ് കുമാറിനെ അവഹേളിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനും തയ്യാറാകണം. പാര്‍ട്ടി അംഗത്വം പോലുമില്ലാത്തവരെ ബോര്‍ഡ്, കോര്പ്പറേഷന് ചെയര്മാന് പദവികളില്‍നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണേഷ്കുമാര് ജനകീയ വേദിയുടെ എറണാകുളം ജില്ലാ കമ്മറ്റി രൂപീകരിച്ചു. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ഒഴികെ മേറ്റ്ല്ലാ ജില്ലകളിലും ജനകീയ വേദിക്ക് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ജനകീയ വേദിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ആഗസ്റ്റില്‍ കൊച്ചിയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനകീയ വേദി ഭാരവാഹികളായ സുഭാഷ് കാഞ്ഞിരത്തിങ്കല്‍, കെ.പ്രേംജിത്ത്, ജമീര്‍ കാരിക്കോട്, ജോബി വിതയത്തില്‍, ഭാസ്ക്കരന്‍ മാലിപ്പുറം, ഷെറിന് പനക്കല്‍, സുരേഷ് പെരുങ്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: