കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ തീരുമാനമായി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം വാര്‍ഡ് തലത്തില്‍ ഊര്‍ജിതമാക്കും. ജില്ലാ ശുചിത്വമിഷന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രോഗം കൂടുതലായി കണ്ടെത്തിയ പഞ്ചായത്തുകളില്‍ ജില്ലാതല സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മഴക്കാലപൂര്‍വ ശുചീകരണത്തിന് ശുചിത്വമിഷന് അനുവദിച്ച 10000 രൂപ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും തീരുമാനമായി.
പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പണ്ടപ്പിള്ളി, കുട്ടമ്പുഴ, ആരക്കുഴ പഞ്ചായത്തുകളില്‍ കൊതുകുജന്യരോഗങ്ങള്‍ കൂടുന്നതായി അഡീ. ഡിഎംഒ ഡോ. ഹസീന മുഹമ്മദ് വിശദീകരിച്ചു. മഞ്ഞപ്പിത്തവും മലേറിയയും പോലുള്ളവയും കൂടുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിരോധപ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് തലത്തില്‍ ഊര്‍ജിതമാക്കണമെന്ന് പി.ടി. തോമസ് എം.പി. നിര്‍ദേശിച്ചു. ഓരോ വകുപ്പുകളും ഇക്കാര്യം യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കണമെന്നും ഗ്രാമതലത്തില്‍ വാര്‍ഡംഗങ്ങള്‍ തന്നെ പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ഡ് തലത്തില്‍ വാര്‍ഡംഗങ്ങള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിങ്, ശുചീകരണം എന്നിവ നടത്താന്‍ തീരുമാനമായി. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളുടെ കിഴക്കന്‍ മേഖലകളില്‍ റബര്‍, പൈനാപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായതിനാല്‍ കൊതുക് വളരുന്നതിനുള്ള ഭൗതിക സാഹചര്യം കൂടുതലാണ്. തോട്ടമുടമകള്‍ ചിരട്ട പോലെ കൊതുക് വളരുന്നതിന് സഹായിക്കുന്നവ കമഴ്ത്തിടണമെന്നും ആവശ്യമായ പ്രതിരോധപ്രവര്‍ത്തനം നടത്തണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടി സ്വീകരിക്കാത്ത തോട്ടമുടമകള്‍ക്കെതിരെ പഞ്ചായത്ത രാജ്, പൊതുജനാരോഗ്യ നിയമങ്ങളിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കുഞ്ഞമുഹമ്മദ്, കെ.ഐ. ജേക്കബ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍,പോള്‍ ഉതുപ്പ്, കോതമംഗലം, മൂവാറ്റുപുഴ താലൂക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യസമതി അധ്യക്ഷന്മാര്, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാര്‍, റവന്യു,പഞ്ചായത്ത്,വിദ്യാഭ്യാസം, തൊഴില്‍ സാമൂഹ്യക്ഷേമം, ട്രൈബല്‍, ആയുര്‍വേദം. ഹോമിയോ, കൃഷി, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര എന്നിവയുടെ അധികൃതര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: