ന്യൂദല്‍ഹി: സിപിഎം സംസ്ഥാന ഘടകത്തെ പ്രതിക്കൂട്ടിലാക്കി നിരന്തരം പരസ്യപ്രസ്താവനകള്‍ നടത്തുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചു. ഇന്നലെ സമാപിച്ച യോഗത്തില്‍ വിഎസിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നെങ്കിലും പ്രശ്നം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും വിശദമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര കമ്മറ്റി തീരുമാനിക്കുകയായിരുന്നു. കേന്ദ്ര കമ്മറ്റിയുടെ തീരുമാനം പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം, സംസ്ഥാന നേതൃത്വത്തെ മാറ്റണമെന്ന ആവശ്യം വിഎസ് യോഗത്തില്‍ ആവര്‍ത്തിച്ചതായാണ് അറിയുന്നത്. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരായ നടപടി വൈകിയതില്‍ മറ്റുചില നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.പി.ചന്ദ്രശേഖരന്റെ വധത്തിനുശേഷം പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ പൊതുവികാരത്തിന് ചേര്‍ന്നതല്ലെന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ വിഎസ് വിമര്‍ശിച്ചു. പിണറായി പക്ഷത്തിനെതിരെയായിരുന്നു ഈ വിമര്‍ശനം.
വിഎസിന്റെ കത്തുകള്‍ക്കൊപ്പം എം.എം.മണിയുടെ വിവാദ പരാമര്‍ശങ്ങളും സംസ്ഥാനഘടകം വിശദമായി ചര്‍ച്ച ചെയ്യും. മണിക്കെതിരെ കൂടുതല്‍ നടപടികളുണ്ടാവണമെന്ന അഭിപ്രായവും രണ്ട് ദിവസമായി ഇവിടെ ചേര്‍ന്ന കേന്ദ്രകമ്മറ്റിയില്‍ ഉയര്‍ന്നു. ഇതും വിഎസിന്റെ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ടി.പി വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായാണ് വിഎസ് പ്രവര്‍ത്തിക്കുന്നതെന്ന് ഔദ്യോഗിക നേതൃത്വം പൊളിറ്റ്ബ്യൂറോയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ വിഎസിനെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന പൊതുവികാരമാണ് നേതാക്കള്‍ പങ്കുവച്ചത്. ഇതിന്റെ ഭാഗമാണ് വിഎസ് ഉന്നയിച്ച പ്രശ്നങ്ങള്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും ചര്‍ച്ച ചെയ്യാനെടുത്ത തീരുമാനം.
ഇന്നലെ സമാപിച്ച കേന്ദ്രകമ്മറ്റി യോഗത്തിനുശേഷം പുറത്തേക്കുവന്ന വിഎസിനോട് പ്രതികരണമാരാഞ്ഞപ്പോള്‍ താനൊന്നും പറയുന്നില്ല. എല്ലാം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുമെന്നായിരുന്നു പ്രതികരണം. ഇതിന് മുമ്പും പാര്‍ട്ടിയില്‍ മേല്‍കൈ നേടിയ ഘട്ടത്തിലൊക്ക വിഎസ് ഇങ്ങനെയാണ് പ്രതികരിച്ചിരുന്നത്.
ടി.പി.ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വി.എസ്.അച്യുതാനന്ദന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര കമ്മറ്റി യോഗം ചേരുന്നതിന് ഒരുദിവസം മുമ്പ് ദല്‍ഹിയിലെത്തിയ വിഎസ്, പ്രകാശ് കാരാട്ടുമായും പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായും പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. വിഎസിന്റെ ചിറകരിയാന്‍ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ സെക്രട്ടറിമാര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ചകള്‍. നടപടി വരട്ടെ, അപ്പോള്‍ കാണാമെന്നാണ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പുറമെ മറ്റൊരു കത്തും വിഎസ് കാരാട്ടിന് നല്കുകയുണ്ടായി. ഇതിന്റെ ഉള്ളടക്കം വ്യക്തമല്ല. ഈ രണ്ട് കത്തുകളും സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും ചര്‍ച്ച ചെയ്യണമെന്ന കേന്ദ്രകമ്മറ്റി നിര്‍ദ്ദേശത്തോടെ വിഎസ് ഒന്നുകൂടി കരുത്ത് നേടിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പിണറായി പക്ഷത്തിന് കീഴടങ്ങുന്ന പ്രശ്നമില്ലെന്ന സൂചനയാണ് ഇതുവഴി വിഎസ് നല്‍കുന്നത്.
എ.വിജയരാഘവനെ ഒഴിവാക്കി സിപിഎം കേന്ദ്ര സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പശ്ചിമബംഗാളില്‍നിന്നുള്ള മുന്‍ എംപി ബിമന്‍ ബോസിനെ പുറത്താക്കാനുള്ള സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തിന് കേന്ദ്രകമ്മറ്റി അംഗീകാരം നല്കി. അഴിമതിയാരോപണങ്ങളുടെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ബിമന്‍ ബോസിനെ നേരത്തെ മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: