കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ വധത്തില്‍ ടി.കെ. രജീഷിനുണ്ടായിരുന്ന പങ്ക് പുറത്താകുമെന്ന ഘട്ടത്തില്‍ സിപിഎം നേതൃത്വം സമ്മര്‍ദ്ദം ചെലുത്തി കേസ് അന്വേഷണം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് വ്യക്തമാകുന്നു. സംഭവത്തില്‍ രജീഷിന് പങ്കുണ്ടെന്ന് വ്യക്തമായാല്‍ അന്വേഷണം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയിരുന്നു ഇത്.
കൊലപാതക സംഘത്തില്‍പെട്ട ഒരാള്‍ അന്യസംസ്ഥാനത്ത് താമസിക്കുന്ന മലയാളിയാണെന്നും ഇയാളെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രസിഡന്‍സി പാസ്പോര്‍ട്ടിന് അന്വേഷണ ഉദ്യോഗസ്ഥര്‍ അപേക്ഷിച്ചെങ്കിലും നിരസിക്കുകയായിരുന്നു. കേസ് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രസിഡന്‍സി പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ എസ്.പി.യെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഇത് നല്കാന് തയ്യാറായില്ല. ഇങ്ങനെയാണ് ടി.കെ. രജീഷിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.
രജീഷിനൊപ്പം സംഭവത്തില്‍ പങ്കാളികളായ സിപിഎം നേതാക്കളെയും രക്ഷപ്പെടുത്തുകയാണ് അന്ന് സിപിഎം നേതൃത്വം ചെയ്തത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പോയി കേസ് അന്വേഷണം നടത്തുന്നതിനായി ജില്ലാപോലീസ് മേധാവി നല്കുന്ന അനുമതിയാണ് പ്രസിഡന്‍സി പാസ്പോര്‍ട്ട്.
പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമായതായി അന്നുതന്നെ ബിജെപി ആരോപണമുന്നയിച്ചിരുന്നു. സംഭവത്തില്‍ ടി.കെ. രജീഷിന് പങ്കുണ്ടെന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വം പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ചില ഉന്നത ഉദ്യോഗസ്ഥര്‍ തടയിടുകയായിരുന്നു.
സംഭവത്തില്‍ പ്രദീപന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ കേസിലെ ശരിയായ പ്രതികളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് പ്രദീപനടക്കമുള്ള കേസില്‍ പ്രതികളാക്കപ്പെട്ട ഏഴുപേരുടെ വിവരങ്ങള്‍ ഉണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാണ് ഉന്നതതലത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായത്. പ്രത്യേക അന്വേഷണസംഘം ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്ന് പ്രദീപന് അടക്കമുള്ളവരെ പാര്‍ട്ടി നേതൃത്വം ഹാജരാക്കി.
ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസിലെ എഫ്ഐആറിലും, ഇന്‍ക്വസ്റ്റിലും രണ്ട് സമയം രേഖപ്പെടുത്തിയെന്നതും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് എഫ്ഐആറില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തിരുത്തുവരുത്തേണ്ടതായും വന്നു. ജയകൃഷ്ണന് മാസ്റ്ററെ ക്രൂരമായി കൊലപ്പെടുത്തുന്നതിന് മുമ്പ്തന്നെ പോലീസിലെ സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലയിലെ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചിരുന്നു. സംഭവത്തിന് ശേഷം സിപിഎം കേന്ദ്രങ്ങളിലേക്ക് അന്വേഷണം എത്തുന്നത് തടയാനും അന്വേഷണം വഴിതിരിച്ചുവിടുന്നതിനുമുള്ള മുന്നൊരുക്കമായിരുന്നു സിപിഎം അനുകൂലികളായ ചില ഉദ്യോഗസ്ഥരുടെ നിയമനം. ഈ കാലഘട്ടത്തില്‍ കണ്ണൂരിലെ ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് സിപിഎം ഭരണത്തില്‍ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു ഉന്നത ഉദ്യോഗസ്ഥന് ഐപിഎസ് നല്‍കുകയും എട്ട്തവണ പണിഷ്മെന്റ്കിട്ടിയ എസ്ഐക്ക് സിഐ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസില്‍ വിധിപറഞ്ഞ തലശ്ശേരി ഫാസ്റ്റ്ട്രാക്ക് കോടതി പോലീസിന്റെ വീഴ്ചയും കേസില്‍ തമസ്ക്കരിക്കപ്പെട്ട കുറ്റതലങ്ങളും ഉന്നതരുടെ പങ്കാളിത്തവും ചൂണ്ടിക്കാട്ടുകയും വിധിപ്പകര്‍പ്പ് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമല്ല അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന സോമസുന്ദരന്‍, കണ്ണൂര്‍ എസ്പി ആയിരുന്ന അബ്ദുള്‍ഖാദര്‍, ക്രൈംബ്രാഞ്ച് എഡിജിപി മുഷാഹിരി അടക്കം ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നവരെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: