ചെന്നൈ: അണ്ണാ ഹസാരെക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. നാരായണ സ്വാമി. ഹസാരെ സാധാരണ മനുഷ്യനാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ദേശീയ വിരുദ്ധ ശക്തികളുടെ വലയത്തിലാണെന്ന് നാരായണ സ്വാമി പറഞ്ഞു. വിദേശ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടാണിതെന്നും നാരായണസ്വാമി കൂട്ടിച്ചേര്‍ത്തു.
ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കെജ്രിവാള്, കിരണ്‍ ബേദി എന്നിവര്‍ക്കെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനം നടത്തി. അഴിമതി വിരുദ്ധ സമരത്തിന്റെ പേരില്‍ വന്‍തുകയാണു ജനങ്ങളില്‍ നിന്ന് ഇവര്‍ പിരിച്ചെടുത്തത്. ഈ തുക എന്തു ചെയ്തെന്ന് ഇരുവരും വ്യക്തമാക്കണം. യാത്രാക്കൂലി സംബന്ധിച്ച പണമിടപാടു കേസില്‍ ആരോപണ വിധേയയായ വ്യക്തിയാണു കിരണ്‍ ബേദിയെന്നും അദ്ദേഹം തുറന്നടിച്ചു.
മന്മോഹന് സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും സുതാര്യമായ നടപടിയാണ് സ്വീകരിച്ചിട്ടുളളത്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം എന്ന പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണു രാംദേവ്, ഹസാരെ സംഘാംഗങ്ങള്‍ ചെയ്യുന്നതെന്നും നാരായണസ്വാമി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: