തിരുവനന്തപുരം: മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിയന്ത്രിക്കാനും മാലിന്യനീക്കം പുനരാരംഭിക്കാനും ലക്ഷ്യമിട്ട് തിരുവനന്തപുരം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മാസത്തെ നിരോധനാജ്ഞയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അഞ്ചു മാസമായി മാലിന്യ നീക്കം നിലച്ചിരിക്കുന്ന സാഹചര്യത്തിലാണു ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.
നഗരത്തിലെ മാലിന്യനീക്കം സുഗമമാക്കാനാണു നടപടി. പാതയരുകില്‍ മാലിന്യം തളളുന്നവര്‍ക്കെതിരേ കടുത്ത നടപടിയും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ക്കാണ് അധികൃതര്‍ തയാറെടുക്കുന്നത്. വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേയും മാലിന്യലോറികള്‍ തടയുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.
മാലിന്യം വലിച്ചെറിയുന്നത് തടയാനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകളും പരിശോധന നടത്തും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിങ്കളാഴ്ച വൈകിട്ടു മൂന്നു മണിക്കു കലക്റ്റര്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ യോഗത്തില്‍ നല്‍കും.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു നഗരത്തിലെ സ്ഥിതിഗതികള്‍ മോശമായതിനാലാണു കര്‍ശന നടപടി ഏര്‍പ്പെടുത്തുന്നതെന്നു ജില്ലാ കലക്ടര്‍ പി.എന്‍. സതീഷ് അറിയിച്ചു. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പകര്‍ച്ചവ്യാധികളില്‍ 70 ശതമാനവും നഗരപ്രദേശത്തു നിന്നാണ്. മഴക്കാലമെത്തിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാകുന്നതു നോക്കിനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: