തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിലെ ക്രമക്കേടു ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുന്‍ വൈസ് ചാന്‍സലര്‍, മുന്‍ പ്രോ വൈസ് ചാന്‍സലര്‍, നാല് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നിയമനത്തില്‍ ക്രമക്കേടു നടന്നെന്നും നിയമനം റദ്ദാക്കണമെന്നും നേരത്തേ ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസുകള്‍ കാണാതായ കേസില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതു കൂടാതെ പരീക്ഷയില്‍ സാമ്പത്തിക ഇടപെടല്‍ ഉള്‍പ്പെടെയുളള ക്രമക്കേടു നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണു പുതിയ ഉത്തരവ്.
നിയമനം നടക്കുമ്പോള്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു രാമചന്ദ്രന് നായര്‍, പ്രൊ വൈസ് ചാന്‍സലറായിരുന്ന ജയപ്രകാശ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, എം.ബി. റസല്‍, വി.എസ്. രാജീവ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കൂടാതെ നിയമനം നേടിയ 200 പേര് ലോകായുക്ത വിധിക്കെതിരേ കോടതിയെ സമീപിച്ചിരുന്നു. നിയമനം റദ്ദാക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: