കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിനു വേണ്ടി മനുഷ്യക്കശാപ്പ് നടത്തുന്നവന്, സിപിഎം ജില്ലാ നേതാവിന്റെ ആത്മമിത്രം. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഗുണ്ടാനേതാവ്. ടി.കെ എന്ന് വിളിപ്പേരുള്ള പാട്യം പുതിയതെരു കാരായി വീട്ടില്‍ വേലായുധന്-പ്രഭാസിനി ദമ്പതികളുടെ മകനായ ടി.കെ.രജീഷിന് വിശേഷണങ്ങള്‍ ഏറെ.
പുതിയതെരു പട്ടേല്‍ സ്മാരക വായനശാല ഭാഗത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചുകൊണ്ടാരംഭിച്ച രജീഷിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ പുറംലോകമറിയാന്‍ ടി.പി വധം കാരണമായത് യാദൃച്ഛികം മാത്രം. കൊല നടത്താന്‍ ആയുധമേന്തിയാല്‍ മരണം സുനിശ്ചിതമായാല് മാത്രമേ പിന്മാറൂ എന്ന സ്വഭാവമാണ് രജീഷിന്റേത്. തലക്കും മുഖത്തും മാത്രം വെട്ടുക എന്നതാണ് ടി.കീയുടെ കൊലപാതക രീതി. ടി.പി വധത്തില്‍ 51 വെട്ടുകള്‍ മുഖത്ത് മാത്രം ഉണ്ടായിരുന്നു. 1999 ഡിസംബര്‍ ഒന്നിന് കൊലചെയ്യപ്പെട്ട യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ശരീരത്തില്‍ നിന്നും മുഖത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. ബിജെപി അന്ന് തന്നെ പാട്യം സ്വദേശിയുടെ പങ്കിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെങ്കിലും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാര്‍ പാട്യത്തെ ഒരു കൊല്ലപ്പണിക്കാരനെ പ്രതിയാക്കി ടി.കീയെ രക്ഷപ്പെടുത്തുകയായിരുന്നു.
സൈനിക പരിശീലനത്തിന് സെലക്ഷന് ലഭിച്ച രജീഷ് ഫിസിക്കല്‍ ട്രെയിനിയെ മര്‍ദ്ദിച്ച് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പാര്‍ട്ടി നിശ്ചയിക്കുന്ന കൊല നടത്തി മഹാരാഷ്ട്രയിലേക്ക് വണ്ടി കയറുന്ന ടി.കെ നാട്ടുകാര്‍ക്ക് പോലും അപരിചിതനായി തുടര്‍ന്നു. അതിനിടെ പാമ്പിന് വിഷം കടത്തുകേസില്‍ അകപ്പെട്ടെങ്കിലും ഒരു സിപിഎം നേതാവ് ഇയാളെ രക്ഷിക്കുകയായിരുന്നു.
ടി.പി വധത്തിലെ ടി.കീയുടെ മൊഴിയെടുത്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കെ.ടി.ജയകൃഷ്ണന് വധം, പാനൂരിലെ ബിഎംഎസ് പ്രവര്ത്തകന് വി.സി.വിനയന്, കുന്നോത്തുപറമ്പിലെ കെ.സി.രാജേഷ്, മാഹിയിലെ ഷിനോജ്, വിജിത്ത് വധങ്ങളിലും കൂത്തുപറമ്പില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളിലും താന്‍ നേരിട്ട് പങ്കാളിയായിട്ടുണ്ടെന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭ്യമായതെന്നാണ് സൂചന. ജൂണ്‍ 22 വരെ വടകര ഫസ്റ്റ് ക്ലാസ് കോടതി ടി.കെ.രജീഷിനെ റിമാന്റ് ചെയ്തതോടെ പതിറ്റാണ്ടുകളായി അണിയറയിലായിരുന്ന കശാപ്പുകാരന് ആദ്യമായി ജയിലില്‍ കയറുന്ന അപൂര്‍വ്വതയാണ് ഇന്നലെ കാണാന്‍ സാധിച്ചത്.
ടി.കെ.രജീഷിന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്. രജീഷിന്റെ വെളിപ്പെടുത്തലുകളില്‍ ഞെട്ടിയ സിപിഎമ്മിന്റെ പല നേതാക്കളും പരക്കംപാച്ചിലാരംഭിച്ചു കഴിഞ്ഞു. ജില്ലാ സെക്രട്ടറി പി.ജയരാജന്, പാനൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.ഹരീന്ദ്രന്‍, കൂത്തുപറമ്പ് മുന്‍ ഏരിയാ സെക്രട്ടറി പനോളി വത്സന്, പാട്യം സ്വദേശി രാജന് തുടങ്ങിയ സിപിഎം നേതാക്കള്‍ക്കെതിരെ ടി.കെ.രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യ നീക്കമാരംഭിച്ചതായും വിവരമുണ്ട്.
1991 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍, 2005 ജുലൈ 7 ന് മുഴപ്പിലങ്ങാട്ടെ സൂരജ്, 2008 മാര്‍ച്ച് 7 ന് തലശ്ശേരി ഈങ്ങയില്‍ പീടികയില്‍ കുനിയില്‍ വീട്ടില്‍ സുരേഷ് ബാബു, 2009 മാര്‍ച്ച് 12 ന് ചമ്പാട് വടക്കേച്ചാലില്‍ വിനയന് തുടങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലാണ് തനിക്ക് പങ്കുള്ളതായി രജീഷ് മൊഴി നല്കിയിരിക്കുന്നതെന്നറിയുന്നു.
വി.പി.ജിതേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: