കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ടി.കെ.രജീഷിനെ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് രജീഷിനെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു.
രജീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടില്ല. തിരിച്ചറിയല്‍ പരേഡിന് ഹാജരേക്കേണ്ടതിനാല് മുഖം മറച്ചാണ് രജീഷിനെ ഇന്ന് വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. രജീഷിനെ ഹാജരാക്കുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് വടകര കോടതി പരിസരത്ത് തടിച്ചുകൂടിയത്. കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.
നേരത്തേ വടകര റൂറല്‍ എസ്.പി ഓഫിസിനു സമീപമുള്ള ക്യാംപ് ഓഫിസില്‍ രജീഷിനെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ സാവന്തവാഡിക്കടുത്ത ഗ്രാമത്തില്‍നിന്നാണ് പോലീസ് രജീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഇവിടെയുള്ള മലയാളികളായ ബേക്കറി നടത്തിപ്പുകാരുടെ സംരക്ഷണയിലായിരുന്നു രജീഷ്. കൊല നടത്തിയശേഷം മുംബൈയിലേക്ക് കടന്ന ഇയാള്‍ പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു.
രജീഷിനു മുംബൈയില്‍ ഒളിത്താവളമൊരുക്കുകയും സഹായിക്കുകയും ചെയ്ത നാലുപേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായവര്‍ 28 ആയി. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ക്വട്ടേഷനായി ഏറ്റെടുത്ത് നടത്തിയതല്ലെന്നും പാര്‍ട്ടി നിര്‍ദേശാനുസരണം നടത്തിയതാണെന്നും രജീഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന് വധം ഉള്‍പ്പെടെ അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളില്‍ രജീഷ് നേരിട്ട് പങ്കെടുത്തതായും രജീഷ് പോലീസിനു മൊഴി നല്‍കിയിരുന്നു.
സിപിഎം നേതൃത്വം ആവശ്യപെട്ടതുകൊണ്ടാണു ചന്ദ്രശേഖരനെ വധിച്ചതെന്നും ഒരിക്കലും താനൊരു ക്വട്ടേഷന്‍ സംഘത്തലവനല്ലെന്നും യാത്രാ ചെലവിനായി 15,000 രൂപ മാത്രമാണ് താനിതുവരെ തന്നെ ചുമതലപെടുത്തിയവരില് നിന്നും വാങ്ങിയതെന്നും രജീഷ് വ്യക്തമാക്കിയതാണ് റിപ്പോര്‍ട്ട്. ഇത് ശരിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനാല്‍ ടി.പി. വധം പാര്ട്ടികൊലതന്നെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയെന്നാണ് അറിയുന്നത്.
കാഞ്ഞങ്ങാട് സ്വദേശിയായ ഫ്ലാറ്റ് നിര്‍മാതാവിന്റെ ബോഡിഗാര്ഡായാണ് താനിപ്പോള്‍ ജോലി ചെയ്യുന്നതെന്നാണ് രജീഷ് പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: