കൊച്ചി: എളംകുളത്ത് നഗരസഭ കോടികള്‍ മുടക്കി നിര്‍മിക്കാനിരിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പദ്ധതി പ്ലാന്റ് അട്ടിമറിക്കാന്‍ നീക്കം. നഗരസഭയുടെ സ്ഥലം കയ്യേറിയ സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. ഈ സ്ഥലത്ത് സ്വകാര്യവ്യക്തി നിര്‍മിച്ച കെട്ടിടത്തിന് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള കൗണ്‍സില്‍ അജണ്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ജനോറം പദ്ധതിയില്‍പ്പെടുത്തിയാണ് എളംകുളത്ത് 25 എംഎല്‍ഡി സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. കഴിഞ്ഞ കൗണ്‍സിലിന്റെ ഭരണകാലത്തായിരുന്നു ഇത്. പദ്ധതിക്കായി 74.81 കോടി രൂപ കേന്ദ്ര ഫണ്ട് ലഭിച്ചു. നിര്‍മാണ നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നതിനിടെ ഈ ഭൂമിയില്‍ സ്വകാര്യവ്യക്തി വ്യാപാരകേന്ദ്രം നിര്‍മിച്ചു. കോര്‍പ്പറേഷനില്‍നിന്നുതന്നെ ലഭിച്ച അനുമതിപ്രകാരമായിരുന്നു ഇത്. പദ്ധതിക്ക് അലൈന്മെന്റ് തയ്യാറാക്കുന്നതിനിടെ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നും പെര്‍മിറ്റ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. സ്വകാര്യവ്യക്തി ഇതിനെ ഹൈക്കോടതിയില്‍ ചോദ്യംചെയ്തു. കെട്ടിടത്തിന് ഒക്യുപെന്‍സി നല്‍കാമെന്നും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ഈ സ്ഥലം അനിവാര്യമാണെങ്കില്‍ സ്വകാര്യവ്യക്തി സ്ഥാപിച്ച കെട്ടിടമടക്കം കോര്പ്പറേഷന് ഏറ്റെടുക്കാമെന്നുമായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ കെട്ടിടത്തിനുമാത്രം 1.25 കോടി രൂപ നല്‍കേണ്ടിവരുമെന്നും ഇത് കോര്പ്പറേഷന് താങ്ങാവുന്നതിലേറെയാണെന്നും ചൂണ്ടിക്കാട്ടി പദ്ധതി മറ്റൊരുസ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. കൗണ്‍സിലില്‍ അജണ്ടയായി എത്തിയ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അജണ്ടയിലെ തീരുമാനം നിയമവിരുദ്ധവും കോടികളുടെ ഫണ്ട് നഷ്ടപ്പെടുവാന്‍ വഴിവെയ്ക്കുന്നതുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ കൗണ്‍സിലര്‍ സി.എ.ഷക്കീറാണ് ഇക്കാര്യം കൗണ്‍സില്‍യോഗത്തില്‍ ചൂണ്ടിക്കാണിച്ചത്. സ്വീവേജ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ സ്വകാര്യവ്യക്തിക്ക് കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കേ ഭൂമി സ്വകാര്യവ്യക്തിക്കുതന്നെ വിട്ടുകൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അജന്‍ഡ മാറ്റിവെയ്ക്കണമെന്നും സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് അജന്‍ഡ മാറ്റിവെയ്ക്കുകയാണെന്നും സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ചചെയ്തശേഷം തീരുമാനിക്കാമെന്നും മേയര്‍ ടോണി ചമ്മണി അറിയിച്ചു.
ടാറ്റാപുരം കോളനിയുടെ കൈവശാവകാശം സംബന്ധിച്ചു ഹിന്ദുസ്ഥാന്‍ ലീവര്‍ കമ്പനിയും കോര്‍പ്പറേഷനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അഡീഷണല്‍ സെക്രട്ടറി ഇടപെട്ടെടുത്ത തീരുമാനം നിയമവിരുദ്ധമാണെന്നു മേയര്‍ പറഞ്ഞു. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചു ഹൈക്കോടതി ഡിവിഷന് ബെഞ്ച് കമ്പനിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചെങ്കിലും കോര്പ്പറേഷന് റിവ്യൂഹര്‍ജി കൊടുക്കാന്‍ അധികാരമുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുമാണ്. ഇതുസംബന്ധിച്ചു തുടര്‍നടപടി സ്വീകരിക്കാന്‍ ഫിനാന്‍സ് സ്റ്റാന്‍ഡിങ് കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.
നഗരത്തില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. നഗരത്തിലെ പല ബസ് ഷെല്‍ട്ടറുകളും അനാവശ്യമായി പണിതതാണ്.പരസ്യം സ്ഥാപിക്കാന്‍വേണ്ടിയാണ് ഇത്തരത്തില്‍ ബസ് ഷെല്‍ട്ടറുകള്‍ പണിയുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃതനിര്‍മാണത്തെ ചോദ്യംചെയ്യുന്ന കൗണ്‍സിലര്‍മാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും നിലവിലുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണറോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു.
സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.ജെ.വിനോദ്, ടി.കെ.അഷറഫ്, എസ്സി ജോസഫ്, കൗണ്‍സിലര്‍മാരായ അഡ്വ. എം.അനില്‍കുമാര്‍, പി.ആര്.റെനീഷ്, പി എസ് പ്രകാശന്, എം പി മഹേഷ്കുമാര്‍, സി.ഡി.വത്സലകുമാരി, മുംതാസ് ടീച്ചര്‍, സോജന് ആന്റണി, കെ.എന്‍.സുനില്‍കുമാര്‍, എന്‍.എ.ഷെഫീഖ്, തമ്പി സുബ്രഹ്മണ്യം, ശ്യാമള എസ്. പ്രഭു, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: