കൊച്ചി: കുടുംബശ്രീ മിഷന് എറണാകുളം ജില്ലയില്‍ സംഘടിപ്പിച്ച ബാലപഞ്ചായത്ത് പാര്‍ലമെന്റുകളില്‍ 9000 കുട്ടികളുടെ പങ്കാളിത്തം. ജനകീയ പ്രശ്നങ്ങളും കുട്ടികള്‍ക്കു നേരെയുള്ള അക്രമങ്ങളും അവകാശലംഘനങ്ങളും ചൂടോടെ ചര്‍ച്ച ചെയ്യുന്നതിനും ബാലപഞ്ചായത്ത് വേദിയായി. ജില്ലയിലെ 90 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ബാലപഞ്ചായത്ത് പാര്ലമെന്റുകള് സംഘടിപ്പിച്ചത്. 4807 ബാലസഭകളെ പ്രതിനിധീകരിച്ചാണ് 9000 കുട്ടികള്‍ പഞ്ചായത്തില്‍ പങ്കെടുത്തത്.
കുട്ടികളുടെ പ്രസിഡന്റ്, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍, പ്രതിപക്ഷാംഗങ്ങള്‍ തുടങ്ങിയവരെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മാതൃകയിലാണ് ബാലപഞ്ചായത്ത് പാര്ലമെന്റുകള് ഒരുക്കിയത്.
കുട്ടികള്‍ പ്രാദേശികമായി നേരിടേണ്ടി വരുന്ന പീഡനങ്ങള്‍, ബസ് യാത്രയിലെ അവഗണന, പീഡനം, സ്കൂളുകളിലെ ശിക്ഷാമുറകള്‍, ബാലവേല, സ്കൂളുകളിലെ ടോയ്ലറ്റുകള്, ക്ലാസ് മുറികള്‍ എന്നിവയുടെ ശോചനീയാവസ്ഥ, വയല്‍ നികത്തല്‍, പാറ പൊട്ടിക്കല്‍, മലിനീകരണം തുടങ്ങിയ വിഷയങ്ങള്‍ പഞ്ചായത്തുകളില്‍ അവതരിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബാലപഞ്ചായത്തുകള് സംഘടിപ്പിച്ചത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇവര്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: