കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ക്ക് ആവേശം പകര്‍ന്ന് സംസ്ഥാനത്തെ ഐഎഎസ് ടോപ്പര്‍ എ.ആര്. രാഹുല്‍ നാഥ്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയ രാഹുല്‍ നാഥിനെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നിലെത്തിച്ചത്.
ആത്മവിശ്വാസവും ആശയവിനിമയ ശേഷിയുമാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാനാഗ്രഹിക്കുന്നവര് സ്വായത്തമാക്കേണ്ടതെന്ന് രാഹുല്‍നാഥ് പറഞ്ഞു. സ്ഥിരോത്സാഹത്തോടെയുള്ള പരിശ്രമവും പരന്ന വായനയും കൂടിയേ തീരൂ. കേവലമൊരു ജോലി എന്നതിലുപരിയായി സമൂഹത്തോടുള്ള പ്രതിബദ്ധതയാകണം സിവില്‍ സര്‍വീസിലേക്ക് യുവാക്കളെ നയിക്കേണ്ടതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ഐഎഎസ് ടോപ്പര്‍ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ഉദ്ഘാടനം ചെയ്തു. ഉദ്യോഗാര്‍ഥികളുടെ സംശയങ്ങള്‍ക്ക് രാഹുല്‍ നാഥ് മറുപടി പറഞ്ഞു. ‘സിവില്‍ സര്‍വീസ് അപേക്ഷ മുതല്‍ ഇന്റര്‍വ്യൂ വരെ’ മള്‍ട്ടി മീഡിയ പ്രസന്റേഷന് പ്രോഗ്രാം കോ ഓഡിനേറ്റര്‍ ബെന്നി മാത്യു അവതരിപ്പിച്ചു. മേഖലാ ഡയറക്ടര്‍ ഒ.ആര്. ശ്രീകാന്തന്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.എന്‍. പ്രഭാകരന്, വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ പി.എസ്. റഷീദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: