ചെന്നൈ/ന്യൂദല്‍ഹി: ടുജി കേസിലും എയര്‍സെല്‍ മാക്സിസ് ക്രമക്കേടിലും ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് വീണ്ടും തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. ലോക്സഭാ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരം കോടതി നടപടികള്‍ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ലോക്സഭാതെരഞ്ഞെടുപ്പിലെ തന്റെ വിജയം ചോദ്യം ചെയ്തതിനെതിരെ കേന്ദ്രമന്ത്രി പി.ചിദംബരം നല്കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. ചിദംബരത്തിനെതിരെ ഉന്നയിച്ച 29 ആരോപണങ്ങളില്‍ രണ്ടെണ്ണം കോടതി തള്ളി. മറ്റ് കേസുകളില്‍ കോടതി നടപടികള്‍ അഭിമുഖീകരിക്കാന്‍ തയ്യാറാകണമെന്നും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടുള്ള ചിദംബരത്തിന്റെ ഹര്‍ജി തള്ളിയത്.
2009 ല്‍ ശിവഗംഗ മണ്ഡലത്തില്‍ നടന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് ചിദംബരം ജയിച്ചതെന്നും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആര്.എസ്.രാജ കണ്ണപ്പനാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ തന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളണമെന്നും നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശിവഗംഗ തെരഞ്ഞെടുപ്പില്‍ ആദ്യം തെരഞ്ഞെടുപ്പ് ഫലം എതിര്‍സ്ഥാനാര്‍ത്ഥി കണ്ണപ്പന് അനുകൂലമായിരുന്നു. എന്നാല്‍ രണ്ടാമത് വോട്ടെണ്ണിയതോടെയാണ് 3,354 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ചിദംബരം വിജയിച്ചതായി പ്രഖ്യാപനമുണ്ടായത്. ചിദംബരത്തിന്റെ അനുയായികള്‍ ക്രമക്കേട് നടത്തി അദ്ദേഹത്തെ വിജയിപ്പിക്കുകയായിരുന്നെന്നാണ് രാജ കണ്ണപ്പന്റെ ആരോപണം.
കേസില്‍ തുടര്‍നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ചിദംബരത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപിയും എഐഎഡിഎംകെയും ആവശ്യപ്പെട്ടു. അഴിമതിക്കേസുകളില്‍ ബന്ധമുള്ള ചിദംബരം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി കാണിച്ച കേസിലും പ്രതിയായിരിക്കുകയാണെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രിക്ക് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി ചോദിച്ചു. അഴിമതി വെച്ച്പൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന സോണിയയും പ്രധാനമന്ത്രിയും ചിദംബരത്തിന്റെ അഴിമതി സഹിക്കുന്നത് എന്തുകൊണ്ടാണെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. ചിദംബരത്തിന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടതായും ഗഡ്ക്കരി കുറ്റപ്പെടുത്തി.
ചിദംബരത്തിനെതിരെ നടപടിയെടുക്കുന്നത് വരെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ ബിജെപി ബഹിഷ്ക്കരിക്കുമെന്നും ഗഡ്ക്കരി മുന്നറിയിപ്പ് നല്കി.
കോടതി നടപടി നേരിടുന്ന പി.ചിദംബരം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ആവശ്യപ്പെട്ടു. രാജിവയ്ക്കാന്‍ ചിദംബരം വിസമ്മതിച്ചാല്‍ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും അവര്‍ പറഞ്ഞു. ജനാധിപത്യരീതികള്ക്കനുസരിച്ചല്ല ചിദംബരം വിജയിച്ചതെന്നും അദ്ദേഹം മന്ത്രിയായി തുടര്‍ന്നാല്‍ അത് ജനാധിപത്യത്തിനേല്ക്കുന്ന കളങ്കമായിരിക്കുമെന്നും ജയലളിത ചൂണ്ടിക്കാട്ടി.
എന്നാല്‍, ചിദംബരം രാജി വയ്ക്കണമെന്ന ആവശ്യത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസാണ് ചിദംബരം നേരിടുന്നതെന്നും ക്രിമിനല്‍ വിചാരണ നേരിടുന്ന രീതിയിലാണ് മാധ്യമങ്ങള്‍ അത് അവതരിപ്പിക്കുന്നതെന്നും കേന്ദ്രനിയമമന്ത്രി സല്മാന് ഖുര്‍ഷിദ് കുറ്റപ്പെടുത്തി. ഒരു തെരഞ്ഞെടുപ്പ് പരാതിയുടെ പേരില്‍ ചിദംബരം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്്സിംഗും പറഞ്ഞു.
ടു ജി കേസില്‍ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം രാജിവയ്ക്കണമെന്ന് ബിജെപി ശക്തമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എയര്‍സെല്‍-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിലും ചിദംബരത്തിനെതിരെ ആരോപണമുയര്‍ന്നു. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണയോടെ മന്ത്രിസഭയില്‍ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചിദംബരത്തിന് കോടതി നടപടികള്‍ നേരിടേണ്ടി വരുന്നത്.
അതേസമയം, ഹൈക്കോടതി വിധി തനിക്ക് തിരിച്ചടിയല്ലെന്നും പരാതിക്കാരനാണ് വിധി തിരിച്ചടിയാകുന്നതെന്നും കേന്ദ്രമന്ത്രി പി.ചിദംബരം പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയുടെ പേരില്‍ ചില രാഷ്ട്രീയനേതാക്കള്‍ തന്റെ രാജി ആവശ്യപ്പെടുന്നത് വമ്പന്‍ വിഡ്ഢിത്തമാണെന്നും ചിദംബരം പറഞ്ഞു. പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങള്‍ക്കെതിരെ ഇതിന് സമാനമായ 111 പരാതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്കെതിരെ വെറും ആരോപണങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്നും വിചാരണ തുടങ്ങുകയോ സാക്ഷികളെ വിസ്തരിക്കുകയോ ചെയ്തിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: