ശരീരമദ്ധ്യത്തിലായി താമരയുടെ രൂപത്തില്‍ ശുദ്ധവും സൂക്ഷമവും പാപരഹിതവുമായി ഒരു സ്ഥാനമുണ്ട്. അതിനുള്ളില്‍ ശോകരഹിതവും സൂക്ഷമവുമായ ആകാശമുണ്ട്. അവിടെയാണ് ധ്യാനിക്കേണ്ട്ത്.
ഹൃദയമെന്ന് നാം വ്യവഹരിക്കുന്ന വസ്തുവിന്നുള്ളിലെ ആകാശത്തെപ്പറ്റി ചിന്തിക്കുക. ആ ആകാശം നമ്മുടെ ശരീരമനസ്സുകളില്‍ വ്യാപിച്ചിരിക്കുന്ന ആകാശത്തിന്റെ ഭാഗമാണ്. അതാണ് ആത്മാവിന്റെ സ്ഥാനം. അത് സര്‍വ്വവ്യാപകമായ പരമാത്മാവ് അഥവാ നാരായണന് ആകുന്ന ആകാശത്തിന്റെ ഒരു ഭാഗമാണ്.
ആകാശമെന്ന വാക്കിന്ന് അഗാധമായ അര്‍ത്ഥമുണ്ട്. ഈ മുറിയിലെ ആകാശം പരിമിതമായി കാണപ്പെടുന്നു. എന്നാലത് വാസ്തവത്തില്‍ പരിമിതമാണോ? അല്ല, അങ്ങനെയാവാന്‍ സാദ്ധ്യമല്ല, മുറിയിലെ ആകാശം ബാഹ്യാകാശത്തില്‍ നിന്നഭേദ്യമാണ്. ചുമരുകള്‍ അതിനെ കാഴ്ചയ്ക്കുമാത്രം പരിമിതമാക്കുന്നു. ഇതുതന്നെയാണ് ഹൃദയത്താല്‍ കാഴ്ചയ്ക്ക് പരിമിതമാക്കപ്പെടുന്ന ചൈതന്യത്തിന്റെ കാര്യവും. പരിമിതമെന്നു തോന്നുന്നത് അനന്തത്തില്‍ നിന്ന് അഭേദ്യമാണ്. അതാണ് ബൃഹദാരണ്യകോപനിഷത്തിലെ അന്തര്‍യ്യാമി ബ്രാഹ്മണമെന്ന ഖണ്ഡത്തില്‍ ഋഷി പറയുന്നത്. അനന്തചൈതന്യം ഭൂമിയിലും ജലത്തിലും അഗ്നിയിലും ആകാശത്തിലും വായുവിലും സ്വര്‍ഗ്ഗത്തിലും സൂര്യനിലും ചന്ദ്രനിലും നക്ഷത്രത്തിലും സ്ഥിതിചെയ്യുന്നു. അവിടുന്ന് അതുപോലെ കണ്ണിലും മനസ്സിലും ബുദ്ധിയിലും വര്‍ത്തിക്കുന്നു. എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവിടുന്ന് അന്തര്‍യ്യാമിയാണ്. അവിനാശിയായ ആത്മാവാണ്, എന്നാല്‍ സാധകന് ധ്യാനംകൊണ്ട് ഇതെല്ലാം സാക്ഷാത്കരിക്കണം. ആത്മാവിനെപ്പറ്റി സംസാരിച്ചാല്‍മാത്രം പോരാ; അറിയണം, അന്വേഷിക്കണം, അവസാനം അനുഭവിക്കണം.
വേദാന്ത ചിന്താപദ്ധതിയില്‍ വൃഷ്ടിയും സമഷ്ടിയും അഭേദ്യമാണ്. നമുക്കു നമ്മുടെ ശരീരവും ഹൃദയത്തില്‍ ഈ ആകാശവും ഉള്ളതുപോലെ പ്രപഞ്ചഹൃദയത്തിലും ഒരാകാശമുണ്ടെന്ന് വെണമെങ്കില്‍ പറയാം. അതേ ആകാശം നമ്മുടെ സൂക്ഷമശരീരത്തിലും പ്രപഞ്ച ശരീരത്തിലും വ്യാപിച്ചിരിക്കുന്നു. ഒരേ ചൈതന്യം നമ്മുടെ ജീവാത്മാവിലും പരമാത്മാവിലും വ്യാപിച്ചിരിക്കുന്നു. അവിടുന്നാണ് വ്യക്തിയും പ്രപഞ്ചവുമായി പ്രകാശിക്കുന്ന എല്ലാ നാമരൂപങ്ങള്ക്കുമതീതമായ ഏകതത്ത്വം.
മഹാനാരായണോപനിഷത്തില്‍ നിന്ന് നേരത്തെ ഉദ്ധരിച്ച മന്ത്രത്തിന്ന് പല വ്യാഖ്യാനങ്ങളുമുണ്ട്. എന്നാല്‍ ദാര്ശനികവാദങ്ങളെല്ലാം മാറ്റിവെച്ച് ഹൃദയാകാശത്തില്‍ ജീവാത്മാവ് വസിക്കുന്നു എന്നും അതില്‍ എല്ലാ ആത്മാക്കളുടെയും ആത്മാവായി പരമാത്മാവു വസിക്കുന്നു എന്നും നമുക്കൊരു വിഷമവും കൂടാതെ സ്വീകരിക്കാം. നമ്മുടെ വ്യക്തിബോധം പ്രപഞ്ചബോധത്തിന്റെ ഭാഗമാണെന്ന് നമ്മുടെ ആചാര്യന്മാരെല്ലാം പറയുന്നു. വ്യക്തിക്ക് സ്വതന്ത്രനായി നിലനില്ക്കാന് സാദ്ധ്യമല്ല. കുമിളക്ക് സമുദ്രത്തെകൂടാതെ നിലനില്‍പ്പുണ്ടോ? അനന്തപ്രകാശം കൂടാതെ ഒരു പ്രകാശരശ്മിക്ക് നിലനില്ക്കാമോ? ഹൃദയാകാശത്തിന് അനന്താകാശംകൂടാതെ നിലനില്ക്കാമോ? ഇല്ല. വൃഷ്ടിയും സമഷ്ടിയും അഭേദ്യമാണ്. അവയ്ക്കു തമ്മിലുള്ള ശാശ്വതബന്ധം നാം ഹൃദയകേന്ദ്രത്തിലനുഭവിക്കണം.
ദിവ്യബോധത്തിന്റെ ഒരു കേന്ദ്രമാണെന്നു സങ്കല്പിച്ച് തീവ്രമായി ഹൃദയകേന്ദ്രത്തെ ഭാവന ചെയ്യുക. നിങ്ങളിലുള്ള ദിവ്യബോധം പുറത്തുമുണ്ട്. അവിഭക്തവും അഭേദ്യവുമായ ഒരനന്തബോധത്തിന്റെ ഒരംശമാണത്.
തുടക്കത്തില്‍ ഈ ബോധത്തെ പ്രകാശമായി ഭാവനചെയ്യാം. എന്നാല്‍ വാസ്തവത്തിലത് ബുദ്ധിയുടെ പ്രകാശമാണ്. അതായത് ദിവ്യപ്രകാശമാണ് എന്നാണ് ഉദ്ദേശിക്കുന്നത്. ഈ ദിവ്യപ്രകാശം എന്നിലുണ്ട്. അതേസമയം അത് പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. അത് ഏറ്റവും അഖണ്ഡവുമാണ്. നമ്മുടെ ഈ ശരീരം ബ്രഹ്മമന്ദിരംപോലെയാണ്. സദാ സ്മരിക്കുക-ഓരോ ശരീരവും ബ്രഹ്മ മന്ദിരമാണ്.
ഇതൊക്കെ ഭാവനചെയ്തശേഷം, ഉപ്പുപാവ സമുദ്രത്തിലലിഞ്ഞുചേരുന്നതുപോലെ നിങ്ങളുടെ ബോധത്തെ ദിവ്യബോധത്തിലലിയിക്കാന് ശ്രമിക്കുക. ശരീരബോധമാണ് തടസ്സമായി നില്‍ക്കുന്നത്. നമ്മുടെ ബോധത്തെ ദിവ്യബോധത്തില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുന്ന ഉടനെതന്നെ ജീവാത്മാവ് ശരീരമല്ല എന്ന ബോധമുദിക്കുന്നു. ധ്യാനം വെറും സാധാരണ ഏകാഗ്രതയല്ല. അദ്ധ്യാത്മനിഷ്ഠയുടെയും സദാചാരഗുണങ്ങളുടെയും ഫലമായുള്ള ഒരു പ്രത്യേകതരം ഏകാഗ്രതയാണത്. ആരംഭത്തില്‍ എല്ലാവര്ക്കും ഹൃദയമാണ് ഏറ്റവും നല്ല കേന്ദ്രം. അവസാനമായി ധ്യാനമെന്നാല് ജീവേശ്വരൈക്യമാണ്.
യതീശ്വരാനന്ദസ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: