തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നടപടി എടുക്കാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ആവില്ലായിരുന്നുവെന്നും മണി പറഞ്ഞു.
തന്റെ പ്രസംഗം വിവാദമാക്കുന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മണി ആരോപിച്ചു. അക്രമത്തെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറയുന്നത് കേള്‍ക്കുമ്പോള്‍ പരമപുച്ഛമാണ്. സി.പി.എമ്മിനെ നേരിടാന്‍ സി.പി.ഐ ഒരുളുപ്പുമില്ലാതെ കോണ്‍ഗ്രസിനോട് കൂട്ടുകൂടുകയാണെന്നും മണി പറഞ്ഞു.
രണ്ടു ദിവസമായി ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് മണിക്കെതിരെ നടപടി എടുത്തത്. പ്രസംഗത്തെ ക്കുറിച്ച് മണിയോടു വിശദീകരണം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അടുത്തു ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ വിശദീകരണം ചര്‍ച്ച ചെയ്യും. പോളിറ്റ് ബ്യൂറോ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് വാര്‍ത്താക്കുറിപ്പില്‍ സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.
ഒമ്പതിനും പത്തി നും ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ഇടുക്കി ജില്ലാ കമ്മിറ്റി ചേര്‍ന്നായിരിക്കും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. എട്ടു തവണ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മണി 25 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. സംസ്ഥാന സമിതി അംഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: