ന്യൂദല്‍ഹി: ടുജി അഴിമതിക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന മുന്‍ ടെലികോം മന്ത്രി എ.രാജയ്‌ക്ക് തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കി. ദല്‍ഹി കോടതിയാണ് അനുമതി നല്‍കിയത്. ജൂണ്‍എട്ട് മുതല്‍ ജൂണ്‍ 30 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ സന്ദര്‍ശനം നടത്താനാണ് അനുമതി. കേസില്‍ മെയ് 15 ന് ജാമ്യമനുവദിച്ച കോടതി, തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചിരുന്നു. കോടതി അനുമതിയില്ലാതെ ടെലികോം വകുപ്പിലും സന്ദര്‍ശനം നടത്തരുതെന്ന് ഉത്തരവുണ്ടായിരുന്നു.
ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെയായിരിക്കും രാജ ആദ്യം സന്ദര്‍ശിക്കുക. തുടര്‍ന്ന് സ്വന്തം മണ്ഡലമായ പേരാമ്പല്ലൂര്‍, ഊട്ടി എന്നിവിടങ്ങളിലും രാജ സന്ദര്‍ശനം നടത്തും. ഡിഎംകെ മുന്‍ ഉപമുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അനുയായികള്‍ ഊട്ടിയും പേരാമ്പല്ലൂരിലും വലിയ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
അടുത്ത മണിക്കൂറുകളില്‍ പാര്‍ട്ടി അംഗങ്ങളേയും സുഹൃത്തുക്കളേയും കാണുവാനാണ് രാജ ഒരുങ്ങുന്നത്. 89-ാം പിറന്നാള്‍ ആഘോഷിച്ച കരുണാനിധിയുടെ ചടങ്ങുകളില്‍ രാജ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്താനായിരിക്കും തങ്ങള്‍ ശ്രമിക്കുകയെന്ന് രാജയുടെ അടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: