കൊച്ചി: കൊച്ചി നഗരത്തിന് രണ്ട് സബ്സ്റ്റേഷനുകള്‍. പനങ്ങാട് 110 കെവി, ബിപിസിഎല്‍ കൊച്ചി റിഫൈനറി 220 കെവി എന്നീ സബ്സ്റ്റേഷനുകളാണ് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് ഇന്നലെ നാടിന് സമര്‍പ്പിച്ചത്.
കൊച്ചി റിഫൈനറിക്ക് വേണ്ടി കെഎസ്ഇബി സ്ഥാപിച്ച സബ് സ്റ്റേഷന് 75 കോടി രൂപയാണ് മുതല്‍മുടക്ക്. ഇതോടെ 220 കെവി തലത്തില്‍ കെഎസ്ഇബിയുടെ ആദ്യ എക്സ്ട്രാ ഹായ് വോള്‍ട്ടേജ് ഉപഭോക്താവ് എന്ന പദവിയും കൊച്ചി റിഫൈനറിക്ക് കൈവന്നു. റിഫൈനറിയുടെ സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി, പെട്രോകെമിക്കല്‍ സംയുക്ത സംരംഭം, സംസ്ഥാന സര്‍ക്കാരിന്റെ പെട്രോകെമിക്കല്‍ പാര്‍ക്ക് എന്നിവയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാകുന്നതാണ് ഈ പുതിയ സബ്സ്റ്റേഷന്.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന റിഫൈനറി സബ്സ്റ്റേഷനില്‍ 50 എംവിഎ ശേഷിയുള്ള രണ്ട് പവര്‍ ട്രാന്‍സ്ഫോമറുകളാണുള്ളത്. ഇതില്‍ ഒരെണ്ണം മാത്രം റിഫൈനറിയുടെ ഇപ്പോഴത്തെ ആവശ്യത്തിന് മതിയാകും. രണ്ടാമത്തെ ട്രാന്‍സ്ഫോമര്‍ പൊതു വിതരണ ശൃംഖലയ്ക്കായി നീക്കിവയ്ക്കും. കൊച്ചി റിഫൈനറി വളപ്പിലൂടെ കടന്നുപോകുന്ന 220 കെ.വി ലൈനില്‍ നിന്നും നേരിട്ടാണ് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. നാല് വിതരണ ടവറുകളാണ് ഇതിനായി സ്ഥാപിച്ചത്.
കുമ്പളം പഞ്ചായത്തിലെ പനങ്ങാട് 15 കോടി രൂപ ചെലവില്‍ ആവിഷ്കരിച്ച 110 കെവി സബ് സ്റ്റേഷന് പൂര്‍ത്തിയാകുമ്പോള്‍ ചെലവിട്ടത് 12 കോടി രൂപ മാത്രം. കുമ്പളം, മരട്, പനങ്ങാട്, ചാത്തമ്മ, നെട്ടൂര്‍ പ്രദേശങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരളവു വരെ ഈ സബ് സ്റ്റേഷന് പരിഹാരമാകും. വൈദ്യുതി ബോര്‍ഡ് വിലയ്ക്കു വാങ്ങിയ 159 സെന്റ് സ്ഥലത്താണ് സബ്സ്റ്റേഷന്. കളമശ്ശേരി – അരൂര്‍ ലൈനില്‍ നിന്നും ലൈന്‍ വലിച്ചാണ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 110/10 കെവിയുടെ 12.5 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ആറ് 11 കെവി ഫീഡറുകളിലൂടെയാണ് വൈദ്യുതി വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: