പള്ളുരുത്തി: ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷമായി. ചൊവ്വാഴ്ച രാവിലെ 12 മണിയോടെ ചെറിയ തോതില്‍ ആരംഭിച്ച കടല്വെള്ളക്കയറ്റം ഒരുമണിയോടെ ശക്തമായി. കടല്‍ഭിത്തി കവിഞ്ഞ് വെള്ളം കയറിയതോടെ ജനം അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തരായി പരക്കംപായുകയായിരുന്നു. ചെല്ലാനം സിഎംഎസ്, കാട്ടിപ്പറമ്പ്, ചെറിയകടവ്, മാനാശ്ശേരി, ഗൊണ്ടുപറമ്പ്, വേളാങ്കണ്ണി, കണ്ടക്കടവ് പ്രദേശങ്ങളിലാണ് ഏറ്റവും രൂക്ഷമായി കടല്‍ തള്ളിക്കയറിയത്. അഞ്ഞൂറോളം വീടുകളില്‍ കടല്‍വെള്ളം കയറി. കടല്ക്കയറ്റത്തില് വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും ഒഴുകി നടക്കുന്നുണ്ടായിരുന്നു.
ചെല്ലാനം-കണ്ണമാലി റോഡുകളില്‍ കനത്ത വെള്ളക്കെട്ടായി മാറി. തീരദേശവീടുകള് കൂടാതെ റോഡിന്റെ മറുവശത്തേക്കും വെള്ളം ഒഴുകിയെത്തി. കടലില്‍നിന്നും ഒഴുകിയെത്തിയ ചെളിനിറഞ്ഞ വെള്ളം വീടുകളില്‍ വൈകുവോളം കെട്ടിക്കിടക്കുകയാണ്. തിങ്കളാഴ്ചയും ചെല്ലാനം ഭാഗത്ത് കടല്കയറ്റമുണ്ടായിരുന്നു. അതിന്റെ മൂന്നിരട്ടി ശക്തിയിലാണ് വെള്ളം കയറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളം റോഡുകളില്‍ നിറഞ്ഞതോടെ ചെറിയ തോതില്‍ പ്രദേശത്ത് ഗതാഗത തടസമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ വള്ളവുമായി കടലിലിറങ്ങിയവരെ തിരിച്ചുവിളിപ്പിച്ചു. സാധാരണ കാലവര്‍ഷം കനക്കുന്നതോടെ കടലാക്രമണവും കടല്‍കയറ്റവും ശക്തമാകാറുണ്ടെങ്കിലും ഇത്തരം പ്രതിഭാസം ഉണ്ടാവാറില്ലെന്ന് മുതിര്‍ന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. കടല്‍ക്ഷോഭം കണക്കിലെടുത്ത് പ്രദേശത്ത് മണല്‍ച്ചാക്കുകള്‍ വിതരണം ചെയ്യുമെന്ന് കൊച്ചി തഹസില്‍ദാര്‍ ഇ.വി.ബബിച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: