കൊച്ചി: എറണാകുളം ബോട്ടു ജെട്ടിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കാര്യക്ഷമമാക്കാന്‍ ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ് നിര്‍ദ്ദേശം നല്കി. ബോട്ട് ജെട്ടിയുടെ ദുരവസ്ഥ നേരില്‍ കാണാനെത്തിയതായിരുന്നു മന്ത്രി. ജെട്ടിയുടെ കാടുപിടിച്ച് കിടക്കുന്ന പ്രദേശം വെട്ടിത്തെളിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. മൂന്നു വാച്ച്മാന്മാരെ അടിയന്തിരമായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെട്ടിയിലും പരിസരത്തും അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ മന്ത്രി മേയറോട് നിര്‍ദ്ദേശിച്ചു.
യാത്രക്കാര്‍ക്ക് അസൗകര്യമായ രീതിയിലും ബോട്ട് ജെട്ടിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുമുള്ള ടൂറിസ്റ്റ് ബോട്ട് ഓപ്പറേഷന് സംബന്ധിച്ച പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ മന്ത്രി വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ഷാജി ആര്. നായര്‍ക്ക് നിര്‍ദ്ദേശം നല്കി. ടൂറിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും എന്നാല്‍ ദൈനംദിന ബോട്ട് സര്‍വ്വീസുകള്‍ക്ക് യാതൊരുവിധ തടസമുണ്ടാകരുതെന്നും മന്ത്രി നിര്‍ദ്ദേശം നല്കി. ബോട്ട് ജെട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവലോകനം ചെയ്ത് നടപടി എടുക്കും. ജെട്ടിയുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകളും ആരായും. കൂടുതല്‍ ബോട്ടുകള്‍ വരുന്ന മുറയ്ക്ക് വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി- മട്ടാഞ്ചേരി എന്നിവയുമായി ബന്ധിപ്പിച്ച് സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ടു മണിയോടെയാണ് മന്ത്രി ജെട്ടിയില്‍ എത്തിയത്. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, ജില്ലാ കളക്ടര്‍ ഷേയ്ക് പരീത്, മേയര്‍ ടോണി ചമ്മണി, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: