കേരളം പണ്ട് ആഗോള വികസന മാതൃകയായത് ആരോഗ്യ-വിദ്യാഭ്യാസ വികസന സൂചികകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇന്ന് കേരളം പ്രകൃതിനശീകരണവും പ്രകൃതിവിഭവചൂഷണവും നഗര-ഗ്രാമ ഭേദമെന്യേ ജലസ്രോതസ്സുകളെയും അന്തരീക്ഷത്തെയും മലിനമാക്കുന്ന മാലിന്യക്കൂമ്പാരമാണ്. രാഷ്ട്രീയ പരിസ്ഥിതി നോക്കുകയാണെങ്കില്‍ ഇവിടെ വടക്ക് പടിഞ്ഞാറെ ഇന്ത്യയിലെപ്പോലെ നിയമവാഴ്ചയെ തടസപ്പെടുത്തി സമാന്തര ഭണണമാണ് നടക്കുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പോലീസില്‍ ഐപിഎസുകാര്‍ ഉള്‍പ്പെടെ 500 ലധികം അഴിമതിക്കാര്‍ ഉണ്ടെന്ന് സര്‍ക്കാര്‍തന്നെ കോടതിയില്‍ ലിസ്റ്റ് സഹിതം ബോധിപ്പിക്കുന്നു.
കരുനാഗപ്പള്ളിയില്‍നിന്നും ബിനു എന്നൊരാള്‍ എന്നെ വിളിച്ചുപറഞ്ഞത് കരുനാഗപ്പള്ളിയിലെ കണ്ണേറ്റി കായല്‍, അല്ലെങ്കില്‍ ചന്തക്കായല്‍ ഇപ്പോള്‍ സര്‍ക്കാര്‍ മണ്ണിട്ട് നികത്തി സ്റ്റേഡിയം പണിയാന്‍ പോകുന്നു എന്നാണ്. കാര്യമായ വികസനങ്ങളൊന്നും നടക്കാത്ത, ഒരു നല്ല ട്രാഫിക് സിഗ്നല്‍ സംവിധാനംപോലുമില്ലാത്ത കരുനാഗപ്പള്ളി പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയപ്പോള്‍ അവര്‍ വികസനത്തിന് തുടക്കംകുറിക്കുന്നത് കണ്ണേറ്റിക്കായല് നികത്തി സ്റ്റേഡിയം പണിയാനാണത്രെ. കണ്ണേറ്റിക്കായലിനെ പരിസരവാസികള്‍ വാത്സല്യത്തോടെ വിളിക്കുന്നത് വട്ടക്കായല്‍ എന്നാണ്. വൃത്താകൃതിയിലുള്ള ഈ കായല്‍ അവരുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ്. ചന്തയിലേക്ക് വള്ളങ്ങളില്ക്കൂടി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് ഈ കായലില്ക്കൂടിയാണെന്ന് കരുനാഗപ്പള്ളിക്കാര്‍ ഓര്‍ത്തെടുക്കുന്നു. സായാഹ്നങ്ങളില്‍ അവര്‍ ഒത്തുകൂടുന്നത് ഈ ജലവൃത്തത്തിനരികിലാണ്.
കേരളം വിനോദസഞ്ചാര വികസനത്തില്‍ മുന്നേറുന്നു എന്നു പറയുന്ന സംസ്ഥാനമാണ്. കണ്ണേറ്റിക്കായലിലെ ശ്രീനാരായണ ബോട്ട് റേസിംഗ് പ്രസിദ്ധമാണ്. കണ്ണേറ്റി വള്ളംകളിയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ചന്തക്കായല്‍ ആയിരുന്നു. ഇതിന് ആഴം കൂട്ടാനും 1500 മീറ്റര്‍ ചുറ്റുമതില്‍ സംരക്ഷണത്തിനുമായി 13-ാം ധനകാര്യ കമ്മീഷന് 1.90 കോടി രൂപ അനുവദിച്ചിരുന്നു എന്നതില്‍നിന്നുതന്നെ കണ്ണേറ്റിക്കായലിന്റെ വികസന പ്രാധാന്യം തെളിയിക്കുന്നു. പക്ഷെ അവിടെ ഇപ്പോള്‍ നടക്കുന്നത് 10 ഏക്കര്‍ കായല്‍ സ്ഥലം ഏറ്റെടുത്ത് ഒരു മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ് പണിയലാണ്.
കണ്ണേറ്റിക്കായലിന്റെയും അതിന്റെ ഭാഗമായ പള്ളിക്കലാറിന്റെയും സംരക്ഷണത്തിന് രൂപം കൊണ്ട പള്ളിക്കലാര്‍ സംരക്ഷണസമിതി ആരോപിക്കുന്നത് ഈ സ്ഥലം ഭൂമാഫിയകളുടെ കയ്യില്പ്പെട്ടിരിക്കുന്നു എന്നാണ്. ചതുപ്പുനിലം നികത്തി, കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച ഭൂമാഫിയ കൈത്തോടുകള്‍ നശിപ്പിക്കുകയും ജലനിരപ്പ് കുറയുകയും ചെയ്യുമ്പോള്‍ ചെളി വാരലും മണ്ണെടുക്കലും തകൃതിയാണ്. കണ്ണേറ്റി പരിസരം ഭൂമാഫിയകള്‍ കയ്യടക്കിയശേഷമാണ് മുനിസിപ്പാലിറ്റി ഇപ്പോള്‍ കായല്‍ നികത്തി സ്റ്റേഡിയം പണിയാന്‍ ലക്ഷ്യമിടുന്നതത്രേ.
മലയാളികള്‍ക്ക് വികസനം എന്നാല്‍ പരിസ്ഥിതി പ്രകൃതി നശീകരണം എന്നായി മാറിക്കഴിഞ്ഞു. വേമ്പനാട്ടുകായല്‍ നികത്തി നികത്തി പണ്ടത്തേക്കാള്‍ പകുതിയായിക്കഴിഞ്ഞു. ഓരങ്ങള്‍ കയ്യേറി കെട്ടിടങ്ങള്‍ ഉയരാത്ത പുഴയോരങ്ങള്‍ കേരളത്തില്‍ കാണുകയില്ല. നശിപ്പിക്കാത്ത വനങ്ങളോ കൊന്നൊടുക്കാത്ത വന്യജീവികളോ ഇല്ല. പ്രകൃതിയോടും പുഴകളോടും കായലിനോടും സമുദ്രതീരത്തോട് പോലും കനിവില്ലാത്ത, പച്ചനിറത്തോട് കഠിനമായ വിരോധവും ചോരയുടെ ചുവപ്പിനോട് ഇത്രയധികം ആര്‍ത്തിയുമുള്ള ഒരു ജനസമൂഹം ഇന്ത്യയില്‍ വേറെ കാണുകയില്ല. പ്രകൃതിസംരക്ഷണം എന്ന വാക്ക് ഇവിടെ അശ്ലീലമാണ്. സിംഹവാലന്‍ കുരങ്ങിനെ, ആദിവാസി സംസ്കാരത്തെ, അതിരപ്പള്ളിയിലെ അപൂര്‍വ മത്സ്യസമ്പത്തിനെ സംരക്ഷിക്കണമെന്ന് പറയുന്ന പരിസ്ഥിതിസ്നേഹികള്‍ കേരളത്തില്‍ പരിഹാസ്യരാണ്.
കേരളത്തിലെ പുഴകള്‍ മരിക്കുന്നു. ഭാരതപ്പുഴ മണലൂറ്റുചൂഷണം മൂലം വെറും തോടായി. വര്‍ഷകാലത്ത് മാത്രം പുഴയുടെ രൂപം കൈക്കൊള്ളുന്ന പുണ്യനദിയായ പെരിയാര്‍ ഭാരതപ്പുഴയുടെ വഴിയേയാണ്. കേരളത്തിലെ മറ്റ് നദികളും നദികളല്ലാതാകുന്നത് മലയാളിയുടെ അത്യാര്‍ത്തി കാരണമാണ്. മണലും മരവും മലയാളിക്ക് ഹരമാണ്. വാരിയും വെട്ടിയും വില്‍ക്കാനായിട്ടാണ് ഈശ്വരന് കേരളത്തെ ഇത്ര പ്രകൃതിമനോഹരമാക്കിയത് എന്നാണ് മലയാളിയുടെ വിശ്വാസപ്രമാണം.
കേരളത്തിലെ എല്ലാ കായലുകളുടെയും വിസ്തൃതി കുറഞ്ഞുകഴിഞ്ഞു. നന്നേ ചുരുങ്ങിയ വേമ്പനാട്ടുകായല്‍ ദൃശ്യം പോലും അസഹനീയമായതിനാല്‍ ഇതിന്റെ മീതെ ആകാശനഗരം ഉയര്‍ത്താന്‍ പോകുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തിന്റെ തീരപ്രദേശങ്ങള്‍ സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് വരുമ്പോഴും വിനോദസഞ്ചാര വികസനം എന്ന പേരിലാണ് കടലിലേക്കുള്ള കടന്നുകയറ്റം. വയലേലകള്‍ നമുക്ക് കണ്ണിലെ കരടാണ്. വയലുകള്‍ കൃഷിചെയ്യാനുള്ളതല്ല, മറിച്ച് അവ നികത്തി ബഹുനില കെട്ടിടങ്ങളും പ്ലൈവുഡ് ഫാക്ടറികളും സ്ഥാപിക്കാനുള്ളതാണെന്ന് മലയാളി വിശ്വസിക്കുന്നു. ഊണു കഴിക്കാന്‍ അരിയോ പച്ചക്കറിയോ, കാപ്പിയോ ചായയോ കുടിക്കാന്‍ പാലോ ലഭ്യമാകാതെ തമിഴ്നാടിനെ ആശ്രയിക്കുന്ന കേരളം ശേഷിക്കുന്ന വയല്‍പ്പരപ്പും നശിപ്പിക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണ്. അതാണല്ലോ 175 കിലോമീറ്റര്‍ നീളമുള്ള കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ പോരാതെ ആറന്മുളയിലും ഒരു കമ്പനിക്കുവേണ്ടി വയലുകള്‍ നികത്തി എയര്‍പോര്‍ട്ട് കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുന്നത്.
ഇടുക്കി ജലസംഭരണിയില്‍ 10 അടി വെള്ളം മാത്രമാണുള്ളതെന്ന് ജലവിഭവവകുപ്പ് മന്ത്രി പറയുന്നു. കേരളത്തില്‍ ജലം ഒരിക്കലും ഒരു പ്രശ്നമാകാതിരുന്നത് കാലവര്‍ഷം യഥാസമയം കൃത്യമായി എത്തുന്നതിനാലാണ്. ഇന്നാകട്ടെ ഇടവപ്പാതി കഴിഞ്ഞിട്ടും കാലവര്‍ഷം കേരളതീരത്തെത്തിയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് സ്കൂള്‍ തുറക്കുന്നത് മഴയുടെ അകമ്പടിയോടെയായിരുന്നു. ഇന്ന് കുട്ടികള്‍ക്ക് കുടയും ഒരാഭരണവും അമ്മമാര്‍ക്ക് സ്റ്റാറ്റസ് സിമ്പലുമാണല്ലോ. പക്ഷേ മഴയില്ലാതെ കുട വെറും അലങ്കാരവസ്തുമാത്രമാണ്. ഇന്ന് ഇടവപ്പാതിയിലും കത്തുന്ന വെയിലാണ്. തിരുവാതിര ഞാറ്റുവേല എന്നത് ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. വനനശീകരണമാണ് കാലവര്‍ഷത്തെ തുരത്തിയത് എന്ന്പറയുമ്പോഴും ഭൂ-വനമാഫിയകള്‍ നിര്‍ബാധം നശീകരണം തുടരുന്നു. പരിസ്ഥിതിവാദികളുടെ ശബ്ദം വികസനഭേരിയില് അലിയുന്നു.
വികസനം എന്നാല്‍ ബഹുനില കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും മറ്റുമാണ്. ഇത് പണിതുയര്‍ത്തുമ്പോള്‍ തൊഴില്‍ ലഭിക്കുന്നത് അന്യസംസ്ഥാനക്കാര്‍ക്കാണ്. അന്യസംസ്ഥാനക്കാരുടെ കടന്നുകയറ്റം കേരളത്തില്‍ മയക്കുമരുന്ന്-കഞ്ചാവ്-നിരോധിത പാന്‍മസാല വ്യാപനത്തിനും കാരണമാകുന്നു. അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് പറയുമ്പോഴും കേരളത്തിലെ മാലിന്യവര്ധനക്കാണ് ഇവരും കളമൊരുക്കുന്നത്.
മാലിന്യം ഇന്ന് ഒരു ദേശീയ പ്രശ്നമാണ്. ഇന്ത്യയില്‍ ഗംഗ പോലും നാശത്തിലേക്ക് നീങ്ങുകയാണല്ലോ. കേരളത്തിലും പരിസ്ഥിതിവാദികള്‍ പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുമ്പോള്‍ സംഘടനകള്‍ മരം നടീല്‍ ഒരു ചടങ്ങാക്കുന്നു. മരങ്ങള്‍ നടുന്നു എന്നല്ലാതെ അതിന്റെ സംരക്ഷണം ആരുടെയും അജണ്ടയിലില്ല. ഈ അടുത്ത കാലത്ത് പല മരംനടീല്‍ പരിപാടികളും ഞാന്‍ കണ്ടുവെങ്കിലും ആ മരത്തൈകള്‍ വളരുന്നത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല.
കാലാകാലങ്ങളായി ടെറസ്സുകളില്‍ പച്ചക്കറിത്തോട്ടം എന്ന ആശയം പ്രചരിപ്പിക്കുമ്പോഴും ഉള്ള നിലം നശിപ്പിക്കാതെ അവിടെ ആവശ്യത്തിന് പച്ചക്കറിയോ ഫലവൃക്ഷങ്ങളോ നടാന്‍ മലയാളി തയ്യാറാകുന്നില്ല. കര്‍ക്കിടകത്തില്‍ ദശപുഷ്പം വയ്ക്കാനുള്ള ചെടികള്‍പോലും വളരാന്‍ ഇന്ന് സ്ഥലമില്ലെന്ന് ദുഃഖിക്കുമ്പോഴും ഫ്ലാറ്റ് സംസ്കാരം വളരുന്ന കേരളത്തില്‍ വരും തലമുറക്ക് പുരാതന സങ്കല്‍പ്പങ്ങള്‍ അന്യമാകുന്നു. വനസംരക്ഷണവും പ്രകൃതിസംരക്ഷണവും ജലസംരക്ഷണവും എല്ലാം സര്‍ക്കാര്‍ കാര്യങ്ങള്‍. അത് മുറപോലെ നടക്കുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നവരാണ് പുതുതലമുറ.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: