തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ വധത്തെ കുറിച്ചുള്ള അന്വേഷണത്തെ കായികമായി തടയാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സി.പി.എമ്മിന്റെ ഈ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണത്തോട് എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. ഇന്ത്യയിലെ നീതിപീഠങ്ങള്‍ സ്വതന്ത്രവും സുതാര്യവുമാണ്. കേസന്വേഷണത്തെ കായികമായി തടയാന്‍ ശ്രമിച്ചാല്‍ സര്‍ക്കാരിന് നോക്കിയിരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമവാഴ്ചയെ അംഗീകരിക്കുന്നവരാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. അതുകൊണ്ട് എല്ലാ അന്വേഷണങ്ങളോടും പൂര്‍ണമായി സഹകരിക്കണം. ടിപി വധക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കൊലയാളികളെ കൊലപ്പെടുത്തിയെന്ന എം.എം.മണി നടത്തിയ വെളിപ്പെടുത്തലുകള്‍ ഗുരുതരമാണ്. കുത്തിക്കൊന്നു വെട്ടിക്കൊന്നു വെടിവച്ചു കൊന്നു എന്നൊക്കെ ഒരാള്‍ വെളിപ്പെടുത്തിയാല്‍ അതിന്റെ പേരില്‍ നടപടി എടുക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ല.
പോളിറ്റ്ബ്യൂറോ പോലും തള്ളിപ്പറഞ്ഞ മണിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സ്വീകരിക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ പോലും മണിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. അത് യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുള്ള നിലപാടാണ്. എന്നാല്‍ കേസ് രാഷ്ട്രീയപരമാണെന്ന് വരുത്തി തീര്‍ക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. രാഷ്ട്രീയമാണെങ്കില്‍ സി.പി.ഐ മണിയെ അനുകൂലിക്കുകയല്ലേ വേണ്ടതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: