മട്ടാഞ്ചേരി: നൂറുമേനി വിജയഗാഥയില്‍ കൊച്ചി തുറമുഖത്തെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പത്താംക്ലാസ്സില്‍ പഠനത്തിന് ഇനി വിദ്യ മാത്രം. കഴിഞ്ഞവര്‍ഷത്തെ സഹപാഠികളായ അനുമോളും, മനുവും സ്കൂളില്‍ നിന്ന് വിടപറഞ്ഞിട്ടും വിദ്യാരാജന്‍ ഏകയായി തുറമുഖ സര്‍ക്കാര്‍ സ്കൂളില്‍ പത്താംക്ലാസ് പഠനം തുടരുകയാണ്. കൊച്ചി തുറമുഖ ട്രസ്റ്റ് കാന്റീന് ജീവനക്കാരന് കൊല്ലം സ്വദേശിയായ രാജന് നായരുടെ മകളാണ് കൊച്ചി തുറമുഖ ട്രസ്റ്റ് ഹൈസ്കൂളിലെ വരും വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ നൂറുമേനി വിജയം ഉറപ്പാക്കുക.
അദ്ധ്യയനവര്‍ഷത്തെ ആദ്യദിനത്തില്‍ ഏകയായി ക്ലാസ് മുറിയിലിരുന്ന് വിദ്യാരാജന്‍ പത്താംക്ലാസ് പഠനം തുടങ്ങിക്കഴിഞ്ഞു. കൊച്ചി തേവരയില്‍ താമസിക്കുന്ന വിദ്യരാജന്‍ അഞ്ചാംക്ലാസ് മുതല്‍ കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്തുള്ള വെല്ലിങ്ങ്ടണ്‍ ഐലന്റ് സര്‍ക്കാര്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. പിരദേവനങ്ങളും കഷ്ടപ്പാടുകളുമുള്ള ഐലന്റ് സര്‍ക്കാര്‍സ്കൂളില്‍ യാത്രാക്ലേശവും താണ്ടിയാണ് വിദ്യാരാജന്‍ പഠിക്കാനെത്തുന്നത്. ഒന്‍പതാം ക്ലാസില്‍ സഹപാഠികളായിരുന്നവര്‍ രക്ഷിതാക്കളുടെ താമസമാറ്റത്തെതുടര്ന്ന് സ്കൂളിനോട് വിടപറഞ്ഞു. തുടര്‍ന്ന് ഓട്ടേറെ പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും വിദ്യയിലുണ്ടായിട്ടും തുറമുഖ ട്രസ്റ്റ് ഹൈസ്കൂളിനെ കൈവിടാന്‍ വിദ്യാരാജന്‍ തയ്യാറല്ലെന്നുള്ള സമീപനമാണ് കൈക്കൊണ്ടതെന്ന് വീട്ടുകാരുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. പത്താക്ലാസ്സില്‍ ഏകയായിരുന്ന് അധ്യാപകരുടെ പ്രത്യേക നിരീക്ഷണത്തില്‍ പഠനം തുടരുവാനാണ് വിദ്യതീരുമാനിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുമേനി വിജയത്തിന്റെ ഹാട്രിക്ക് നേട്ടത്തിനിടയിലാണ് കൊച്ചിതുറമുഖട്രസ്റ്റ് ദ്വീപിലെ ഏക സര്‍ക്കാര്‍ ഹൈസ്കുളിന് വിദ്യാരാജന്‍ പത്താംക്ലാസിലെ ഏക വിദ്യാര്‍ത്ഥിയായി രക്ഷ നല്‍കിയത്. 2009-ാം വര്‍ഷം മുതലുള്ള നൂറുമേനി വിജയത്തിന്റെ കഴിഞ്ഞവര്‍ഷം നൂറ് വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. എല്ലാവരും വിജയിച്ചു. വേണ്ടത്ര സൗകര്യങ്ങളും ക്ലാസ്മുറികളുമുള്ള വെല്ലിങ്ങ്ടണ്‍ ഐലന്റ് സര്‍ക്കാര്‍ ഹൈസ്കൂള്‍ കൊച്ചി തുറമുഖ ശില്പി സര് റോബര്‍ട്ട് ബ്രിസ്റ്റോ നിര്‍മ്മിച്ചതാണ്. തുറമുഖ ട്രസ്റ്റിലെ ജീവനക്കാരുടെ മക്കള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കിയായിരുന്നു സ്കൂള്‍ നിര്‍മാണം. എല്‍പി സ്കൂളും ഹൈസ്കൂളുമടങ്ങുന്ന വലിയൊരു കോമ്പൗണ്ടില്‍ ഇപ്പോഴുള്ളത് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലായി ഓരോ ഡിവിഷനുകള്‍ മാത്രം. എല്‍കെജി സ്കൂളില്‍ നാല് ഡിവിഷനുകളില്‍ 20 പേര് പഠിക്കുമ്പോള്‍ യുപി വിഭാഗത്തില്‍ 60 പേരും ഹൈസ്കൂള്‍ വിഭാഗത്തില്‍ അഞ്ച്പേരുമാണ്. എട്ടില്‍ രണ്ട്, ഒമ്പതില്‍ രണ്ട്, പത്തില്‍ ഒന്ന് വിദ്യാരാജന്‍. ഹൈസ്കൂളിലെ ആറ് ഡിവിഷനുകളില്‍ 10-ഓളം അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും പ്രവര്‍ത്തിക്കുമ്പോള്‍ എല്‍പി സ്കൂളില്‍ പ്രധാനാദ്ധ്യപികയടക്കം നാല് അദ്ധ്യാപകര്‍ മാത്രം.
കൊച്ചി തുറമുഖട്രസ്റ്റ് ആസ്ഥാനത്ത് വിളിപ്പാടകലെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളിലെത്താന്‍ വാഹന സൗകര്യമില്ലെന്ന് അദ്ധ്യാപകര്‍ പറയുന്നു. സ്കൂളിനായി ഒരു ബസ് ഏര്‍പ്പെടുത്തിയാല്‍ ഓട്ടേറെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പ്രവേശനം തേടിയെത്തും. അടുത്തുകിടക്കുന്ന ക്ലാസ്മുറികള് സജീവമാകും. എന്നാല്‍ അധികൃതര്‍ ഇതിന് തയ്യാറാകണം, ഒരദ്ധ്യാപിക പറഞ്ഞു. പുതിയ അദ്ധ്യയന വര്‍ഷം ക്ലാസ്മുറികള് അലങ്കരിച്ച് പ്രവേശനോത്സവം ഉത്സവ പ്രതീതിയുണര്ത്തണമെന്ന് നിര്‍ദ്ദേശമുള്ളപ്പോഴും കൊച്ചി തുറമുഖത്തെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഒരു ക്ലാസ് മുറിയിലിരുന്നാണ് 20 വിദ്യാര്‍ത്ഥികള്‍ പ്രവേശനോത്സവം പരിപാടികള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: