ജീവിതത്തില്‍ മിക്കവര്‍ക്കും പലപ്പോഴും പ്രതീകോപാസന ആവശ്യമായിവരാം. ദേവത പ്രതീകമായിട്ടല്ല, എന്നാല്‍ പ്രതീകത്തിലൂടെ ആരാധിക്കപ്പെടുന്നു. പരിമിതമായ പ്രതീകത്തില്‍ എല്ലാ നാമരൂപങ്ങളുടെ പരിമിതികള്‍ക്കും അതീതമായ സര്‍വ്വവ്യാപകമായ ആത്മാവിന്റെ സാന്നിധ്യം അനുഭവിക്കുകയാണ് ലക്ഷ്യം. വിവേകാനന്ദസ്വാമികള്‍ പറയുന്നതുപോലെ ‘ബ്രഹ്മം തന്നെ ആരാധനാവിഷയമായിരിക്കെ പ്രതീകം അതിന്റെ ഒരു നിര്‍ദ്ദേശം മാത്രം.’ പ്രതീകം ആന്തരമാവാം – ആരാധകന്റെ മനസ്സ്, ബുദ്ധി, ജീവന് എന്നപോലെ അല്ലെങ്കിലത് ബാഹ്യമാവാം- സൂര്യന്,ആകാശം, അഗ്നി, ഓംകാരംപോലുള്ള ശബ്ദപ്രതീകം എന്നിവ. ശരിയായ രീതിയില്‍ ധ്യാനിക്കുന്നതായാല് ഒരേ ആത്മാവ് ആന്തരവും ബാഹ്യവുമായ നിലനില്പിന്റെ മണ്ഡലങ്ങളെ വ്യാപിച്ച് അതിവര്‍ത്തിക്കുന്നതായി അവസാനം കാണാറാകുന്നു.
മേല്പറഞ്ഞ പ്രതീകങ്ങളിലൂടെയുള്ള ആരാധന വിഷമമാണെന്നു തോന്നുന്നവര്‍ക്ക് പ്രതിമാപൂജയില്‍നിന്ന് തുടങ്ങേണ്ടതാവശ്യമാണ്. എന്നാലിലിവിടെയും വിഗ്രഹത്തെ ഈശ്വരന്റെ അഥവാ പരമാത്മാവിന്റെ പ്രതീകമായി ആരാധിക്കേണ്ടതാവശ്യമാണ്. വിവേകാനന്ദസ്വാമികള്‍ പറയുന്നതുപോലെ ‘വിഗ്രഹം ഒരു ദേവതയുടെതോ പൂണ്യാത്മാവിന്റെയോ ആണെങ്കില്‍ ആരാധനകൊണ്ട് മുക്തി ലഭിക്കുന്നില്ല; എന്നാല്‍ അത് ഏകനായ ഈശ്വരനെ സൂചിപ്പിക്കുന്നുവെങ്കില്‍ ആ ആരാധനകൊണ്ട് മുക്തിയും ലഭിക്കും.
ഭാരതത്തില്‍ കൊല്ലത്തിലൊരിക്കല് ദുര്‍ഗ്ഗയെ അല്ലെങ്കില്‍ ഗണപതിയെ ഒരു മണ്പ്രതിമ ഉപയോഗിച്ച് ആരാധിക്കുന്നു. ഉത്സവത്തിന്റെ അവസാനത്തില്‍ വിഗ്രഹങ്ങളെ ഒരുപുഴയിലോതടാകത്തിലോ ആഴ്ത്തുന്നു. ഒരിക്കല്‍ ദക്ഷിണേശ്വരം കാളീക്ഷേത്ര നിര്‍മ്മാതാവായ റാണി രാസമണിയുടെ ജാമാതാവായ മഥുരന്ന് ദുര്‍ഗ്ഗാപൂജക്ക് ശേഷം വിഗ്രഹം ഉപേക്ഷിക്കാന്‍ മനസ്സുവന്നില്ല. താന്‍ അതിഭക്തിയോടെ പലദിവസമായി പൂജിച്ചുവന്ന വിഗ്രഹം പുഴയിലെറിയുന്നത് ആലോചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം പൊട്ടി. ആരും വിഗ്രഹം തൊട്ടുപോകരുതെന്ന് കല്പനകൊടുത്ത് അദ്ദേഹം ഒരു കുട്ടിയെപോലെ വാശിപിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളും ഉദ്യോഗസ്ഥന്മാരും ശ്രീരാമകൃഷ്ണന്റെയടുത്തു സഹായത്തിനോടി. ഗുരുദേവന് വന്ന് മഥുരനോടു ചോദിച്ചു: ‘അമ്മ വിഗ്രഹത്തില്‍ പ്രതിഷ്ഠിച്ച് ഈ മണ്‍വിഗ്രഹം നീ ഉപേക്ഷിക്കാത്തതെന്ത്?’ ദേവി സദാ തന്റെ ഹൃദയത്തില്‍ വസിക്കുന്നു എന്ന ചിന്തയുദിച്ചപ്പോള്‍ മഥുരബാബു പതിവുപോലെ സ്വസ്ഥനായി. വിഗ്രഹം പുഴയിലൊഴുക്കുന്ന കര്‍മ്മം ശരിക്കു നടന്നു. ഈ ചെറിയ സംഭവം ഹിന്ദുക്കളുടെ വിഗ്രഹാരാധനയുടെ താത്പര്യം ക്ഷണിക്കുന്നു.
ഈശ്വരനൊന്ന്, പക്ഷേ അവിടുത്തെ ഭാവങ്ങള്‍ പലത്, അവിടുത്തെ പൂര്‍ണ്ണതയിലും, മഹിമയിലും നമുക്കാരാധിക്കാന് സാധിക്കാത്തതുകൊണ്ട് നാം ഈശ്വരന്റെ ഏതെങ്കിലും ഒരു ഭാവം സ്വീകരിക്കുന്നു. ശിവന്, വിഷ്ണു അഥവാ ദിവ്യശക്തി എന്നീ വ്യക്തിരൂപങ്ങളില് അവിടുത്തെ സമീപിക്കുന്നതിനും നമുക്ക് ഭൗതികമോ വാചികമോ മാനസികമോ ആയ പ്രതീകങ്ങളുടെ ആവശ്യമുണ്ട്. അവ ഒന്നിച്ചോ കൂട്ടായോ സ്വീകരിക്കാം. പ്രതീകമല്ല സത്യം. ആശയബന്ധം വഴി ഈശ്വരനെ സ്മരിക്കാനുള്ള ഒരുപായം മാത്രമാണത്.
അദ്ധ്യാത്മജീവിതത്തില്‍ ആരംഭദശയിലെ ഒരു സാധകന് ഭൗതികപ്രതീകമായി ഒരു ദേവതയെ അല്ലെങ്കില്‍ ഒരു യന്ത്രത്തെ സ്വീകരിക്കാം. മുന്നോട്ടുപോകുമ്പോള്‍ ഈ ഭൗതികസഹായം ഉപേക്ഷിച്ച് ദിവ്യചിന്ത ഉദിപ്പിക്കുന്ന ശബ്ദപ്രതീകം (മന്ത്രം) സ്വീകരിക്കാം. വീണ്ടും മുന്നോട്ടുപോയി ഭൗതികശാബ്ദപ്രതീകങ്ങള് വേണ്ടെന്നുവച്ച് ശാന്തമായും നിശ്ശബ്ദമായും ചിന്താമണ്ഡലത്തില്‍ മാനസപൂജചെയ്യാം. ഈശ്വരസ്മരണ ഉദിക്കുന്ന മാത്രയില്‍ ആരാധകനും ആരാധ്യദേവതയും തമ്മിലുള്ള വ്യത്യാസം മുഴുവന്‍ കാണാതാകുന്നവിധം അനന്തമായ നിലനില്പിന്റെ സമുദ്രത്തില്‍ ഒരു ഉപ്പുപാവപോലെ തന്റെ ചെറിയ അഹത്തെ ലയിപ്പിക്കാമെങ്കില്‍ ഇത്തരം മാനസപൂജയും അയാള്ക്കപേക്ഷിക്കാം.
നമ്മുടെ വീക്ഷണം പരിമിതമാണ്. നാം കാണുന്നതൊക്കെ ഈ പരിമിതിയുടെ നിറം കലര്‍ന്നതാണ്. നാം കാണുന്നത് ശുദ്ധ പ്രകാശമല്ല. ഒരു പ്രതിഫലനം മാത്രം. അതും ഒരു പ്രത്യേക പരിധിക്കുള്ളില്‍മാത്രം. നമ്മുടെ ബുദ്ധിയും ഇതേ മാതിരി ഉപാധികളാല്‍ പരിമിതമായിരിക്കുന്നു. പരമസത്യത്തെ നമുക്ക് നേരിട്ട് മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. ശങ്കരാചാര്യര്‍ പറയുന്നതുപോലെ കാലം, ദേശം, നിമിത്തം എന്നിങ്ങനെ മനസ്സിനെ പരിമിതപ്പെടുത്തുന്ന ഉപാധികളിലൂടെ അറിയുന്നതാണ് നാമറിയുന്നത്. ഓരോ കാഴചയും മനസ്സിന്റെ തിരകളാലും രൂപങ്ങളാലും നിറം കൊടുക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ നാം സത്യത്തെ ഒരേ സമയം കാണിക്കുകയും മറയ്ക്കുകയും ചെയ്യുന്ന പ്രതീകങ്ങളുടെ മണ്ഡലത്തില്‍ ബദ്ധരാക്കപ്പെട്ടിരിക്കുന്നു.
എന്നാല്‍ നാം ഒന്നോര്‍ക്കണം. പ്രതീകങ്ങള്‍ പലതുണ്ട്. സത്യമായതും മിഥ്യയായതും. മരുഭൂമിയിലെ മരീചിക കാഴ്ചയില്‍ വെള്ളമാണെന്നു തോന്നും. എന്നാല്‍ അത് വെള്ളവുമായി ഒരു ബന്ധമില്ലാത്ത മോഹിപ്പിക്കുന്ന മായാപ്രകടനം മാത്രമാണ്. അതേ സമയം തിരയെ സമുദ്രത്തിന്റെ ശരിയായ ഒരു പ്രതീകമായി സ്വീകരിക്കാം. അത് സമുദ്രത്തില്നിന്നുദ്ഭവിക്കുന്നു. സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ ലയിക്കുന്നു. സമുദ്രംപോലെ അതും ജല നിര്‍മ്മിതമാണ്.
എന്നുമാതമല്ല, ഉയര്‍ന്നതും താഴ്ന്നതുമായ പ്രതീകങ്ങളുണ്ട്. ഒരു വാക്കിലെ അക്ഷരങ്ങള്‍ ഒരു നാമത്തിന്റെ ശബ്ദപ്രതീകമാണ്. ആ നാമം ഒരു മാനസരൂപത്തിന്റെ പ്രതീകമാണ്. ആ രൂപം ചിന്താക്രിയയുടെ പ്രതീകമാണ്. ആ ചിന്ത അതു പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മേല്പറഞ്ഞപോലെ പരോക്ഷമായിമാത്രം പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സത്യത്തിന്റെ പ്രതീകമാണ്. അങ്ങനെ സത്യത്തിനും അതിന്റെ പ്രകടരൂപത്തിന്നും തമ്മില്‍ നിരവധി പ്രതീകപ്രക്രിയകള് ഉത്ഭവിക്കുന്നു. ഈ നിഗൂഡരഹസ്യം ഇന്ത്യയില്‍ പണ്ടുപണ്ടേ ഗ്രഹിക്കപ്പെട്ടു. അതുകൊണ്ടാണ് പലതരത്തിലുള്ള പ്രതീകാരാധന ഇന്ത്യയില്‍ വളര്‍ന്നിട്ടുള്ളതും അനുവദിച്ചിട്ടുള്ളതും. ജ്ഞാനികള്‍ ഇടയ്ക്കുള്ള ഉപാധികളെയെല്ലാം മുറിച്ച് സത്യത്തിന്റെ സാരംശത്തിലേക്ക് തുളച്ചുകയറി. അത്രതന്നെ കഴിവില്ലാത്ത സാധകര്‍ക്ക് നോക്കിനടക്കുന്നതിനായി തങ്ങളുടെ കാലടിപ്പാടുകള്‍ പിന്നില്‍ അവശേഷിപ്പിച്ചു.
ഹിന്ദുമതം പ്രതീകങ്ങളുടെയും ദേവതകളുടെയും ആരാധന സാധാരണമാണ്. നാമിവിടെ ഈശ്വരനെ ഏതെങ്കിലും ഒരു ഭാവത്തില്‍ സാക്ഷാത്കരിക്കുന്നതിനായി വൈദികകാലം മുതല്‍ ഇന്നേവരെ ആരാധിക്കാനും ധ്യാനിക്കാനും പ്രതീകങ്ങളെയും ദേവതകളെയും ഉപയോഗിച്ചുവരുന്നു.
– ശ്രീ യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: