ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ഹാമിദ് അന്‍സാരി സച്ചിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയില്‍ ദൈവനാമത്തിലായിരുന്നു സച്ചിന് സത്യവാചകം ചൊല്ലിയത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉപരാഷ്ട്രപതി സച്ചിനും ഭാര്യയ്ക്കും ചേമ്പറില്‍ ചായസല്‍ക്കാരവും ഒരുക്കിയിരുന്നു. കായികരംഗത്ത് നിന്ന് രാജ്യസഭയില്‍ അംഗമാകുന്ന ആദ്യ വ്യക്തിയാണ് സച്ചിന് തെണ്ടുല്‍ക്കര്‍. ഭാര്യ അഞ്ജലിക്കൊപ്പമായിരുന്നു സച്ചിന് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. രാവിലെ ഐപിഎല്‍ മുന്‍ മേധാവിയും കോണ്‍ഗ്രസ് എംപിയുമായ രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹത്തിന്റെ കാറിലായിരുന്നു സച്ചിനും ഭാര്യയും പാര്‍ലമെന്റിലെത്തിയത്.
പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റില്‍ വാഹനത്തില്‍ നിന്നിറങ്ങിയ സച്ചിനെയും ഭാര്യയെയും മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. നൂറാം സെഞ്ചുറി നേടിയതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കുമോ പാര്‍ലമെന്റിലെ പ്രവര്‍ത്തനമെന്ന ചോദ്യത്തിന് ഒരുപാട് വര്‍ഷമുണ്ടല്ലോയെന്നും കാര്യങ്ങള്‍ ഒക്കെ പഠിക്കട്ടെയെന്നുമായിരുന്നു സച്ചിന്റെ മറുപടി.
മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രധാനവാതിലില്‍ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സച്ചിന് തയാറായി. ക്രിക്കറ്റിനെ മാത്രമല്ല മറ്റ് കായികമേഖലയെയും പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സച്ചിന് പറഞ്ഞു. ഇതിന് ഭരണകര്‍ത്താക്കളില്‍ നിന്നും പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ആവശ്യമാണ്. ക്രിക്കറ്റിലുപരി മൊത്തം കായിക മേഖലയ്ക്കും സംഭാവന നല്കിയ ഒരാളായി ഓര്‍മിക്കപ്പെടാനാണ് തനിക്ക് താല്പര്യം. എന്നാല്‍ ക്രിക്കറ്റ് മൂലമാണ് താന്‍ രാജ്യസഭയില്‍ പോലുമെത്തിയത്. അതുകൊണ്ടുതന്നെ ക്രിക്കറ്റിനെ മാറ്റിവെയക്കാന്‍ കഴിയില്ലെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റംഗമെന്ന പദവി വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്നും സച്ചിന് പറഞ്ഞു.
ഏപ്രിലിലാണ് സച്ചിനെ രാജ്യസഭാംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. സച്ചിനൊപ്പം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ബോളിവുഡ് നടി രേഖ, വ്യവസായി അനു ഗാഗ എന്നിവര്‍ കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. സച്ചിന്റെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഐ.പി.എല്‍ മത്സരങ്ങളുടെ തിരക്കിലായതിനാലാണ് സച്ചിന്റെ രാജ്യസഭാ പ്രവേശനം വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: