കൊല്ലം: ഓസ്ട്രേലിയയിലേക്കു മനുഷ്യക്കടത്തിനായി എത്തിച്ച 150ഓളം ശ്രീലങ്കന്‍ തമിഴ് വംശജര്‍ അറസ്റ്റിലായി. കൊല്ലത്ത് കാവനാടു കടവില്‍ നിന്നും പോലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. സംശയസാഹചര്യത്തില്‍ ശ്രീലങ്കക്കാരെ കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പിടിയിലായവരില്‍ ഭൂരിപക്ഷം പേരും വിവിധ ശ്രീലങ്കന്‍ ക്യാംപുകളില്‍ നിന്നെത്തിയവരാണ്. അടുത്തിടെ ജാഫ്നയില്‍ നിന്നെത്തിയവരും കൂട്ടത്തിലുണ്ട്. 19 സ്ത്രീകളും 22 കുട്ടികളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് 14 ശ്രീലങ്കന്‍ വംശജരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. കൂടുതല്‍ പേര് ബോട്ടില്‍ പുറപ്പെട്ടിട്ടുണ്ടെന്ന വിവരം ഇവരില്‍ നിന്നു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും പൊലീസും തെരച്ചില്‍ വ്യാപകമാക്കി. പരിശോധനയില്‍ കൊല്ലം തീരത്തു കൂടി ബോട്ടില്‍ 140ഓളം പേരെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായി കണ്ടെത്തി.
പോലീസിനെ കണ്ടതോടെ ബോട്ട് ഡ്രൈവറും മറ്റു നാലു പേരും കടലില്‍ച്ചാടി രക്ഷപെട്ടു. ബാക്കിയുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്ത് എ.ആര്. ക്യാംപിലെത്തിച്ചു. 18 ദിവസം കൊണ്ട് ഓസ്ട്രേലിയയില്‍ എത്തിക്കാമെന്നായിരുന്നു ഏജന്റ് ഇവരോടു പറഞ്ഞിരുന്നത്. 6,000 കിലോമീറ്റര്‍ ബോട്ടില്‍ സഞ്ചരിച്ച ശേഷം കപ്പിലിലേക്കു മാറ്റുമെന്നും ഏജന്റ് പറഞ്ഞതായി പിടിയിലായവര്‍ മൊഴി നല്കി.
ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് ഇവരില്‍ നിന്നും ഏജന്റുമാര്‍ വാങ്ങിയിരുന്നത്. ബോട്ടുകാണിച്ചുകൊടുത്തശേഷം ഏജന്റുമാര്‍ മുങ്ങിയതായും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: