തൃശൂര്‍: ബ്രാഹ്മണ കുടുംബങ്ങളിലെ രുചിക്കൂട്ടുകള്‍ പൊതുസമൂഹത്തിനു സമ്മാനിച്ച പാചക വിദഗ്ധന്‍ അമ്പി സ്വാമി (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് എം.ജി. റോഡിലെ ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍ നടക്കും. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു എം.എസ്. കൃഷ്ണയ്യര്‍ എന്ന അമ്പി സ്വാമിയുടെ അന്ത്യം.
നിരവധി സ്കൂള്‍ യുവജനോത്സവങ്ങള്‍ക്ക് അമ്പി സ്വാമി സദ്യയൊരുക്കിയിട്ടുണ്ട്. വിശേഷ ദിവസങ്ങളില്‍ സദ്യക്കിറ്റുകള് ജനകീയമാക്കിയതും അമ്പി സ്വാമിയായിരുന്നു. പാലട പ്രഥമന്റെ കീര്‍ത്തി ലോകമെങ്ങുമെത്തിച്ചതും അമ്പി സ്വാമിയായിരുന്നു. ഇന്ന് നടക്കാനിരുന്ന സദ്യവട്ടങ്ങളുടെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചശേഷം ഉറങ്ങാന്‍ കിടന്ന അമ്പിസ്വാമിക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
കാരിക്കത്ത് ലയിനില്‍ ഡി.സി.സി. ഓഫീസിനു പിന്നിലുള്ള വീട്ടില്‍ നിന്ന് ഉടനെ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരളീയ സദ്യയുടെ ബ്രാന്‍ഡ് അമ്പാസഡറായാണ് അമ്പി സ്വാമി അറിയപ്പെട്ടിരുന്നത്. അച്ഛന് മാണിക്യത്തില്‍ നിന്ന് പാചകകലയില്‍ പരിചയം നേടിയ അദ്ദേഹം പിന്നീട് മലയാളിയുടെ രുചിക്കൂട്ടുകള്‍ക്ക് നവ്യാനുഭവം നല്‍കുകയായിരുന്നു.
വിദേശമലയാളികള്‍ക്കു പോലും സദ്യവട്ടങ്ങളൊരുക്കാന്‍ അമ്പി സ്വാമി പോയിട്ടുണ്ട്. അവസാനസമയം വരെ സദ്യയൊരുക്കിയിട്ടാണ് അദ്ദേഹം വിട വാങ്ങിയത്. ഭാര്യ: നാരായണിയമ്മാള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: