ആലുവ: ആലുവാപ്പുഴയ്ക്ക് കുറുകെ 11 ബാലികാബാലന്മാര് നീന്തിക്കയറി. ഇന്നലെ രാവിലെ 7 മണിക്ക് ആലുവ മണപ്പുറത്ത് എംഎല്‍എ അന്‍വര്‍ സാദത്ത് ഈ സാഹസിക നീന്തല്‍ യജ്ഞം ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പെരിയാറിന്റെ ഏറ്റവും വീതികൂടിയ ഭാഗത്തുകൂടി ഓളങ്ങളെ മുറിച്ച് കുഞ്ഞുങ്ങള്‍ കയങ്ങള്‍ക്കു മീതെ നീന്തി.
പെരിയാറിനെ കീഴടങ്ങി മറുകരയെത്തിയ സാഹസികരായ കുഞ്ഞുതാരങ്ങളെ ആലുവ മുനിസിപ്പല്‍ ചെയര്മാന് എം.ടി.ജേക്കബ്ബ് ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമി കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി. കൗണ്‍സിലര്‍ കെ.വി.സുധാകരന് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
നിരവധിപേരുടെ മരണത്തിനിടയാക്കിയിട്ടുള്ള 30 അടിയില്‍ പരം ആഴമുള്ള മണല്ക്കയങ്ങളെ മറികടന്നാണ് കുട്ടികള്‍ പുഴനീന്തിക്കടന്നത്. മുഖ്യപിരിശീലകന് സജിതോമസ് മറ്റു പരിശീലകരായ ഡോ.എ.ജെ.ജോഷ്വാ, സുനില്‍ കുമാര്‍, ഷിബു, ഷംനാസ് എന്നിവര്‍ കുട്ടികളോടൊപ്പം സുരക്ഷാവലയം തീര്‍ത്ത് തുഴഞ്ഞു.
സെന്റ് ജോണ്‍ ദ ബാപിസ്റ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ സ്റ്റെയിന്‍സ് ജോര്‍ജ് ബെന്നി (13), അലന് എക്സ്. തോമസ്(11), ജെറിന് സജി (9), ജ്യോതിനിവാസ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ സാംജോര്‍ജ് മാത്യു (14), ജോജോജോയല് (12), വിദ്യാധിരാജ വിദ്യാഭവന് സ്കൂള്‍ വിദ്യാര്‍ത്ഥികളായ അക്ഷയ്.വി(17), മെറിന് സജി (14), രാജശ്രീ സ്കൂള്‍ വിദ്യാര്‍ത്ഥികളായ പ്രവീണ്‍ കലാധരന്‍ (12), ജയറാം (14), ശിവഗിരിസ്കൂള് വിദ്യാര്‍ത്ഥിനി പാര്‍വതി വി.എസ്(11), പാലക്കാട് ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥി വിഷണു വാസുദേവ് (14) എന്നിവരാണ് പുഴ നീന്തിക്കയറിയ കുട്ടികള്‍.
സ്പീഡ്ബോട്ടില്‍ സുരക്ഷാ സംവിധാനങ്ങളുമായി ഫയര്‍ഫോഴ്സ് ഇവരെ അനുഗമിച്ചു. സ്റ്റേഷന് ഓഫീസര്‍ എസ്.കെ.ബിജുമോന്റെ നേതൃത്വത്തില്‍ അബ്ദുള്‍ സലാം, സന്തോഷ്, ജോണി.എന്‍എ എന്നീ ഫയര്‍ ഓഫീസര്‍മാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയത്. ആലുവ പ്രിന്‍സിപ്പല്‍ എസ്ഐ അനൂപ് സി.നായരുടെ നേതൃത്വത്തില്‍ എസ്ഐ വിജയകുമാര്‍, ഷാജി തുടങ്ങിയ പോലീസുദ്യോഗസ്ഥര്‍ ഈ സാഹസികയജ്ഞത്തിന് മോല്‍നോട്ടം വഹിച്ചു. വാളശ്ശേരി റിവര്‍ സ്വിമ്മിംഗ് ക്ലബ്ബാണ് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: